''ഓക്സ്ഫോർഡ് വാക്സിൻ സുരക്ഷിതമാണ്. ഫൈസർ വാക്സിൻ സുരക്ഷിതമാണ്. സുരക്ഷിതമല്ലാത്തത് കോവിഡ് ബാധിക്കുക എന്നതുമാത്രം.'' ഇന്ന് ഓക്സ്ഫോർഡ് വാക്സിൻ സ്വീകരിക്കുമെന്നറിയിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞതാണിത്. ഓക്സ്ഫോർഡ് -അസ്ട്രാസെനകാ വാസ്‌കിനിലെ രാഷ്ട്രീയം മുറുകുമ്പോഴും ബ്രിട്ടനിലേയും യൂറോപ്യൻ യൂണിയനിലേയും ഔഷധങ്ങൾക്ക് അംഗീകാരം നൽകേണ്ട ഏജനിസികൾ പറയുന്നു ഓക്സ്ഫോർഡ് വാക്സിൻ തീർത്തും സുരക്ഷിതമാണെന്ന്. വാക്സിന്റെ ഗുണങ്ങൾ പരിഗണിക്കുമ്പോൾ അതിന്റെ പാർശ്വഫലങ്ങൾ അവഗണിക്കാൻ മാത്രമേയുള്ളു എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഈ സാഹചര്യത്തിലാണ് ബോറിസ് ജോൺസൺ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.

ഏതായാലും യൂറോപ്യൻ മെഡിസിൻസ് ഏജൻസി ഈ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ജർമ്മനി, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, നെതർലൻഡ്സ്, പോർച്ചുഗൽ, ലിത്വാനിയ, ലാറ്റ്‌വിയ, സോൾവേനിയ, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങൾ വാക്സിൻ നൽകുന്നത് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇറ്റലിയായിരുന്നു വാക്സിൻ നിരോധിച്ചുകൊണ്ടുള്ള മുൻനിലപാടിൽ നിന്നും തകിടം മറിഞ്ഞ ആദ്യ യൂറോപ്യൻ രാജ്യം. എന്നാലും സ്വീഡനും നോർവേയും നിരോധനം തുടരാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

സെറിബ്രൽ സൈനസ് വീനസ് ത്രോംബോസിസ് എന്ന പ്രത്യേകതരം രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് കോവിഡ് വാക്സിൻ എടുത്തവരിൽ കണ്ടെത്തിയത്. ഇത് വാക്സിൻ മൂലമാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെ എന്നത് മറ്റൊരു കാര്യം. എന്നിരുന്നാൽ കൂടി 2.2 ദശലക്ഷം ആളുകൾ വാക്സിൻ എടുക്കുമ്പോൾ അതിൽ ഒരാൾക്കാണ് ഈ അവസ്ഥ കാണപ്പെടുന്നത്. ഒരു ഉൽക്കാവർഷത്തിൽ പോലും 7 ലക്ഷം പേരോളം മരണമടയാൻ ഇടയുണ്ടെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ലീഡ്സിലെ ജ്യോതിശാസ്ത്രജ്ഞബ്ബ പ്രൊഫസർ അലൻ ഹാരിസ് പറയുന്നത്. അപ്പോഴാണ് ഇത്രയും നിസാരമായ ഒരു മരണനിരക്ക് ഊതിപ്പെരുപ്പിച്ച്, കൂടുതൽ അപകടങ്ങൾ വരുത്തിവയ്ക്കുന്നത്.

എന്താണ് സെറിബ്രൽ സൈനസ് വെയിൻ ത്രോംബോസിസ് അഥവാ സി എസ് വി ടി ?

തലച്ചോറിലെ എൻഡോസ്റ്റീൽ, മെനിഞ്ചൽ ലയറുകൾക്കിടയിൽ കാണപ്പെടുന്ന ധമനികളുടെ ചാനലുകളാണ് ഡ്യുറൽ വീനസ് സൈനസ് അല്ലെങ്കിൽ സെറിബ്രൽ സൈനസ് എന്നറിയപ്പെടുന്നത്. സെറിബ്രൽ ധമനികളിൽ നിന്നും രക്തവും, സബ്ആർക്കനോയ്ഡ് സ്പേസിൽ നിന്നും ആർക്ക്നോയ്ഡ് ഗ്രാന്യുളുകൾ വഴി സെറിബ്രോസ്പൈന സ്രവവും സ്വീകരിച്ച് ഇന്റേണൽ ജുഗുലാർ ധമനിയിൽ എത്തിക്കുക എന്നതാണ് ഇവയുടെ ധർമ്മം. വിവിധ കാരണങ്ങളാൽ ഇവയി രക്തം കട്ടപിടിക്കുന്ന അവസ്ഥയെയാണ് സെറിബ്രൽ സൈനസ് വെയിൻ ത്രോംബോസിസ് എന്നു പറയുന്നത്.

സാധാരണ തലവേദനയായി തുടങ്ങി അത് ദിവസങ്ങൾ കഴിയുന്തോറും വർദ്ധിച്ചു വരും. ഇതാണ് സി എസ് വി ടിയുടെ പ്രധാന ലക്ഷണം. ചില സമയത്ത് ഈ തലവേദന വളരെ പെട്ടെന്ന് തന്നെ മൂർഛിക്കാനും ഇടയുണ്ട്. കിലർക്ക് വിരലുകൾ ചലിപ്പിക്കാൻ ആകാതെ വരിക, മുഖത്തിന്റെ ഒരു ഭാഗം കോടിപ്പോവുക, സംസാരിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. ആർക്കും ഇതു വരാമെങ്കിലും സ്ത്രീകളിലാണ് ഇത് പുരുഷന്മാരിലേതിലും അധികമായി കാണപ്പെടുന്നത്.

ഇത് പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. സ്ത്രീകളിൽ സാധാരണ ഗർഭകാലത്തും, പ്രസവം കഴിഞ്ഞ് ഉടനെയുള്ള സമയത്തും ഇത് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രോട്ടീൻ സി, പ്രോട്ടീൻ എസ് ആന്റിത്രോംബിൻ തുടങ്ങിയവയുടെ കുറവ് ഇതിന് ഒരു കാരണമായേക്കാം. അതുപോലെ വൃക്കകൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോൾ, മൂത്രത്തിൽ കൂടി പ്രോട്ടീൻ നഷ്ടം സംഭവിക്കുന്നതിനാലും സി എസ് വി ടിക്ക് സാധ്യതയുണ്ട്. പോളെസൈതെമിയ പോലുള്ള രക്തസംബന്ധമായ വൈകല്യങ്ങൾ, മെനിഞ്ചിറ്റിസ്, ചെവിയിലേയും മൂക്കിലേയും തൊണ്ടയിലേയും അണുബാധ എന്നിവയൊക്കെ ഇത്തരത്തിലുള്ള രക്തംകട്ടപിടിക്കലിന് ഇടയാക്കിയേക്കാവുന്ന കാരണങ്ങളാണ്.

കുറഞ്ഞ രക്തസമ്മർദ്ദം, കാൻസർ, വാസ്‌കുലാർ രോഗങ്ങൾ തുടങ്ങിയവയുള്ളവർക്ക് സി എസ് വി ടി എന്ന അവസ്ഥ വരുവാൻ സാധ്യത കൂടുതലാണ്. തലയ്ക്ക് സംഭവിക്കുന്ന ക്ഷതവും ചിലപ്പോൾ ഇതിനു കാരണമായേക്കാം. വാക്സിൻ എടുത്തവരിൽ കണ്ടെത്തിയ രക്തം കട്ടപിടിക്കൽ വാക്സിൻ മൂലമാണെന്ന് തെളിഞ്ഞിട്ടില്ല. മാത്രമല്ല, ഇവരുടെ നിരക്ക്, വാക്സിൻ എടുക്കാത്തവരിൽ ഉള്ള സി എസ് വി ടി ഉള്ളവരുടേതിനു സമമാണ് താനും. അതുകൊണ്ടുതന്നെ വാക്സിൻ ആണ് ഇതിന്റെ കാരണം എന്നു പറയാനാവില്ല.

മാത്രമല്ല, ദശലക്ഷക്കണക്കിന് ആളുകൾ വാക്സിൻ എടുക്കുമ്പോഴാണ് ഒരാൾ ഇത്തരത്തിൽ രക്തം കട്ടപിടിച്ചു മരിക്കുന്നത്. എന്നാൽ, വാക്സിൻ ഒഴിവാക്കിയാൽ കോവിഡ് മൂലമുണ്ടാകാൻ ഇടയുള്ള മരണത്തിന്റെ നിരക്ക് ഭയാനകമായിരിക്കും.