- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലെ വാക്സിനേഷൻ വൈകാൻ കാരണം ഇന്ത്യ; മാർച്ച് 29 മുതൽ ബുക്ക് ചെയ്തവർക്ക് കാത്തിരിക്കേണ്ടി വരും; ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്കായി പ്രത്യേക ചർച്ചകൾ; ഇന്ത്യയുടെ സിറം ഇൻസ്റ്റിറ്റിയുട്ട് ബ്രിട്ടനിൽ ചൂടേറിയ ചർച്ചയിൽ
ഇന്ത്യയിൽ നിന്നുള്ള വാക്സിൻ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങൾ നീക്കുന്നതിനെ കുറിച്ച് ഇന്ത്യയും ബ്രിട്ടനും തമ്മിൽ രഹസ്യ ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. നിലവിൽ അതിവേഗം മുന്നോട്ടുപോകുന്ന വാക്സിൻ പദ്ധതി, ഇന്ത്യയിൽ നിന്നുള്ള അമ്പത് ലക്ഷം വാക്സിൻ ഡോസുകൾ വൈകുമെന്നതിനാൽ അടുത്ത മാസം അൽപം മന്ദഗതിയിലാകുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് എം പിമാരോട് പറഞ്ഞു. സീറം ഇൻസ്റ്റിറ്റിയുട്ട് നിർമ്മിക്കുന്ന, അസ്ട്രാസെനെകയുടെ വാക്സിനാണ് ഇന്ത്യയിൽ നിന്നും ബ്രിട്ടനിലെത്താനുള്ളത്.
എന്നാൽ, വരുന്ന ജൂലായ് അവസാനത്തോടെ ബ്രിട്ടനിലെ മുതിർന്നവർക്കെല്ലാം വാക്സിൻ നൽകുക എന്ന പദ്ധതിയെ ഈ കാലതാമസം ബാധിക്കുകയില്ലെന്നും ഹെൽത്ത് സെക്രട്ടറി ഉറപ്പിച്ചു പറഞ്ഞു. അതുപോലെ ലോക്ക്ഡൗൺ നീട്ടാനും ഇത് ഇടയാക്കുകയില്ല. അതേസമയം, ഇന്ത്യൻ സർക്കാർ, വാക്സിൻ കയറ്റുമതി താത്ക്കാലികമായി തടഞ്ഞിരിക്കുന്നു എന്ന് സീറം ഇൻസ്റ്റിറ്റിയുട്ട് അറിയിച്ച കാര്യം സർക്കാർ നിഷേധിക്കുന്നുമില്ല. ഇന്ത്യൻ സർക്കാരിന്റെ സമ്മതമില്ലാതെ, ഇനി വാക്സിൻ ബ്രിട്ടനിലേക്ക് പോവുകയില്ലെന്ന് ഇൻസ്റ്റിറ്റിയുട്ട് സി ഇ ഒ ആദർ പൂനാവാല പറഞ്ഞിരുന്നു.
വാക്സിന് ക്ഷാമമില്ലെന്നും, ഒരു നിശ്ചിത സമയ പരിധിയിൽ ഒരു നിശ്ചിത അളവ് വാക്സിൻ ബ്രിട്ടന് നൽകണമെന്ന കരാറും ഇല്ലെന്നു പറഞ്ഞ പൂനാവാല, തങ്ങൾ ഞങ്ങൾക്ക് കഴിയാവുന്ന ഒരു സഹായം ചെയ്യുകമാത്രമായിരുന്നു എന്നും പറയുന്നു. നേരത്തേ ഇന്ത്യൻ സർക്കാരിന്റെ അനുമതി പ്രകാരം അമ്പത് ലക്ഷം ഡോസുകൾ ബ്രിട്ടന് നൽകിയിരുന്നു. ഇനി, ഇന്ത്യയിലെ ആവശ്യകതയനുസരിച്ച് കേന്ദ്രസർക്കാർ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടന് വാക്സിൻ നൽകണമെന്ന കരാറൊന്നും സീറം ഇൻസ്റ്റിറ്റിയുട്ടിനില്ല. ഒരിക്കൽ സഹായിച്ചു എന്നു മാത്രം. എന്നാൽ, ഇപ്പോൾ ഇന്ത്യൻ സർക്കാർ മുൻഗണന നൽകുന്നത് രാജ്യത്ത് ആവശ്യമായ തോതിൽ വാക്സിൻ ലഭ്യമാക്കുവാനും, മറ്റ് ദരിദ്ര രാഷ്ട്രങ്ങളിൽ വാക്സിൻ എത്തിക്കുവാനുമാണ്. ഈ യാഥാർത്ഥ്യങ്ങളൊക്ക് മറച്ചുവച്ചുകൊണ്ട്, അമിത ആത്മവിശ്വാസത്തിൽ നടത്തിയ പ്രഖ്യാപനങ്ങളാണ് ഇപ്പോൾ മാറ്റ് ഹാൻകൊക്കിനെയും സർക്കാരിനെയും വെട്ടിലാക്കിയിരിക്കുന്നത്. കൂനിന്മേൽ കുരു എന്നപോലെ ഇന്ത്യൻ സർക്കാർ വാക്സിൻ കയറ്റുമതി തടഞ്ഞിട്ടില്ലെന്ന് കഴിഞ്ഞദിവസം ബോറിസ് ജോൺസൺ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതേസമയം, നരേന്ദ്ര മോദി സർക്കാരുമായി നയതന്ത്ര തലത്തിലുള്ള ചില ചർച്ചകൾ ഇക്കാര്യത്തിൽ ആരംഭിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രോത്സാഹജനകമായ ഫലങ്ങളാണ് ഇതുവരെയുള്ള ചർച്ചകളിൽ നിന്നും ലഭിച്ചതെന്നും ചില വൈറ്റ്ഹാൾ വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്ത്യയിൽ രോഗവ്യാപനത്തിൽ പെട്ടെന്നുണ്ടായ വർദ്ധനവാണ് വാക്സിൻ കയറ്റുമതി താത്ക്കാലികമായി നിർത്തി വയ്ക്കുന്നതിന് സർക്കാരിനെ പ്രേരിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ