കൊച്ചി: നാലു പേരിലേക്ക് ജീവൻ പകുത്ത് നൽകി 25കാരനായ അരവിന്ദൻ യാത്രയായി, കന്യാകുമാരിയിൽ ബൈക്ക് അപകടത്തിൽ മരിച്ച അഗസ്തീശ്വരം വെസ്റ്റ് സ്ട്രീറ്റിലെ എ.അരവിന്ദിന്റെ അവയവങ്ങളാണ് നാലുപേർക്കു പുതുജീവൻ പകർന്നു നൽകിയത്. ഹൃദയം ആലപ്പുഴ കായംകുളം സ്വദേശി എസ്.സൂര്യനാരായണനും (18) കരൾ കൊച്ചി സ്വദേശി എം.ആർ.ബിനോയിയും (46) വൃക്കകൾ നാഗർകോവിൽ പള്ളിവിള നയ്‌നർ കോംപൗണ്ടിൽ എൻ.നാഗരാജൻ (52), തിരുവനന്തപുരം കരകുളം ഏണിക്കര ചിത്തിര വിലാസത്തിൽ എം. മോഹനൻ നായർ (56) എന്നിവരും സ്വീകരിച്ചു.

ഇന്നലെയാണ് കേരളം സാക്ഷ്യം വഹിച്ച ആ അപൂർവ്വ അവയവദാനം നടന്നത്. സംസ്ഥാന സർക്കാരിന്റെ മരണാനന്തര അവയവ ദാനം പദ്ധതിയായ മൃതസഞ്ജീവനി പദ്ധതി വഴിയാണ് അവയവങ്ങൾ കൈമാറിയത്. എറണാകുളം ലിസി ആശുപത്രിയിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ഡോ. ജോസ് ചാക്കോ പെരിയപ്പുറവും ആസ്റ്റർ മെഡ്‌സിറ്റിയിൽ നടന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കു ഡോക്ടർമാരായ എം.സുധീർ മുഹമ്മദ്, മാത്യു ജേക്കബ്, ജെ.രാജീവ്ലോചൻ എന്നിവരും പങ്കു ചേർന്നു.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നടന്ന വൃക്കമാറ്റി വയ്ക്കൽ നടപടികൾക്കു ട്രാൻസ്പ്ലാന്റ് പൊക്യുവർമെന്റ് മാനേജർ ഡോ. മുരളീധരൻ നേതൃത്വം നൽകി. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡയലേറ്റഡ് കാർഡിയോ മയോപ്പതി എന്ന അസുഖമാണു സൂര്യനാരായണനുണ്ടായിരുന്നത്.

ശിവരാത്രി ദിവസം ക്ഷേത്രത്തിലേക്കു പോകുകയായിരുന്ന അരവിന്ദിന്റെ ബൈക്ക് നാഗർകോവിൽ അഗസ്ത്യപുരത്തെ രാമൻ പുതൂർ എന്ന സ്ഥലത്തെ കൊടുംവളവിൽ അർധരാത്രിയോടെ മറിയുകയായിരുന്നു.