- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിന്റെ പേരിൽ ഇന്ത്യയും ബ്രിട്ടനും തമ്മിൽ തല്ലുന്നത് എന്തുകൊണ്ട് ? ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്തില്ലെങ്കിൽ ബ്രിട്ടന്റെ കാര്യം കട്ടപ്പൊകയാകുമോ ? പുതിയ ഇന്ത്യാ-ബ്രിട്ടീഷ് വാക്സിൻ യുദ്ധത്തെ കുറിച്ച് അറിയേണ്ടെ കാര്യങ്ങൾ
വാക്സിൻ ലഭിക്കാനുണ്ടാകുന്ന കാലതാമസം മൂലം ബ്രിട്ടനിൽ 40 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മെയ് മാസത്തിനു മുൻപായി വാക്സിൻ ലഭിക്കാൻ ഇടയില്ല. ഇന്ത്യയിൽ നിന്നുള്ള അസ്ട്രാസെനെകാ വാക്സിൻ വരാൻ താമസിക്കുന്നത് മൂലമാണിതെന്ന് ഹെൽത്ത് സെക്രട്ടറി ഇന്നലെ വ്യക്തമാക്കി. ഈസ്റ്ററോടെ 40 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കെല്ലാം വാക്സിൻ നൽകിത്തീർക്കാനാകുമെന്ന് കഴിഞ്ഞദിവസം ചില മുതിർന്ന ഉദ്യോഗസ്ഥർ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. അതുവഴി, പ്രതീക്ഷിച്ചതിലും നേരത്തേ ലോക്ക്ഡൗൺ പിൻവലിക്കാൻ കഴിയുമെന്നും അവർ പറഞ്ഞിരുന്നു. ഈസ്റ്റർ ആകുമ്പോഴേക്കും വാക്സിന്റെ ഇരട്ടി സ്റ്റോക്ക് എത്തുമെന്നായിരുന്നു അവർ പറഞ്ഞിരുന്നത്.
എന്നാൽ, ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റിയുട്ടിൽ നിന്നുള്ള വാക്സിന്റെ വരവ് താമസിച്ചതും 1.7 ദശലക്ഷം ഡോസുകൾ പുനപരിശോധനക്കായി മാറ്റിവച്ചതും ഈ പ്രതീക്ഷകളെയൊക്കെ തകിടം മറച്ചിരിക്കുകയാണ്. 50 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ, വാക്സിൻ എടുക്കാനുള്ള ക്ഷണം കിട്ടിയിട്ടും അത് എടുക്കാത്തവരുടെ ഡോസ് ഉപയോഗിച്ച് രണ്ടാം ഡോസ് നൽകുന്നതിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് കഴിഞ്ഞദിവസം മാറ്റ് ഹാൻകോക്ക് വ്യക്തമാക്കിയിരുന്നു. അതായത്, ബ്രിട്ടനിലെ 40 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കെല്ലാം ഈസ്റ്ററോടെ വാക്സിൻ കൊടുത്തു തീർക്കാമെന്ന പ്രതീക്ഷ പൂർണ്ണമായും ഇന്ത്യയിൽ നിന്നുള്ള വാക്സിൻ വിതരണത്തെ ആശ്രയിച്ചായിരുന്നു എന്നർത്ഥം.
പത്ത് ദശലക്ഷം ഡോസുകൾക്കായിരുന്നു ബ്രിട്ടൻ സിറം ഇൻസ്റ്റിറ്റിയുട്ടിന് ഓർഡർ നൽകിയിരുന്നത്. അതിൽ 5 ദശലക്ഷം യൂണിറ്റ് എത്തിക്കഴിഞ്ഞു. ബാക്കിയുള്ള 5 ദശലക്ഷം യൂണിറ്റ് ഈ വാരം വരുമെന്നായിരുന്നു ബ്രിട്ടീഷ് സർക്കാർ പ്രതീക്ഷിച്ചിരുന്നത്. ലോകത്തിലെ തന്നെ ഏറ്റവുമധികം കോവിഡ് വാക്സിൻ ഉദ്പാദിപ്പിക്കുന്ന സ്ഥാപനമാണ് സിറം ഇൻസ്റ്റിറ്റിയുട്ട് എന്നതുകൂടി ഓർക്കണം. എന്നാൽ, ഇന്ത്യയിൽ കൂടുതൽ വാക്സിൻ ലഭ്യമാക്കണമെന്ന നയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സർക്കാർ സമ്മർദ്ദം ചെലുത്തിയപ്പോൾ, സിറം ഇൻസ്റ്റിറ്റിയുട്ട് ബ്രിട്ടന് വാക്സിൻ നൽകുന്നതിൽ നിന്നും താത്ക്കാലികമായി പിന്മാറുകയായിരുന്നു.
മാത്രമല്ല, ഒരു നിശ്ചിത കാലയളവിൽ നിശ്ചിത അളവ് വാക്സിൻ നൽകാം എന്നൊരു കരാർ ബ്രിട്ടനുമായിട്ടില്ലെന്നും സീറം ഇൻസ്റ്റിറ്റിയുട്ട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഒരു കാലപരിധി നിശ്ചയിച്ചിട്ടുണ്ട് എന്നാണ് മാറ്റ് ഹാൻകോക്ക് പറയുന്നത്. ഏതായാലും, ഇതുമൂലം 50 വയസ്സിൽ താഴെയുള്ളവർക്ക് അവരുടെ ആദ്യ ഡോസ് വാക്സിനുവേണ്ടി മെയ്മാസം വരെ കാത്തിരിക്കേണ്ടതായി വരും. എന്നിരുന്നാലും, മുൻഗണനാ ലിസ്റ്റിലുള്ള 32 മില്ല്യൺ ആളുകൾക്ക് ഏപ്രിൽ 15 ന് മുൻപായി വാക്സിൻ നൽകാൻ കഴിയുമെന്ന് നമ്പർ 10 ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
നിലവിൽ ബ്രിട്ടനിൽ നൽകുന്ന അസ്ട്രസെനെക വാക്സിന്റെ ഭൂരിഭാഗവും ബ്രിട്ടനിൽ തന്നെ ഓക്സ്ഫോർഡ്, കീലെ, റെക്സ്ഹാം എന്നിവിടങ്ങളിലായി ഉദ്പാദിപ്പിക്കുന്നതാണ്. ഓരോ ആഴ്‌ച്ചയിലും ഏകദേശം 2 മില്ല്യൺ ഡോസുകളാണ് ഇവിടെ ഉദ്പാദിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നത്. വാക്സിൻ നൽകാൻ തുടങ്ങിയ സമയത്ത്, അസ്ട്രാസെനെകയുടെ നെതർലാൻഡ്സിലുള്ള നിർമ്മാണ യൂണിറ്റിൽ നിന്നും കുറേ ഡോസുകൾ ഇവിടെ എത്തിച്ചിരുന്നു. അതുപോലെ അസ്ട്രാസെനെകയുടെ അനുമതിയോടെ ഈ വാക്സിൻ നിർമ്മിക്കുന്ന സിറം ഇൻസ്റ്റിറ്റിയുട്ടിൽ നിന്നും 10 മില്ല്യൺ ഡോസുകൾക്കുള്ള ഓർഡർ നൽകുകയും ചെയ്തിരുന്നു.
സാധാരണ രീതിയിൽ വാക്സിൻ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ ബ്രിട്ടനിൽ നിർമ്മിക്കുന്ന വാക്സിനുകൾ മതിയാകും. എന്നാൽ, ഇതിന് വേഗത വർദ്ധിപ്പിക്കുവാനാണ് ഇന്ത്യയിൽ നിന്നും 10 ദശലക്ഷം ഡോസുകൾക്ക് ഓർഡർ നൽകിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവായ സിറം ഇൻസ്റ്റിറ്റിയുട്ടിന് അത് നൽകുവാനുള്ള കഴിവുമുണ്ട്. കൂടുതൽ പേർ വാക്സിൻ എടുക്കുന്നതോടെ രോഗവ്യാപനത്തെ ഫലപ്രദമായി തടയാം എന്നുമാത്രമല്ല, രോഗബാധിതരിലെ മരണനിരക്കും കുറയ്ക്കാനാകും. എത്രയും പെട്ടെന്ന് ഈ ലക്ഷ്യം കൈവരിച്ചാൽ നഷ്ടം അത്രയും കുറവായിരിക്കും. മാത്രമല്ല, ലോക്ക്ഡൗൺ പ്രതീക്ഷിച്ചതിലും നേരത്തേ നീക്കം ചെയ്യാൻ സാധിക്കുകയും ചെയ്യും. ഇതൊക്കെ കൊണ്ടായിരുന്നു വാക്സിൻ ഇറക്കുമതി ചെയ്യാൻ ബ്രിട്ടൻ തീരുമാനിച്ചത്.
ബ്രിട്ടൻ നൽകിയ ഓർഡറിലെ 5 ദശലക്ഷം ഡോസുകൾ സീറം ഇൻസ്റ്റിറ്റിയുട്ട് നൽകിയിരുന്നു. ബാക്കിയുള്ള 5 ദശലക്ഷം യൂണിറ്റുകളുടെ കാര്യത്തിലാണ് ഇപ്പോൾ പ്രശ്നമുണ്ടായിരിക്കുന്നത്. ഇന്ത്യയിൽ ആവശ്യത്തിനു വാക്സിൻ ലഭ്യമാക്കുക എന്നതിനാണ് ഇന്ത്യൻ സർക്കാർ മുൻഗണന നൽകുന്നത്. അതുപോലെ ദരിദ്യ രാജ്യങ്ങളിൽ വാക്സിൻ സൗജന്യമായി എത്തിക്കുക എന്നതിനും. ഇതിന്റെ ഭാഗമായിട്ടാണ് ബ്രിട്ടനിലേക്കുള്ള കയറ്റുമതി താത്ക്കാലികമായി തടഞ്ഞിരിക്കുന്നത്. ഇന്ത്യയിൽ രോഗവ്യാപനത്തിൽ പെട്ടെന്നുണ്ടായ വർദ്ധനവും ഇന്ത്യാ ഗവർണ്മെന്റിനെ ഇത്തരത്തിലുള്ള ഒരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചിരിക്കാം എന്നാണ് നിരീക്ഷകർ കരുതുന്നത്.
മറുനാടന് മലയാളി ബ്യൂറോ