ജമൈക്ക: ജമൈക്കയ്്ക്ക് വാക്‌സിൻ നൽകിയതിന് ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ. ഒരു വിഡിയോ സന്ദേശത്തിലൂടെയാണ് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗെയ്ൽ നന്ദി അറിയിച്ചത്. തന്റെ മാതൃരാജ്യമായ ജമൈക്കയ്ക്ക് ഇന്ത്യയിൽ നിന്നും കോവിഡ് 19 വാക്‌സീൻ എത്തിച്ചതിൽ നന്ദി അറിയിക്കുന്നു. ക്രിസ് ഗെയിൽ വീഡിയോ സന്ദേശത്തിൽ പറയുന്നു.

'ഞങ്ങൾക്ക് വാക്‌സീൻ എത്തിച്ചു നൽകിയതിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യ സർക്കാരിനും ജനങ്ങൾക്കും നന്ദി അറിയിക്കുന്നു. വളരെയധികം നന്ദി. ഞങ്ങള നിങ്ങളെ അഭിനന്ദിക്കുന്നു' എന്നാണ് 17 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ ഗെയ്ൽ പറഞ്ഞത്. ജമൈക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷനാണ് വിഡിയോ ട്വീറ്റ് ചെയ്തത്.

'വാക്‌സീൻ മൈത്രി' പദ്ധതിയിലൂടെ ഇന്ത്യ നിരവധി രാജ്യങ്ങളിലേക്ക് വാക്‌സീൻ കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ മാസം 50,000 ഡോസ് വാക്‌സീനാണ് ഇന്ത്യ ജമൈക്കയിലേക്ക് അയച്ചത്. ഇതിന് സഹതാരം ആൻഡ്രെ റസ്സെലും ജമൈക്കൻ പ്രധാനമന്ത്രി ആൻ്ഡ്രൂ ഹോൾനെസും ഇന്ത്യക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതുവരെ 25 രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിർമ്മിച്ച വാക്‌സീൻ കയറ്റുമതി ചെയ്തിട്ടുള്ളത്.