ലക്നൗ: രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ടം രൂക്ഷമാവുകയാണ്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് രാജ്യമെങ്ങും പടരുന്നുണ്ട്. മഹാരാഷ്ട്രയിൽ കോവിഡ് കേസുകളും മരണവും കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിൽ കിയാത്മകമായ നിയന്ത്രണ നടപടികൾ സ്വീകരിച്ച ഉത്തർപ്രദേശിലേക്ക് ഉറ്റുനോക്കുകയാണ് മറ്റു സംസ്ഥാനങ്ങൾ. സംസ്ഥാനത്ത് ആറുലക്ഷത്തോളം പേർക്ക് കോവിഡ് ബാധിച്ചെങ്കിലും 98.2 ശതമാനമാണ് യുപിയിലെ രോഗമുക്തി നിരക്ക്. മരണനിരക്ക് 1.4 ശതമാനത്തിൽ ഒതുക്കാനും കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വാക്്സിനേഷനിലും സംസ്ഥാനം മുന്നിലാണ്. ഇതുവരെ 35 ലക്ഷം പേർക്കാണു വാക്സീൻ നൽകിയത്.

ചിട്ടയായതും ദീർഘ വീക്ഷണത്തോടെയുള്ള നടപടികളിലൂടെയും കോവിഡിനെ ഒരുപരിധി വരെ അകറ്റി നിർത്തിയ കോവിഡിന്റെ യുപി മാതൃക രാജ്യത്തെ തന്നെ ഏറ്റവും ശക്തമായ കോവിഡ് പ്രതിരോധ പ്രവർത്തനമായിരുന്നു. ജനസംഖ്യ കൂടുതൽ ഉള്ള ഉത്തർപ്രദേശിൽ കോവിഡിനെ എങ്ങനെ നേരിടും എന്നത് തുടക്കത്തിൽ സർക്കാരിന് തുടക്കത്തിൽ ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ യോഗി ആദിത്യനാഥ് സർക്കാരും ആരോഗ്യ വിഭാഗവും ചേർന്ന് രൂപപ്പെടുത്തിയ അച്ചടക്കത്തോടെയുള്ള പ്രതിരോധ പ്രവർത്തനത്തിലൂടെ കോവിഡിനെ സംസ്ഥാനത്തിന് പുറത്ത് നിർത്തി.

മറ്റു സംസ്ഥാനങ്ങളേക്കാൾ ജനസംഖ്യ ഉണ്ടായിട്ടും കോവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ സർക്കാർ രൂപീകരിച്ച എട്ട് ഘടകങ്ങളാണ് യുപിക്ക് സഹായകരമായത്. രാഷ്ട്രീയ നേതൃത്വം തന്നെയാണ് നിയന്ത്രണ നടപടികൾക്കു ചുക്കാൻ പിടിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ധനമന്ത്രി സുരേഷ് ഖന്ന, ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് 'ടീം-11' എന്ന പേരിൽ 11 വകുപ്പുതല കമ്മിറ്റികൾ രൂപീകരിച്ചു. ഈ കമ്മറ്റികളാണ് യുപിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ നിയന്ത്രിച്ചത്. മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ ഇരുപത്തിയഞ്ചോളം മുതിർന്ന ഉദ്യോഗസ്ഥരാണ് സമിതികളിൽ പ്രവർത്തിക്കുന്നത്. കേന്ദ്രസർക്കാരുമായും വിവിധ സംസ്ഥാന സർക്കാരുകളുമായും ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാനുള്ള ഉത്തരവാദിത്തം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്കായിരുന്നു.

ഗ്രാമീണമേഖലയിൽ ഉൾപ്പെടെ നിയന്ത്രണ പ്രവർത്തനങ്ങളും മറ്റും എങ്ങനെ നടപ്പാക്കും എന്നതായിരുന്നു സർക്കാർ നേരിട്ട പ്രധാന വെല്ലുവിളി. 80 ശതമാനത്തോളം രോഗികളും ലക്ഷണങ്ങില്ലത്തവരായിരുന്നതും സർക്കാരിനെ കുഴക്കി. ശക്തമായ നിരീക്ഷണത്തിലൂടെയും ആരോഗ്യ പ്രവർത്തകരുടെ കൃത്യമായ ഇടപെടലിലൂടെയും ഇതിനെ മറികടന്നു. ലോക്ഡൗൺ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും ചികിത്സ ഉറപ്പു വരുത്താനും ഇത്തരത്തിൽ സമിതികൾ പ്രവർത്തിച്ചു.

ഒരു ലക്ഷത്തോളം ആരോഗ്യപ്രവർത്തകരാണ് വിവിധ നഗരങ്ങളിൽ 3.12 കോടി വീടുകളിലെത്തി നിയന്ത്രണ നടപടികൾ സ്വീകരിച്ചത്. 15.5 കോടി ആളുകളാണ് കോവിഡ് നീരക്ഷണത്തിന്റെ പരിധിയിൽ വന്നത്. കോവിഡ് മൂലം സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിലുണ്ടായ പ്രത്യാഘാതങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കർഷകരിൽനിന്ന് വിളവ് ശേഖരിക്കുന്നതിനും സമിതികൾ രൂപീകരിച്ചും യുപി മാതൃകയായി.

ഇതിനൊപ്പം രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ കോവിഡ് പരിശോധന ഏകോപിപ്പിച്ചതും യുപിയിലാണ്. സർക്കാരിനൊപ്പം കോർപ്പറേറ്റ് കമ്പനികളും കോവിഡ് നിയന്ത്രണങ്ങളിൽ പങ്കാളികളായി. കോവിഡ് നിയന്ത്രണങ്ങൾക്കൊപ്പം മറ്റു രോഗങ്ങൾക്കുള്ള ചികിത്സയും ഉറപ്പാക്കാൻ സർക്കാർ ശ്രദ്ധിച്ചു. ഇ-സഞ്ജീവനി പോലുള്ള ടെലി മെഡിസിൻ സേവനങ്ങളാണ് തുണയായത്. സംസ്ഥാനത്ത് 6.2 ലക്ഷം പേരാണ് ഇ-സഞ്ജീവനി സൗകര്യം പ്രയോജനപ്പെടുത്തിയത്.

മാർച്ച് 15 വരെ 3.2 കോടി കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. 771 ആശുപത്രികളുടെ ശൃംഖല രൂപീകരിച്ച് 1.75 ലക്ഷം കിടക്കകളാണ് കോവിഡ് ചികിത്സയ്ക്കു വേണ്ടി സജ്ജമാക്കിയത്. 65,000 ഹെൽപ് ഡെസ്‌കുകൾ രൂപീകരിച്ച് പൾസ് ഓക്സിമീറ്ററുകളും ഡിജിറ്റൽ തെർമോമീറ്ററുകളും എല്ലാ ജില്ലകളിലും എത്തിച്ചു.

പൂൾ ടെസ്റ്റിങ്, പ്ലാസ്മ തെറാപ്പി എന്നിവ ഉൾപ്പെടെ വിവിധ തരം നടപടികളും സർക്കാർ സ്വീകരിച്ചു. ടിബി പരിശോധനാ മെഷീനായ സിബി നാറ്റ്, ട്രൂനാറ്റ് എന്നിവ കോവിഡ് പരിശോധനയ്ക്ക് ഉപയോഗപ്പെടുത്തിയത് നിർണായകമായി. പിപിഇ കിറ്റ്, പൾസ് ഓക്സിമീറ്റർ, തെർമോമീറ്റർ, സാനിറ്റൈസർ, മെഡിക്കൽ ഓക്സിജൻ എന്നിവയുടെ നിർമ്മാണത്തിനായി ചെറുകിട നിർമ്മാണ യൂണിറ്റുകളും ഷുഗർ മില്ലുകളും ഉപയോഗപ്പെടുത്തി.