ജിദ്ദ: പൂർണമായും സൗദി ശാസ്ത്രജ്ഞർ രൂപകൽപന ചെയ്ത് നിർമ്മിച്ച രണ്ട് കൃത്രിമ ഉപഗ്രഹങ്ങൾ ഇന്ന് (മാർച്ച് 20) ബഹിരാകാശത്തേക്ക് കുതിക്കും. റിയാദിലെ കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി, കിങ് സൗദ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞന്മാർ രൂപകൽപന ചെയ്ത ഷഹീൻ സാറ്റ്, ക്യൂബ് സാറ്റ് എന്നീ സാറ്റലൈറ്റുകളാണ് ഇന്ന് വിക്ഷേപണം ചെയ്യപ്പെടുക. കസാഖിസ്ഥാനിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഇവ ലക്ഷ്യം താണ്ടുക. സൗദി സ്പേസ് കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചതാണ് ഇത്.

കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പതിനേഴാമത് കൃത്രിമോപഗ്രഹമാണ് ഇന്ന് വിക്ഷേപിക്കപ്പെടുന്ന ഷഹീൻ സാറ്റ്.

അതേസമയം, കിങ് സഊദ് സർവകലാശാലയുടെ ഉപഗ്രഹം ക്യൂബ് ആകൃതിയിൽ ഉള്ളതാണ്. ആറ് വർഷങ്ങളായി ഇതിന്റെ പണി നടക്കുകയായിരുന്നു. പത്തു സെന്റീമീറ്റർ വീതം നീളവും വീതിയും ഉയരവുമുള്ള, ഒരു കിലോ ഭാരമുള്ള ക്യൂബ് ആണിത്. ഭാരം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ കൃത്രിമ ഉപഗ്രഹങ്ങൾ നിര്മിക്കുകയെന്ന ആശയതിൽ നിന്ന് രൂപം കൊണ്ടതാണ് ഇത്. അഞ്ച് ഗ്രൂപ്പുകളിലായി എഴുപതോളം സ്വദേശി ശാസ്ത്രജ്ഞർ ഇതിന്റെ ഭാഗമാണെന്ന് ടീം ലീഡർ മുഹന്നദ് അൽഷെഹ്രി വിവരിച്ചു. സർവ്വകലാശാലയിലുള്ള ഭൗമ നിലയത്തിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രവുമായും ചെറുതും വലുതുമായ സാറ്റലൈറ്റുകളുമായും ആശയവിനിമയം നടക്കാറുണ്ട്.

പുതിയ കൃത്രിമോപഗ്രഹങ്ങളുടെ വിക്ഷേപണത്തോടെ ബഹിരാകാശ വിജ്ഞാനത്തിന്റെ പുതിയ വിഹായസ്സിലേയ്ക്ക് സൗദി അറേബ്യ സാഭിമാനം ഉയർന്ന് പൊങ്ങും.