- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിൽ നിന്നെത്തിയ കുടുംബം തുടങ്ങിയ പെട്രോൾ പമ്പ് ബിസിനസ്സ് എത്തിച്ചത് അസ്ഡ വരെ വിലക്കുവാങ്ങാൻ കഴിയുന്ന സമ്പത്തിലേക്ക്; ശതകോടീശ്വരന്മാർ യുകെയിലെ ബ്ലാക്ക്‌ബേണിൽ പണിതുയർത്തുന്നത് ഭീമൻ മോസ്‌ക്
ഗുജറാത്തിലെ ഭറൂച്ചിൽ നിന്നും തുണിമില്ലിൽ ജോലിചെയ്യാനായി 1960 കളിൽ എത്തിയതായിരുന്നു വാലി ഇസ്സയും ഭാര്യ സുബൈദയും. ഇടയ്ക്ക് കുറച്ചുനാൾ ഒരു പെട്രോൾ പമ്പിൽ നോട്ടക്കാരനായും നിന്നു. അതുകൊണ്ടായിരിക്കണം വാലിയുടെ രണ്ട് ആൺമക്കൾക്കും പെട്രോൾ പമ്പിനോട് ഒരു പ്രത്യേക ആകർഷണം തോന്നിയത്. വിദ്യാഭ്യാസമൊക്കെ കഴിഞ്ഞപ്പോൾ സഹോദരന്മാർ ഇരുവരും ചേർന്ന് ഒരു പെട്രോൾ പമ്പ് പാട്ടത്തിനെടുത്ത് നടത്താൻ ആരംഭിച്ചു. അതിൽ നിന്നും സമ്പാദിച്ച പണം കൊണ്ട് അവർ സ്വന്തമായി ഒരു പെട്രോൾ പമ്പ് വാങ്ങി. അങ്ങനെയാണ് സുബെർ ഇസ്സയും സഹോദരൻ മൊഹ്സിൻ ഇസ്സയും ചേർന്ന് 2001-ൽ യൂറോ ഗാരേജസ് എന്ന സ്ഥാപനം ആരംഭിക്കുന്നത്.
ഒരു പെട്രോൾ പമ്പിൽ നിന്ന് ആരംഭിച്ച് എന്ന് ബ്രിട്ടനിലാകമാനമായി വ്യാപിച്ചുകിടക്കുന്ന ഒരു പെട്രോൾ പമ്പ് ശൃംഖലയുടെ ഉടമകളാണ് ഇന്ന് ഇസ്സാ സഹോദരന്മാർ. ചില്ലറവില്പന രംഗത്തെ അതികായരായ വാൾമാർട്ടിൽ നിന്നും അസ്ഡാ സൂപ്പർമാർക്കറ്റുകൾ വാങ്ങിയതോടെയാണ് അസ്ഡ സഹോദരന്മാർ വാർത്തയിൽ തിളങ്ങിനിൽക്കാൻ തുടങ്ങിയത്. വിവിധ രംഗങ്ങളിൽ കഴിവു തെളിയിച്ചവർക്ക്, ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനത്തിൽ നൽകുന്ന കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ബ്രിട്ടീഷ് എംപയർ എന്ന ബഹുമതിയും കഴിഞ്ഞവർഷം ഇവർക്ക് ലഭിക്കുകയുണ്ടായി.
അവർ വീണ്ടും വാർത്തകളിൽ നിറയുന്നത് ഇവരുടെ താമസസ്ഥലമായ ബ്ലാക്ക്‌ബേണിൽ 5 മില്ല്യൺ പൗണ്ട് ചെലവിട്ട് ഒരു മോസ്‌ക് നിർമ്മിക്കാൻ ആരംഭിക്കുന്നതോടെയാണ്. കെട്ടിടത്തിന്റെ ഉയരം അതുപോലെ ശബ്ദമലിനീകരണം തുടങ്ങിയ കാര്യങ്ങളിൽ ഇസ്സാ സഹോദരന്മാർക്ക് നിരവധി എതിർപ്പുകൾ നേരിടേണ്ടി വന്നു. മോസ്‌ക് പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലത്തുനിന്നും നിരവധി വൃക്ഷങ്ങൾ മുറിച്ചുമാറ്റേണ്ടിവരുന്നതും കടുത്ത എതിർപ്പുകൾ സൃഷ്ടിച്ചു. അതുകൂടാതെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും ഉയർന്നു.
ഇരുപത്തൊന്നോളം തടസ്സവാദങ്ങൾ പരിഹരിക്കാം എന്ന ഉറപ്പിൽ കഴിഞ്ഞ വ്യാഴാഴ്‌ച്ച ബ്ലാക്ക്‌ബേൺ കൗൺസിൽ ഈ മോസ്‌ക് നിർമ്മാണത്തിന് അനുമതി നൽകി. ബഹുസ്വരതയെ ബഹുമാനിക്കുന്നതിനൊപ്പം തന്നെ, വ്യത്യസ്ത സംസ്‌കാരങ്ങളെ കുറിച്ച് കൂടുതൽ പഠിക്കുവാനുള്ള അവസരമൊരുക്കുക എന്നതാണ് മോസ്‌ക് പണിയുന്നതിനു പിന്നിലെ ഉദ്ദേശമെന്ന് ഇസ്സാ ഫൗണ്ടേഷൻ വക്താവ് അറിയിച്ചു. ബ്ലാക്ക്‌ബേൺ വിത്ത് ഡാർവെനിലെ ആളുകൾക്ക് അവരുടെ മതപരവും സാമൂഹിക പരവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇത് സഹായകരമാകും എന്നും അവർ പറയുന്നു.
ഈ പള്ളി ഉയർന്നുവരാൻ പോകുന്ന സ്ഥലത്തിനടുത്തുള്ള ജംഗഷനിലെ റോഡ് സുരക്ഷയ്ക്കായി 30,000 പൗണ്ട് നൽകാൻ ഫൗണ്ടേഷൻ സമ്മതിച്ചിട്ടുണ്ട്. 95 അടി ഉയരമുള്ള ഗോപരം ഇസ്ലാമിക വാസ്തുശില്പകലയുടെ ഭാഗമാണെന്ന വാദം കൗൺസിൽ അംഗീകരിച്ചു. അതുപോലെ, ഉച്ചത്തിലുള്ള ബാങ്ക് വിളികൾ ഉണ്ടാകില്ല എന്നതിനാൽ ശബ്ദമലിനീകരണത്തെ കുറിച്ച് ആശങ്കവേണ്ടെന്നും ഫൗണ്ടേഷൻ അറിയിച്ചു. അതുപോലെ, പ്രെസ്റ്റൺ റോഡിൽ, പള്ളിക്ക് സമീപമുള്ള വൃക്ഷങ്ങൾ സംരക്ഷിക്കാമെന്നും ഇവർ ഉറപ്പുകൊടുത്തു. ഇതിനെ തുടർന്നായിരുന്നു പ്രാദേശിക കൗൺസിൽ പള്ളി നിർമ്മാണത്തിന് പച്ചക്കൊടി കാട്ടിയത്.