- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനഹൃദയങ്ങൾ ഏറ്റെടുത്ത മാണി സി കാപ്പൻ മുന്നേറുന്നു; ജനപ്രിയ എംഎൽഎയെന്ന് പി സി തോമസ്; രാഹുൽഗാന്ധി 23ന് പാലായിൽ എത്തും; മാണി സി കാപ്പനെതിരെ മത്സരിക്കാൻ അപരനും; പരാജയഭീതിയാണ് പിന്നിലെന്ന് യുഡിഎഫ്
പാലാ: ജനഹൃദയങ്ങൾ എറ്റെടുത്ത യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷനുകൾ തുടരുന്നു. മേലുകാവ്, മൂന്നിലവ്, ഭരണങ്ങാനം മണ്ഡലം കൺവൻഷനുകളാണ് ഇന്നലെ പൂർത്തീകരിച്ചത്. മേലുകാവിൽ ജോയി സ്‌കറിയായും മൂന്നിലവിൽ മുൻ കേന്ദ്രമന്ത്രി പി സി തോമസും ഭരണങ്ങാനത്ത് മുൻ എം പി ജോയി എബ്രാഹവും കൺവൻഷനുകൾ ഉദ്ഘാടനം ചെയ്തു.
പാലായുടെ എല്ലാ മേഖലകളുടെയും സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് കൺവൻഷനുകളിൽ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞു. പതിറ്റാണ്ടുകളായി വികസന രംഗത്ത് പിന്നോക്കം നിൽക്കുന്ന മലയോരമേഖലകൾക്കു പ്രത്യേക കരുതൽ നൽകും. കഴിഞ്ഞ 16 മാസങ്ങളിൽ മലയോര മേഖലയോടു കാട്ടിയ പരിഗണന തുടരുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംഘട്ട പ്രചാരണ പരിപാടിയായ മണ്ഡലം - ബൂത്ത്തല കൺവൻഷനോടൊപ്പം വ്യക്തികളെ നേരിൽ സന്ദർശിച്ചും വിവിധ സ്ഥാപനങ്ങളിൽ എത്തിയും മാണി സി കാപ്പൻ വോട്ടു തേടി. വിവിധ കല്യാണങ്ങളിലും പങ്കെടുത്തു പ്രചാരണം ഊർജ്ജിതമാക്കി.
ഇന്നലെ നൂറാം പിറന്നാൾ ആഘോഷിച്ച സ്വാതന്ത്ര്യസമര സേനാനി വെള്ളിയേപ്പള്ളി കല്ലൂകുന്നേൽ ജോസഫ് ജോസഫിനെ പൊന്നാടയണിയിച്ചു ആദരിച്ചു. അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ചെറിയാൻ ജെ കാപ്പന്റെ മകൻ മാണി സി കാപ്പനെ അനുഗ്രഹിച്ചു വിജയാശംസകൾ നേർന്നാണ് ജോസഫ് ജോസഫ് യാത്രയാക്കിയത്.
കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതു സർക്കാർ 5 വർഷംകൊണ്ട് കേരളത്തെ പിറകോട്ടാണ് നയിച്ചതെന്ന് മുൻ കേന്ദ്രമന്ത്രി പി സി തോമസ് കുറ്റപ്പെടുത്തി. കൃഷിക്കാർക്കും സാധാരണക്കാർക്കും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇന്ന് നിലവിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മൂന്നിലവിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ യു ഡി എഫ് അധികാരത്തിൽ വരണമെന്ന് കേരള ജനത അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യു ഡി എഫിന്റെ പാലായിലെ ഇപ്പോഴത്തെ എതിർ സ്ഥാനാർത്ഥിയുടെ വരവോടെയാണ് താൻ യു ഡി എഫ് കുടുംബത്തിൽ നിന്നും പുറത്താക്കപ്പെട്ടത്. യു ഡി എഫിലേയ്ക്ക് എത്താനായതിൽ ചാരിതാർത്ഥ്യമുണ്ടെന്നും പി സി തോമസ് പറഞ്ഞു.
പാലായിൽ മാണി സി കാപ്പൻ ചരിത്രവിജയം നേടും. ചുരുങ്ങിയകാലംകൊണ്ട് മാണി സി കാപ്പന് ജനപ്രിയ എം എൽ എ ആകാൻ സാധിച്ചു. പാലായിൽ ഒട്ടേറെ വികസനവും ക്ഷേമ പ്രവർത്തനങ്ങളും നടത്താൻ സാധിച്ചുവെന്ന കാര്യം ഇടതുപക്ഷത്തിനു പോലും തള്ളിക്കളയാനാകില്ലെന്നും പി സി തോമസ് ചൂണ്ടിക്കാട്ടി. ഷൈൻ പാറയിൽ അധ്യക്ഷത വഹിച്ചു.
മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം രാഹുൽഗാന്ധി 23 ന് പാലായിൽ നടക്കുന്ന യു ഡി എഫ് സമ്മേളനത്തിൽ പങ്കെടുക്കും. കൊട്ടാരമറ്റത്തെ വേദിയിൽ ഉച്ചയ്ക്ക് 12 മണിക്കു മുമ്പ് രാഹുൽഗാന്ധി എത്തിച്ചേരും.
പാലാ: പാലായിൽ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പനെതിരെ അപരനെ ഇറക്കി ജനാധിപത്യത്തെ അട്ടിമറിക്കാൻ നടത്തുന്ന ശ്രമം അപലപനീയമാണെന്ന് യു ഡി എഫ് നേതൃയോഗം കുറ്റപ്പെടുത്തി. മാണി സി കാപ്പന്റെ പേരിനോടു സാദൃശ്യമുള്ള കോതമംഗലം സ്വദേശിയെയാണ് അപരനായി രംഗത്തിറക്കിയിരിക്കുന്നത്. പാലാക്കാർ വിവരമില്ലാത്തവരാണെന്ന ധാരണ പുലർത്തുന്നവരാണ് ഇതിന് പിന്നിൽ. തിരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ട് വിളറി പിടിച്ചവരാണ് അപരനെ രംഗത്തിറക്കിയത്. പാലാക്കാർ ഇക്കാര്യം തിരിച്ചറിഞ്ഞതായും മാണി സി കാപ്പൻ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടുമെന്നും കമ്മിറ്റി പറഞ്ഞു. പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു.