- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പു നിരീക്ഷകന്റെ ഗൺമാന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി; വെടിപൊട്ടിയത് തോക്കിന്റെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ

കണ്ണൂർ: കലക്ടറേറ്റിൽ തിരഞ്ഞെടുപ്പു നിരീക്ഷകന്റെ ഗൺമാന്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. ആളൊഴിഞ്ഞ മുറിയിൽ നിലത്തേക്ക് വെടിയുതിർന്നതിനാൽ അപകടം ഒഴിവായി. തോക്കിനുണ്ടായ സാങ്കേതിക പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയതായാണ് വിവരം. ഇന്നലെ ഉച്ചയോടെയാണു സംഭവം നടന്നത്. ഇരുവരെയും താൽക്കാലികമായി ഗൺമാന്റെ ഡ്യൂട്ടിയിൽ നിന്നു മാറ്റിയിട്ടുണ്ട്.
തിരഞ്ഞെടുപ്പു നിരീക്ഷകന്റെ ഗൺമാന്റെ കൈത്തോക്കിനു തകരാറുണ്ടാകുകയും ഇദ്ദേഹവും കലക്ടറുടെ ഗൺമാനും ചേർന്ന് ഇതു പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു. പരിശോധനയ്ക്കിടെ അബദ്ധത്തിൽ വെടിയുതിർന്നതായാണു പ്രാഥമിക റിപ്പോർട്ടിലുള്ളത്. വിദഗ്ധ പരിശോധനയ്ക്കായി ഈ തോക്ക് എആർ ക്യാംപിൽ എത്തിച്ചിട്ടുണ്ട്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന തോക്കിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാൽ അത് എങ്ങനെ പരിഹരിക്കാമെന്ന പരിശീലനം സാധാരണ പൊലീസ് ഉദ്യോഗസ്ഥർക്കു നൽകുന്നതാണെന്നും അതനുസരിച്ചു പ്രശ്‌നം പരിഹരിക്കാനാണ് ഇവർ ശ്രമിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
എന്നാൽ ഗൺമാന്മാരുടെ ഭാഗത്തു നിന്നു വീഴ്ച എന്തെങ്കിലും സംഭവിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞാൽ ഇവർക്കെതിരെ നടപടി ഉണ്ടാകും. അതേസമയം തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടിയതാണെന്നാണു പ്രാഥമിക അന്വേഷണത്തിൽ നിന്നു മനസ്സിലായത്. സംശയിക്കേണ്ടതായ മറ്റു കാര്യങ്ങളൊന്നും ഈ സംഭവത്തിലില്ല. പെട്ടെന്നുണ്ടായ പരിഭ്രാന്തി മാറുന്നതിനു വേണ്ടി സംഭവത്തിൽ ഉൾപ്പെട്ട 2 ഗൺമാന്മാരെയും ഡ്യൂട്ടിയിൽ നിന്നു താൽക്കാലികമായി മാറ്റിയിട്ടുണ്ട്. ഇതു ശിക്ഷാനടപടി അല്ലെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ വ്യക്തമാക്കി.

