ദുബായ്:  ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ മലയാളികൾ ഉൾപ്പെട്ട സംഘം എടുത്ത ടിക്കറ്റിന് ഏഴ് കോടിയിലേറെ രൂപയുടെ സമ്മാനം. മലയാളികൾ ഉൾപ്പെടെ 25 പേർ ചേർന്നെടുത്ത ടിക്കറ്റിനാണ് കോടികളുടെ സൗഭാഗ്യം തേടി എത്തിയത്.

അൽഖൂസ് സ്‌കൂൾ ട്രാൻസ്‌പോർട് കമ്പനിയിലെ ജീവനക്കാർ മലയാളിയായ രാഹുൽ കോവിത്തല താഴേവീട്ടിലിന്റെ പേരിലെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. നാലു വർഷമായി ടിക്കറ്റെടുക്കുന്ന സംഘത്തെ തേടി ഒടുവിൽ ഭാഗ്യം എത്തുക ആയിരുന്നു. 12 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന രാഹുൽ സ്‌കൂൾ ട്രാൻസ്‌പോർട് കമ്പനിയിൽ ഫിനാൻസ് ഓഫിസറാണ്.

ഇവരിൽ കൂടുതൽ പേരും ബസ് ഡ്രൈവർമാരാണ്. 1000 ദിർഹം (ഏകദേശം 20,000 രൂപ) വിലയുള്ള ടിക്കറ്റിനായി രാഹുൽ 100 ദിർഹവും ബാക്കിയുള്ള 24 പേർ ചേർന്ന് 900 ദിർഹവും നൽകി. സംഘത്തിലെ മറ്റൊരു മലയാളി ടി.ജി സജീവ് കുമാർ കമ്പനിയിലെ ഫോർമാനാണ്.