പൂച്ചാക്കൽ: വിവാഹദിവസം രാവിലെ വരനെ കാണാതായി. പാണാവള്ളി സ്വദേശിയായ യുവാവിനെയാണ് വിവാഹ ദിവസമായ ഇന്നലെ രാവിലെ മുതൽ കാണാതായത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് ദുരൂഹ സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

യുവാവ് ഇപ്പോൾ വരാമെന്ന് പറഞ്ഞ് ബൈക്കിൽ വീട്ടിൽ നിന്ന് ഇന്നലെ രാവിലെ ഏഴോടെ പോയതാണെന്ന് ബന്ധുക്കൾ പറയുന്നു. പി്‌നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആണ്. യുവാവിന്റെ വിവാഹം ഇന്നലെ രാവിലെ നടത്താൻ തീരുമാനിച്ചതായിരുന്നു. ഇതിനിടെ വിവാഹം അടുത്തദിവസത്തേക്ക് മാറ്റിയതായി വധുവിന്റെ ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.

രക്ഷിക്കണമെന്നും ലോക്ക്ഡൗണെന്നും അറിയിച്ച് അയൽവാസിയായ സുഹൃത്തിന്റെ ഫോണിലേക്ക് വോയ്‌സ് മെസേജ് വന്നതായി പറയുന്നുണ്ട്. വിവരം അറിഞ്ഞ് യുവാവിന്റെ മാതാവ് ബോധരഹിതയായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.