ആലപ്പുഴ: സർക്കാർ ആശുപത്രികളെ രണ്ടുവിഭാഗങ്ങളായി തിരിച്ച് ഏകീകൃതനിറം നൽകാൻ ഒരുങ്ങുന്നു. വിവിധ പദ്ധതികളിൽ നവീകരിക്കുന്ന ആശുപത്രികളാണ് ആദ്യഘട്ടത്തിൽ നിറം മാറുക.

ആദ്യവിഭാഗത്തിൽ ഉൾപ്പെടുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ എന്നിവയുടെ പുറംഭാഗം ഇളം പച്ചയിലും വെള്ളയിലുമാണു ചായം പൂശേണ്ടത്. അകത്തു പച്ചനിറമായിരിക്കണം.

രണ്ടാംവിഭാഗത്തിൽ ഉൾപ്പെടുന്നതു ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി, വനിതാ-ശിശു ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവയാണ്. ഇവയുടെ പുറംഭാഗം ഇളം നീലയും വെള്ളയും കലർന്നതായിരിക്കും. അകത്ത് നീലനിറവും.

മാർച്ച് ഒന്നുമുതൽ പൂർത്തിയാകുന്ന ആശുപത്രിക്കെട്ടിടങ്ങളെല്ലാം പുതിയ നിറത്തിലായിരിക്കണം. നിലവിലുള്ളവ, അറ്റകുറ്റപ്പണി നടത്തുമ്പോഴോ നവീകരണം നടത്തുമ്പോഴോ പുതിയ നിറത്തിലേക്കു മാറിയാൽ മതി. സംസ്ഥാന പദ്ധതിവിഹിതം, കിഫ്ബി, നബാർഡ്, കേന്ദ്രസർക്കാർ സഹായം, തദ്ദേശപദ്ധതികൾ, പൊതുജനസഹായം തുടങ്ങിയവ ഉപയോഗിച്ചു നിർമ്മാണം പൂർത്തിയായവയ്ക്കു പുതിയ നിബന്ധനയനുസരിച്ചായിരിക്കും ചായം പൂശേണ്ടത്.

ആശുപത്രികളുടെ അകത്തും പുറത്തുമുള്ള സൂചനാഫലകങ്ങൾക്കും ഏകീകൃതരൂപം നിശ്ചയിച്ചിട്ടുണ്ട്. വഴികാട്ടികൾ, സേവനങ്ങൾ, ഡോക്ടർമാരുടെ അവധി വിവരങ്ങളും സേവനസമയവും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള സേവനങ്ങൾ, പ്രവേശനമില്ലാത്ത മേഖലകൾ തുടങ്ങിയ സൂചനാബോർഡുകൾക്കും അവയിലുപയോഗിക്കേണ്ട അക്ഷരങ്ങൾക്കും നിറവും വലുപ്പവും നിശ്ചയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച പട്ടിക ആശുപത്രിമേലധികാരികൾക്കു കൈമാറിയിട്ടുണ്ട്.