ലക്നൗ: സംശയ രോഗിയായ ഭർത്താവ് ഭാര്യയുടെ സ്വകാര്യഭാഗം അലൂമിനിയം കമ്പി ഉപയോഗിച്ച് തുന്നി ചേർത്തു. ഉത്തർപ്രദേശിലെ രാംപുരിൽ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ കൊടുംക്രൂരത അരങ്ങേറിയത്. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന സംശയിച്ച ഇരുപത്തിയഞ്ചുകാരനായ യുവാവ് ഭാര്യയുടെ സ്വകാര്യ ഭാഗം അതിക്രൂരമായി തുന്നിചേർക്കുക ആയിരുന്നു. 22കാരിയായ യുവതിയുടെ അമ്മ സംഭവം പൊലീസിൽ അറിയിച്ചതോടെ ഭർത്താവ് രാകേഷിനെ അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചു.

ഭർത്താവിന്റെ കൊടുംക്രൂരതയിൽ മാരകമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വർഷം മുൻപാണ് രാകേഷും യുവതിയും വിവാഹിതരായത്. രാകേഷിന് ഭാര്യയെ സംശയമായിരുന്നു. ഭാര്യയ്ക്ക് ഗ്രാമത്തിലുള്ള മറ്റൊരാളുമായി അവിഹിമുണ്ടെന്നാണ് ആരോപണം. താൻ വഞ്ചിക്കുന്നില്ലെന്ന് യുവതി കരഞ്ഞു പറഞ്ഞിട്ടും രാകേഷ് ഭാര്യയെ മർദിച്ച് അവശയാക്കുകയും തുടർന്ന് സ്വകാര്യഭാഗം കമ്പികൊണ്ട് തുന്നിച്ചേർക്കുകയും ആയിരുന്നു.

വേദനകൊണ്ട് പുളഞ്ഞ യുവതി അലറിക്കരഞ്ഞതോടെ ഇയാൾ വീട്ടിൽനിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി അടുത്ത ഗ്രാമത്തിൽ താമസിക്കുന്ന അമ്മയെ സഹായത്തിനായി വിളിപ്പിച്ചു. അമ്മയാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് ആംബുലൻസിലാണ് യുവതിയെ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. അമ്മയുടെയും മറ്റൊരു സ്ത്രീയുടെയും സഹായത്തോടെ വേദന സഹിച്ച് സ്ത്രീ ആശുപത്രിയിലേക്കു നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഭാര്യ ഗ്രാമത്തിലുള്ള മറ്റൊരാളെ കാണാറുണ്ടെന്നും അവിഹിതബന്ധം പുലർത്തുന്നുണ്ടെന്നും ഭർത്താവ് പൊലീസിനോടു പറഞ്ഞു. പലതവണ വിലക്കാൻ ശ്രമിച്ചു. ഫലമില്ലാതെ വന്നതോടെ ദേഷ്യത്തിൽ അലുമിനിയം കമ്പി കൊണ്ട് സ്വകാര്യഭാഗം തുന്നിച്ചേർക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു.