കൊറോണയെ പിടിച്ചുകെട്ടി സാധാരണ ജീവിതത്തിലേക്ക് മടങ്ങാനൊരുങ്ങുന്ന ബ്രിട്ടന് ആശങ്കകൾ സമ്മാനിച്ചുകൊണ്ട് വാക്സിനെ അതിജീവിക്കാൻ കെൽപുള്ള ന്യുയോർക്ക് വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ബി.1.526 എന്ന ഈ ഇനം വൈറസ് കഴിഞ്ഞ ഒരു മാസമായി ബ്രിട്ടനിലെത്തിയിട്ട് എന്നാണ് കരുതുന്നത്. ഈ അതിമാരക വൈറസ് ബ്രിട്ടനിലെ മൂന്നുപേരിൽ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ പറയുന്നു. വിദേശയാത്രയ്ക്ക് ശേഷം ക്വാറന്റൈനിൽ ഇരിക്കുന്നവരിലാണ് ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് വക്താവ് അവകാശപ്പെട്ടു.

നിലവിൽ, സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ഹോട്ടൽ ക്വാറന്റൈൻ ആവശ്യമായ രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയില്ല. പകരം, ഇവിടെ സന്ദർശിച്ചു തിരിച്ചെത്തിയാൽ പത്തു ദിവസം ഹോം ക്വാറന്റൈനിൽ പ്രവേശിക്കണം. ഏറ്റവും ഭയാനകമായ ഇ 484കെ എന്ന മ്യുട്ടേഷനൊപ്പം, വേറെയും ജനിതകമാറ്റങ്ങൾ സംഭവിച്ച ഈ ഇനം വൈറസിനെ ന്യുയോർക്കിലാണ് ആദ്യമായി കണ്ടെത്തിയത്. വാക്സിൻ നൽകുന്ന പ്രതിരോധശേഷിയെ അതിജീവിക്കാൻ ഭാഗികമായി ഇവയ്ക്കാകും എന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തിയിട്ടുള്ളത്.

മനുഷ്യകോശങ്ങളിലേക്ക് കയറുവാൻ വൈറസ് ഉപയോഗിക്കുന്ന സ്പൈക്ക് പ്രോട്ടീനിന്റെ ആകൃതിയാണ് ഇതിൽ മ്യുട്ടേഷൻ കാരണം മാറിയിട്ടുള്ളത്. അതുകൊണ്ടു തന്നെ പ്രതിരോധ സംവിധാനത്തിന് ഇവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ, ബ്രിട്ടനിൽ കണ്ടെത്തിയ മൂന്നുകേസുകളിലും വൈറസുകൾക്ക് ഇ 484കെ, എസ് 677 എൻ എന്നീ മ്യുട്ടേഷനുകൾ സംഭവിച്ചിട്ടില്ല എന്നാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അവകാശപ്പെടുന്നത്. സാഹചര്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് പറഞ്ഞ അധികൃതർ പക്ഷെ ഈ വകഭേദം അത്യന്തം ആശങ്കയുണർത്തുന്ന ഒന്നാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ബ്രിട്ടനിൽ ഈ ഇനം വൈറസിനെ എവിടെയാണ് കണ്ടെത്തിയത് എന്ന കാര്യം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഇതുവരെ പരസ്യമാക്കിയിട്ടില്ല. എന്നാൽ ലോകമാകമാനം വ്യത്യസ്ത ഇനം വൈറസുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന പാംഗോ ലീനിയേജ് പറയുന്നത് യൂറോപ്പിൽ ഈ ഇനം ആദ്യമായി കണ്ടെത്തിയത് ജനുവരി 21 നാണ് എന്നാണ്. അവസാനമായി കണ്ടെത്തിയത് ഫെബ്രുവരി 27 നും. എന്നാൽ, ബ്രിട്ടനിൽ ആദ്യ കേസ് കണ്ടെത്തിയത് എന്നാണെന്ന വിവരം ഇതുവരെ വെളിവായിട്ടില്ല.

ആദ്യമായി നവംബറിൽ കണ്ടെത്തിയ ഈ ഇനം വൈറസാണ് നിലവിൽ ന്യുയോർക്കിലെ കോവിഡ് ബാധിതരിൽ 5 ശതമാനം പേരിലുണ്ടായിരുന്നത്. ഫെബ്രുവരി പകുതി ആയപ്പോഴേക്കും ഇത് 27 ശതമാനമായി വർദ്ധിച്ചു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. നേരത്തേ ദക്ഷിണാഫ്രിക്കൻ ഇനത്തെയും ബ്രസീലിയൻ ഇനത്തേയും കണ്ടെത്തിയപ്പോൾ, ആ പ്രദേശത്തെ സകലരേയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ബ്രിട്ടനു പുറമെ അയർലൻഡ്, ക്രൊയേഷ്യ, ജർമ്മനി എന്നി രാജ്യങ്ങളിലും ഈ അതിമാരക വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടൂണ്ട്.