- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 28,699 പേർക്കു കോവിഡ്; ജീവൻ നഷ്ടമായത് 132 പേർക്ക്: കോവിഡ് വ്യാപനം കൂട്ടിയത് പൊതുസ്ഥലത്തെ തിക്കുംതിരക്കും
മുംബൈ: കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിൽ പകച്ച് മഹാരാഷ്ട്ര. ദിവസം ചെല്ലുന്തോറുംമഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,699 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 13,165 പേർ കൂടി രോഗമുക്തി നേടുകയും 132 പേർ മരിച്ചു. ഫെബ്രുവരി രണ്ടിന് സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ രണ്ടായിരത്തിൽ താഴെ ആയിരുന്നതാണ് ഈ വിധത്തിൽ കുതിച്ചുയർന്നിരിക്കുന്നത്.
മഹാരാഷ്ട്രയിൽ ഇതുവരെ 25,33,026 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 22,47,495 പേർ രോഗമുക്തി നേടിയപ്പോൾ 53,589 പേർക്ക് രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായി. നിലവിൽ 2,30,641 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞവർഷം ഒന്നാം വ്യാപന വേളയിൽ മുംബൈ, പുണെ, താനെ തുടങ്ങിയ നഗരമേഖലകളിലായിരുന്നു ഭൂരിഭാഗം കേസുകളും. അന്ന് ഗ്രാമീണ മേഖലകളിൽ കോവിഡ് വളരെ കുറവായിരുന്നുവെങ്കിൽ, ഇപ്പോൾ രണ്ടാം വ്യാപനവേളയിൽ 36 ജില്ലകളിലും ഒന്നുപോലെ കോവിഡ് പടരുകയാണ് എന്നതാണു വെല്ലുവിളി.
പുണെ ജില്ലയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 5,722 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 38 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ പുണെയിൽ മാത്രം രോഗബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 9,640 ആയിട്ടുണ്ട്. പുണെയിൽ ഇതുവരെ 4,79,521 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 4,27,400 പേർ രോഗമുക്തി നേടി. നിലവിൽ 42,650 സജീവ കേസുകളാണ് ജില്ലയിലുള്ളത്.
രോഗം പടരുമ്പോഴും ഗുരുതരാവസ്ഥയിലേക്കു നീങ്ങുന്നവരുടെ എണ്ണം കുറവാണെന്നതാണ് സംസ്ഥാന സർക്കാരിന് ആശ്വാസം പകരുന്ന കാര്യം. കോവിഡ് ബാധിതരിൽ ഏറെപ്പേരും ഹോം ക്വാറന്റീനിലാണ്. ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങളില്ല. ആശ്വാസകരമായ വസ്തുതയാണിതെങ്കിലും രോഗവ്യാപാനത്തിനു കാരണവും ഇതു തന്നെ. ലക്ഷണങ്ങളോ, മറ്റു പ്രശ്‌നങ്ങളോ ഇല്ലാത്തതിനാൽ ഭൂരിഭാഗം കോവിഡ് ബാധിതരും അവരുടെ പ്രൈമറി കോൺടാക്റ്റുകളും മാനദണ്ഡങ്ങൾ പാലിക്കുന്നില്ല.
ലോക്കൽ ട്രെയിനുകൾ, ബസുകൾ, മറ്റു കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആൾത്തിരക്കു കൂടിയതാണ് ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന്റെ കാരണമെന്നാണ് മഹാരാഷ്ട്രയിൽ പര്യടനം നടത്തിയ കേന്ദ്രസംഘത്തിന്റെ വിലയിരുത്തൽ. കോവിഡ് ബാധിതരെയും അവരുടെ കോൺടാക്റ്റുകളെയും കണ്ടെത്തുന്നതിലും പരിശോധിക്കുന്നതിലും അലംഭാവമുണ്ട്.
ക്വാറന്റീൻ അടക്കമുള്ള നടപടികൾ കാര്യക്ഷമമല്ല. നഗരങ്ങളിലും ഗ്രാമങ്ങളിലും ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും അപകടകരമായ സ്ഥിതിയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നതെന്നും സംസ്ഥാനത്തു സന്ദർശനം നടത്തിയ ശേഷം സമർപ്പിച്ച റിപ്പോർട്ടിൽ കേന്ദ്രസംഘം പറയുന്നു. ഗ്രാമീണ മേഖലകളിൽ തദ്ദേശ തിരഞ്ഞെടുപ്പും പ്രചാരണവും വലിയതോതിൽ ആളുകളുടെ സമ്പർക്കത്തിനും രോഗവ്യാപനത്തിനും കാരണമായി.