ലഖ്‌നൗ: കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. ലഖ്‌നൗ സിവിൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ നിതിൻ മിശ്രയാണ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷവും രോഗബാധിതനായത്. കോവാക്‌സിൻ എടുത്ത ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു കുത്തിവെപ്പും പൂർത്തിയായശേഷം ഇതാദ്യമായാണ് ഒരാൾക്ക് രോഗം ബാധിക്കുന്നത്.

ഫെബ്രുവരി 15-നും മാർച്ച് 16-നുമാണ് ഡോക്ടർ വാക്‌സിൻ എടുത്തത്. രണ്ടു ദിവസത്തിനുള്ളിൽ പനിയും ചുമയും വന്നതോടെ കോവിഡ് പരിശോധന നടത്തുകയായിരുന്നു. കോവിഡ് പോസിറ്റീവായ മിശ്ര വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. എന്നാൽ ഇതിൽ അസാധാരണമായി ഒന്നുമില്ലെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.

രോഗത്തിനെതിരേ പൂർണ പ്രതിരോധശേഷിയുണ്ടാകാൻ പ്രതിരോധ കുത്തിവെപ്പെടുത്ത് ഏതാനും ആഴ്ചകളെടുക്കുമെന്നും ഇക്കാലയളവിൽ രോഗബാധയ്ക്കുള്ള സാധ്യതയുണ്ടെന്നും കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജി വിഭാഗം മേധാവി പ്രൊഫ. അമിത ജെയ്ൻ പറഞ്ഞു,

ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലുമായി (ഐ.സി.എം.ആർ.) സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണ് കോവാക്‌സിൻ വികസിപ്പിച്ചത്. '80-90 ശതമാനമാണ് ഈ വാക്‌സിന്റെ ഫലസാധുത. ഇത് വൈറസ് ബാധയ്‌ക്കെതിരായ കവചമായി പ്രവർത്തിക്കുന്നില്ല. എന്നാൽ, വൈറസ് ബാധിതരുടെ നില ഗുരുതരമാകുന്നതിൽനിന്ന് സംരക്ഷണമേകും. അതിനാൽ, അർഹരായവരെല്ലാം മടിക്കാതെ വാക്‌സിനെടുക്കണ'മെന്ന് ഡയക്ടർ ജനറൽ ഓഫ് മെഡിക്കൽ ഹെൽത്ത് ഡി.എസ്. നേഗി പറഞ്ഞു.