- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെരുവോരത്ത് ടെന്റുകൾ ഉയർത്തി പ്രതിഷേധക്കാർ; പ്രതിഷേധക്കരെ ഒഴിപ്പിക്കാൻ കുതിരപ്പട്ടാളവും പൊലീസ് നായ്ക്കളും; ബ്രിസ്റ്റോളിൽ വീണ്ടും പൊലീസും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി; കിൽ ദി ബിൽ പ്രതിഷേധം വീണ്ടും ബ്രിട്ടണിൽ അക്രമാസക്തമാകുമ്പോൾ
തെരുവുകൾ വിട്ടൊഴിഞ്ഞുപോകാൻ പ്രതിഷേധക്കാർ തയ്യാറാകാതിരുന്നതോടെ ബ്രിസ്റ്റോളിൽ വീണ്ടും സംഘർഷം. സർക്കാർ പുതിയതായി കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പൊലീസ് ക്രൈം, സെന്റൻസിങ് ആൻഡ് കോർട്ട്സ് ബില്ലിനെതിരെയുള്ള പ്രതിഷേധം വീണ്ടും കനക്കുകയാണ്. ഇന്നലെ രാത്രി പത്തുമണിയോടെ ബ്രിസ്റ്റോളിലെ കോളേജ് ഗ്രീൻ സെന്ററിൽ തമ്പടിച്ച കിൽ ദി ബിൽ പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് സംഘർഷമുണ്ടായത്. ഏകദേശം 150-ഓളം വരുന്ന പ്രതിഷേധക്കാർ നേരത്തെ സെന്ററിൽ ടെന്റുകൾ ഉയർത്തിയിരുന്നു.
പ്രതിഷേധക്കാരെ ടെന്റുകളിൽ നിന്നും ഒഴിപ്പിക്കാൻ നൂറോളം റയട്ട് പൊലീസ് സംഭവസ്ഥലത്തെത്തി. അവർക്ക് പിന്തുണയുമായി കുതിരപ്പുറത്തേറിയ പൊലീസും പൊലീസ് നായ്ക്കളും ഉണ്ടായിരുന്നു. എന്നാൽ പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ കുത്തിയിരിപ്പ് തുടരുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാർക്കൊപ്പമുണ്ടായിരുന്ന രണ്ട് വനിതകൾ പറഞ്ഞത് മുന്നറിയിപ്പൊന്നുമില്ലാതെ പൊലീസ് അക്രമത്തിനു മുതിരുകയായിരുന്നു എന്നാണ്.
പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ വിസമ്മതിച്ചു എങ്കിലും ഞായറാഴ്‌ച്ച ഉണ്ടായതുപോലെ പൊലീസിന് നേരെ കല്ലേറൊന്നും ഉണ്ടായില്ല എന്നാണ് ദൃക്സാക്ഷികളും പറയുന്നത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഒത്തുചേർന്ന ആൾകൂട്ടത്തെ പിരിച്ചുവിടുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്‌ച്ച നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് മുൻകരുതൽ എടുക്കുകയായിരുന്നു എന്നും പൊലീസ് വക്താവ് പറഞ്ഞു.
രാത്രി 11 മണിയോടെ പൊലീസും പ്രതിഷേധക്കാരും കോളേജ് ഗ്രീൻ സെന്ററിൽ നിന്നും പിന്മാറിയെങ്കിലും നല്ലൊരു ആൾക്കൂട്ടം ഡീനറി റോഡിൽ തന്നെ നിലയുറപ്പിച്ചു. അവർ പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല. തുടർന്നാണ് ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ബലം പ്രയോഗിച്ചത്. ഞായറാഴ്‌ച്ച നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ പൊലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. കോളേജ് ഗ്രീനിന്റെ ഇരു ഭാഗത്തുനിന്നുമായാണ് പൊലീസ് പ്രതിഷേധക്കാരെ സമീപിച്ചത്.
പ്രതിഷേധങ്ങളെ നേരിടാൻ പൊലീസിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന പുതിയ ബില്ല് ജനാധിപത്യ വിരുദ്ധമാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ പ്രതിഷേധിക്കുക എന്നത് ആരുടെയും അവകാശമാണെന്നും അവർ പറയുന്നു. ഇതിനോടകം ജനപ്രതിനിധി സഭയിൽ രണ്ടാം റീഡിങ് കഴിഞ്ഞ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുന്ന ബിൽ ഇനി കമ്മിറ്റിയുടെ വിശദമായ റിപ്പോർട്ടോടെ മൂന്നാം തവണയും സഭയിൽ എത്തും മൂന്നാം റീഡിംഗും വിജയകരമായി പൂർത്തിയാക്കിയാൽ, ഇത് പ്രഭു സഭയിലേക്ക് പരിഗണനയ്ക്ക് വിടും.
പ്രഭുസഭയിലും ഇത് പസ്സായാൽ ഈ ബിൽ നിയമമാകും. ലേബർ പാർട്ടി അംഗങ്ങൾ ഈ ബില്ലിനെ ശക്തമായി എതിർക്കുന്നുണ്ടെങ്കിലും, ജനപ്രതിനിധി സഭയിൽ രണ്ടു റീഡിംഗുകൾ പൂർത്തിയാക്കാൻ ആയതിനാൽ, ഇത് നിയമമാകുവാനുള്ള സാധ്യത ഏറെയാണ്.