ലോകമാകെ വീക്ഷിച്ച ഒരു ടെലിവിഷൻ പരിപാടിയായിരുന്നു ഓപ്ര വിൻഫ്രിക്ക് ഹാരിയും മേഗനും നൽകിയ അഭിമുഖം. വൻവിവാദങ്ങൾക്ക് വഴിതെളിച്ച നിരവധി വെളിപ്പെടുത്തലുകളാണ് അവർ അതിലൂടെ നടത്തിയത്. ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ, വംശീയവിദ്വേഷം പുലർത്തുന്നു എന്നഗുരുതരമായ ആരോപണം പോലും ഉന്നയിച്ചിരുന്നു. എന്നാൽ, ബ്രിട്ടീഷ് ജനതയെ മുഴുവൻ രോഷാകുലരാക്കിയ വെളിപ്പെടുത്തൽ മറ്റൊന്നായിരുന്നു. ആഘോഷപൂർവ്വം നടത്തിയ വിവാഹത്തിനു മൂന്ന് ദിവസം മുൻപ് തന്നെ തങ്ങൾ വിവാഹിതരായിരുന്നു എന്നായിരുന്നു ആ വെളിപ്പെടുത്തൽ.

ബ്രിട്ടീഷ് ഖജനാവിൽ നിന്നും 32 മില്ല്യൺ പൗണ്ട് ചെലവഴിച്ചായിരുന്നു ആഡംബര വിവാഹം നടത്തിയത്. മൂന്നു ദിവസം മുൻപ് വിവാഹം നടത്തിയിരുന്നെങ്കിൽ പിന്നെ നികുതിദായകന്റെ പണം ഈ നാടകത്തിനായി ചെലവഴിച്ചതെന്തിനെന്നായിരുന്നു ഈ അഭിമുഖം കഴിഞ്ഞയുടനെ ഉയർന്ന ചോദ്യം. ഹാരിയും മേഗനും ചേർന്ന് ഒരു ജനതയെ മുഴുവൻ വിഢികളാക്കുകയായിരുന്നു എന്നായിരുന്നു പൊതുവേ ഉയർന്ന വികാരം.

വിവാദ പരാമർശം നടത്തി രണ്ടാഴ്‌ച്ചകൾക്ക് ശേഷം ഇപ്പോൾ അത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹാരിയും മേഗനും. വിവാഹത്തിന് മൂന്നു ദിവസങ്ങൾക്ക് മുൻപ് അവർ പള്ളിയിൽ പോയിരുന്നു എന്ന് സ്ഥിരീകരിച്ച ഹാരിയുടെ ഒരു വക്താവ് പറഞ്ഞത്, അവർ ഒരിക്കൽ കൂടി പരസ്പരമുള്ള സ്നേഹം ഊട്ടിയുറപ്പിക്കുവാനായിരുന്നു അന്ന് ഒരുമിച്ച് പള്ളിയിൽ പോയിരുന്നത് എന്നാണ്. അന്ന് വിവാഹം നടന്നില്ല എന്നും അയാൾ വ്യക്തമാക്കുന്നു.

ജീവിതത്തിൽ ഒന്നായി ചേരുന്ന നിമിഷം തീർത്തും സ്വകാര്യമായിരിക്കണം എന്നാഗ്രഹമുള്ളതിനാലാണ് ഇങ്ങനെ വിവാഹം കഴിച്ചതെന്നായിരുന്നു അഭിമുഖത്തിൽ മേഗൻ പറഞ്ഞത്. എന്നാൽ, ജനറൽ റെജിസ്റ്റർ ഓഫീസ് ഇന്നലെ പുറത്തുവിട്ട ഹാരിയുടെയും മേഗന്റെയും വിവാഹ സർട്ടിഫിക്കറ്റാണ് മേഗന്റെ ഈ പ്രസ്താവന പൊളിച്ചത്. സർട്ടിഫിക്കറ്റ് അനുസരിച്ച് ഇവർ വിവാഹം കഴിച്ചിരിക്കുന്നത് 2018 മെയ്‌ 19 ന് വിൻഡ്സർ കാസിലിൽ നടന്ന ആഡംബര ചടങ്ങിൽ വച്ചായിരുന്നു. മേഗൻ വിവാഹത്തെക്കുറിച്ച് ആശയക്കുഴപ്പത്തിലായിരിക്കാം അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാകാം എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

കാന്റർബറി ആർച്ച്ബിഷപ്പിനു മുന്നിൽ മൂന്നുദിവസം മുൻപ് ഇവർ വിവാഹിതരായിരുന്നില്ല എന്നും മെയ്‌ 19 ന് നടന്ന ചടങ്ങുതന്നെയാണ് ഇവരുടെ വിവാഹമായി നിയമവും ചർച്ച് ഓഫ് ഇംഗ്ലണ്ടും അംഗീകരിച്ചിരിക്കുന്നതെന്നും ഒരു സർക്കാർ വക്താവ് അറിയിച്ചു. പരസ്പരം നൽകിയ വാഗ്ദാനങ്ങൾ പുതുക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും പുതിയ പ്രതിജ്ഞകൾ എടുക്കുകയോ ഒക്കെ അവർ ചെയ്തിരിക്കാം. അതല്ലാതെ അവർ പള്ളിയിൽ വച്ച് വിവാഹിതരായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവാഹക്കാര്യത്തിൽ നുണപറഞ്ഞെന്ന് സ്വയം സമ്മതിച്ച മെഗന്റെ മറ്റ് ആരോപണങ്ങളും എങ്ങനെ വിശ്വസിക്കാനാകുമെന്നാണ് പ്രശസ്ത മാധ്യമ പ്രവർത്തകയും കോളമിസ്റ്റുമായ സാറാ വൈൻ ചോദിക്കുന്നത്. നേരത്തേ ആരോപണമുയർന്നതുപോലെ വെള്ളിവെളിച്ചത്തിൽ നിൽക്കുവാനുള്ള ഹാരിയുടെയും മേഗന്റെയും ഒരു അടവുമാത്രമായിരുന്നുഈ അഭിമുഖമെന്നാണ് ഇപ്പോൾ പൊതുവെ ഉയരുന്ന അഭിപ്രായം. ലോക ശ്രദ്ധയാകർഷിക്കുവാൻ സ്വന്തം കുടുംബത്തിനെ കരിവാരി തേയ്ക്കേണ്ടതുണ്ടായിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്.

ജോലിഭാരം കാരണം രാജിവച്ച് മേഗന്റെ വലംകൈ

ഉദ്യോഗത്തിൽ കയറി 11 മാസം മാത്രം പൂർത്തിയാക്കുമ്പോൾ ഹാരിയുടെയും മേഗന്റെയും ചീഫ് ഓഫ് സ്റ്റാഫ് കാതറിൻ ലോറന്റ് രാജിവച്ചിരിക്കുന്നു. രാജദമ്പതികൾ പുതിയതായി ആരംഭിച്ച സന്നദ്ധസംഘടനയായ ആർച്ച്വെല്ലിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ കൂടിയാണ് ലോറന്റ്. തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു രാജി എന്നാണ് ഇപ്പോൾ ലഭിക്കുന്നവിവരം. ഔദ്യോഗിക കരാറിൽ ഉണ്ടായിരുന്നതിനു പുറമേ അതിൽ ഉൾപ്പെടാത്ത കാര്യങ്ങളും ചെയ്യുവാൻ നിർബന്ധിതയായതിനാലാണ് അവർ രാജിവച്ചത് എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

ഇതുവരെ രണ്ട് പേഴ്സണൽ അസിസ്റ്റന്റുമാരും മറ്റു ചില ജീവനക്കാരും ഹാരിയേയും മേഗനേയും വിട്ടുപോയിട്ടുണ്ട്. ബിൽ ആൻഡ് മെലിൻഡ ഗേയ്റ്റ്സ് ഫൗണ്ടേഷനിൽ ജോലിചെയ്യുന്നതിനിടയിലാണ് ഹാരിയും മേഗനും ലോറന്റിനെതങ്ങളുടെ കൂടെ കൂട്ടിയത്. തീർത്തും അമൂല്യമായ ആസ്തിയാണ് ലോറന്റ് എന്നായിരുന്നു അവരെ നിയമിക്കുന്ന സമയത്ത് ഹാരിയും മേഗനും പറഞ്ഞിരുന്നത്.