കോവിഡ് മൂലം മരണമടഞ്ഞ 1,26,000 ബ്രിട്ടീഷുകാരുടെ സ്മരണകൾക്ക് മുൻപിൽ വിളക്കുതെളിയിച്ചാണ് ഒന്നാം ലോക്ക്ഡൗണിന്റെ ഒന്നാം പിറന്നാൽ ബ്രിട്ടൻ ആചരിച്ചത്. കോവിഡ് പ്രതിസന്ധിയെ കുറിച്ചും, അത് കൈകാര്യം ചെയ്ത രീതിയെ കുറിച്ചുമുള്ള ഒരു വിലയിരുത്തൽ കൂടിയായി ഈ സന്ദർഭം. ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ വീടിന്റെ മുന്നിൽ മെഴുകുതിരി കത്തിച്ച് മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ചപ്പോൾ ബോറിസ് ജോൺസൺ മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു. രാജ്ഞിയും അസാധാരണമായ പൊതുപ്രസ്താവനയിലൂടെ അനുശോചനം അറിയിച്ചു.

2020 മാർച്ച് 23 നായിരുന്നു തികച്ചും അപ്രതീക്ഷിതമായി ബോറിസ് ജോൺസൺ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അന്ന് ആയിരത്തിൽ താഴെ ആളുകൾ മാത്രമായിരുന്നു കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ടായിരുന്നത്. ഏപ്രിലിൽ കോവിഡ് ബാധിച്ച് ബോറിസ് ജോൺസനും ഇന്റൻസീവ് കെയറിൽ അഭയം പ്രാപിക്കേണ്ടതായി വന്നിരുന്നു. രാജ്യം കടന്നുപോയത് തികച്ചും ഇരുളടഞ്ഞ ഒരു വർഷത്തിലൂടെയായിരുന്നു എന്ന് പറഞ്ഞ ബോറിസ് ജോൺസൺ ഇക്കാലയളവിൽ ബ്രിട്ടീഷ് ജനതയുടെ ആത്മധൈര്യവും മനസ്സാന്നിദ്ധ്യവും ദൃശ്യമായി എന്നും പറഞ്ഞു.

അതേസമയം ലോക്ക്ഡൗണിന്റെ ഒന്നാം വാർഷികം കോവിഡിനെതിരെ കൈക്കൊണ്ട നടപടികളുടെ ഒരു വിശകലനം കൂടിയായി. രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ഇതിന്റെ വ്യാപ്തിയും ഗൗരവവും എത്രമാത്രം ഉണ്ടാകുമെന്ന കാര്യം മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ശരിക്കും ഇരുട്ടിൽ തപ്പുകയായിരുന്നു. ലക്ഷണങ്ങൾ കാണിക്കാതെയും കോവിഡിന് പകരാനാകുമെന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ തങ്ങളുടെ സമീപനം മറ്റൊന്നാകുമായിരുന്നെന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ശാസ്ത്രോപദേഷ്ടാവു പാട്രിക് വാലൻസും മെഡിക്കൽ ചീഫ് ക്രിസ് വിറ്റിയും പറഞ്ഞു.

കൊറോണയെന്ന അതിസൂക്ഷ്മ വൈറസിനെ സംബന്ധിച്ച് ശാസ്ത്രം കൂടുതൽ കണ്ടെത്തുന്നതുവരെ, മാസങ്ങളോളം തങ്ങൾ ഇരുളിലായിരുന്നു യുദ്ധം ചെയ്തിരുന്നത് എന്നും അവർ പറഞ്ഞു. പുത്തൻ തലമുറയ്ക്ക് വിദ്യാഭ്യാസം നഷ്ടപ്പെടും എന്നതായിരുന്നു തന്നെ ഏറെ വ്യാകുലപ്പെടുത്തിയത് എന്ന് ബോറിസ് ജോൺസൺ പറഞ്ഞു. ഒന്നാം വരവിന്റെ മൂർദ്ധന്യഘട്ടത്തിൽ ആവശ്യത്തിന് പരിശോധനാ സംവിധാനങ്ങൾ ഇല്ലാതെ പോയതും വലിയ വീഴ്‌ച്ചകൾക്ക് ഇടവരുത്തി എന്ന് പ്രൊഫസ്സർ വിറ്റിയും സർ പാട്രിക്കും പറഞ്ഞു.

അതേസമയം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എത്രയും പെട്ടെന്ന്‌നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഒരു കൂട്ടം കൺസർവേറ്റീവ് പാർട്ടി നേതാക്കൾ ഇന്നലെയും രംഗത്തെത്തി. വാക്സിൻ പദ്ധതി അതിന്റെ ലക്ഷ്യം കണ്ടെത്തിയാലും ഈസ്റ്ററിനു മുൻപായി സ്വാതന്ത്ര്യം തിരിച്ചുവരില്ലെന്ന് സമ്മതിക്കാൻ ബോറിസ് ജോൺസൺ തയ്യാറാകണമെന്ന് മുൻ മന്ത്രി കൂടിയായ കോവിഡ് റിക്കവറി ഗ്രൂപ്പ് ഡെപ്യുട്ടി ചെയർമാൻ സ്റ്റീർ ബേക്കർ ആവശ്യപ്പെട്ടു.

മുൻപ് ഒരു സർക്കാരും നേരിടാത്ത ഒരു പ്രതിസന്ധിയാണ് തന്റെ സർക്കാർ നേരിട്ടത് എന്നറിയിച്ച ബോറിസ് ജോൺസൺ, കോവിഡിന്റെ ശക്തി ശരിക്കും മനസ്സിലാക്കുന്നതിൽ ശാസ്ത്രം വൈകിയതാണ് സാഹചര്യം ഇത്ര രൂക്ഷമാകാനുള്ള കാരണമെന്നും പറഞ്ഞു. ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ കോവിഡ് പകരുമെന്ന് ആദ്യ ഘട്ടത്തിൽ അറിയില്ലായിരുന്നു, അദ്ദേഹം പറഞ്ഞു. അതേസമയം, രാപകലില്ലാതെ രോഗത്തേയും രോഗാണുവിനേയും കുറിച്ച് പഠനം നടത്താൻ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ചെയ്ത കഠിനാദ്ധ്വാനത്തെ അദ്ദേഹം അഭിനന്ദിച്ചു.

ഒരു മൂന്നാം തരംഗം ഒഴിവാക്കാനാകാത്തതാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഈ വർഷത്തെ വേനല്ക്കാലയാത്രകൾ ഒരുപക്ഷെ മറ്റൊരു ലോക്ക്ഡൗണിന് കാരണമായേക്കാമെന്ന മുന്നറിയിപ്പും നൽകി. യൂറോപ്പിലാകമാനം ഇപ്പോൾ മൂന്നാം തരംഗം ആഞ്ഞടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതോടെ ഇത്തവണയും വേനൽക്കാല യാത്രകൾ ബ്രിട്ടനുള്ളിൽ തന്നെ ഒതുക്കേണ്ടി വരുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ബ്രിട്ടീഷ് എയർവേയ്സും ജെറ്റും കൂടുതൽ വിമാനസർവ്വീസുകൾ റദ്ദ് ചെയ്തു. അനുവദിച്ചില്ലെങ്കിൽ, ഒഴിവുകാല യാത്രകൾക്ക് ഒരുങ്ങുന്നവർക്ക് 5000 പൗണ്ട് പിഴ ഒടുക്കേണ്ടതായിവരും.