- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രോഗ വ്യാപന തോതിലും മരണനിരക്കിലും നേരിയ വർദ്ധനവ്; രണ്ടാം തരംഗം ഏതാണ് അവസാനിക്കാറായി എന്ന് ശാസ്ത്രലോകം; കോവിഡ് പേടിയിൽ നിന്നും ബ്രിട്ടൻ സാവധാനം കരകയറുന്നു

കോവിഡിന്റെ മൂന്നാം വരവിന്റെ ആശങ്കയുയർത്തി ഇന്നലെ രോഗവ്യാപനതോതിലും പ്രതിദിന മരണനിരക്കിലും നേരിയ വർദ്ധനവ് പ്രകടമായി. എന്നാൽ, ഭയപ്പെട്ടതുപോലെ രണ്ടും ഉയർന്നിട്ടില്ലെന്നും, കോവിഡിന്റെ രണ്ടാം തരംഗം കെട്ടടങ്ങുന്നു എന്നതിന്റെ സൂചനയാണിതെന്നുമാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. 5,379 പുതിയ രോഗികളുമായി രോഗവ്യാപന തോത് കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 1.6 ശതമാനം വർദ്ധിച്ചപ്പോൾ പ്രതിദിന മരണനിരക്കിൽ ദൃശ്യമായത് 1.6 ശതമാനത്തിന്റെ വർദ്ധനവാണ്.
എന്നിരുന്നാൽ കൂടി പൊതുവിൽ രോഗവ്യാപനം കുറയുന്നതായാണ് വിലയിരുത്തപ്പെടുന്നത്, കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും വിജയകരമായി മുന്നേറുന്ന വാക്സിൻ പദ്ധതിയും ഇതിന് ബ്രിട്ടനെ ഏറെ സഹായിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലും വെയിൽസിലും, കഴിഞ്ഞ ആഗസ്റ്റിനുശേഷം അധിക മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു മാസമായി മാർച്ച് മാറുകയാണെന്ന ഓഫീസ് ഫോ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ടും ആശ്വാസമേകുന്നതാണ്. ഒന്നാം ലോക്ക്ഡൗണിന് കാരണമായ റിപ്പോർട്ട് തയ്യാറാക്കിയതിനാൽ പ്രൊഫസർ ലോക്ക്ഡൗൺ എന്നറിയപ്പെടുന്ന പ്രൊഫസർ നീൽ ഫെർഗുസനും കോവിഡിന്റെ രണ്ടാം തരംഗം കെട്ടടങ്ങുന്നു എന്ന അഭിപ്രായം തന്നെയാണുള്ളത്.
അതേസമയം, തീർച്ചയായും ബ്രിട്ടന് കോവിഡിന്റെ മൂന്നാം തരംഗത്തേക്കൂടി അഭിമുഖീകരിക്കേണ്ടതായി വരുമെന്ന മുന്നറിയിപ്പുമായി ഇംഗ്ലണ്ടിന്റെ മെഡിക്കൽ ചീഫ് പ്രൊഫസർ ക്രിസ് വിറ്റി രംഗത്തെത്തി. വരുന്ന ശൈത്യകാലത്തിനു തൊട്ടു മുൻപോഅതിനു ശേഷമോ ഇത് ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വാക്സിൻ പദ്ധതിയിലൂടെ കോവിഡിൽ നിന്നും മുക്തിനേടാം എന്നുള്ള പ്രത്യാശയാണ് ഇന്നലെ ബോറിസ് ജോൺസൺ പ്രകടിപ്പിച്ചത്. ആദ്യ ലോക്ക്ഡൗണിന്റെ ഒന്നാം വാർഷികാചരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
അനുകൂലമായ സാഹചര്യങ്ങൾ നിലവിലിരിക്കുമ്പോഴും ലോക്ക്ഡൗൺ പിൻവലിക്കുന്ന നടപടി വൈകിക്കുന്നതിൽ കടുത്ത എതിർപ്പും ഉയർന്നിട്ടുണ്ട്. എത്രയും പെട്ടെന്ന് നിയന്ത്രണങ്ങൾ നീക്കംചെയ്യണമെന്ന ആവശ്യം പലകോണുകളിൽ നിന്നായി ഉയർന്നുവന്നിട്ടുണ്ട്. എന്നാലും മുൻനിശ്ചയപ്രകാരം മാത്രമേ എല്ലാം നടക്കുകയുള്ളു എന്ന നിലപാടിലാണ് ബോറിസ് ജോൺസൺ. യൂറോപ്പിൽ മൂന്നാം തരംഗം ശക്തിപ്രാപിച്ചതിനെ തുടർന്ന് യൂറോപ്പിലേക്കുള്ള വേനൽക്കാല ഉല്ലാസയാത്രകൾ ഒഴിവാക്കേണ്ടതായി വരും എന്ന സൂചനയും അദ്ദേഹം നൽകുകയുണ്ടായി.
കോവിഡിന്റെ മൂന്നാം വരവ് തടയുന്നതിനും അതുപോലെ ജനിതകമാറ്റം സംഭവിച്ച പുതിയ ഇനങ്ങൾ വ്യാപിക്കുന്നത് തടയുവാനും ചില കരുതലുകൾ ആവശ്യമാണെന്നു തന്നെയാണ് ഈ രംഗത്തെ വിദഗ്ദർ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ആവശ്യമില്ലാത്ത വിദേശയാത്രകൾ ഒഴിവാക്കുവാനായി ഇവർ ആവശ്യപ്പെടുന്നു.

