ഇരിങ്ങാലക്കുട: മണ്ഡലം നേരിടുന്ന കാലാവസ്ഥാ വ്യതിയാന ഭീഷണികൾ മനസ്സിലാക്കുന്നതിനും അവ രേഖപ്പെടുത്തുന്നതിനും പരിഹരിക്കുന്നതിനുമായി, ഒരു ടെക്നോളജി സ്റ്റർട്ടപ്പിന്റെ സഹായത്തോടെ, ദീർഘകാലാടിസ്ഥാനത്തിൽ, സമഗ്രവും സുസ്ഥിരവുമായ കർമ്മപദ്ധതി ഒരുങ്ങുന്നു.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ഡോ.ജേക്കബ് തോമസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാകുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിസന്ധികളെ മുൻകൂട്ടിക്കണ്ട്, അവയെ പ്രതിരോധിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ലോക കാലാവസ്ഥാ പഠന ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു പുതിയ പദ്ധതി ഡോ.ജേക്കബ് തോമസ് അവതരിപ്പിച്ചത്

വെള്ളപ്പൊക്കത്തിനു ശേഷമുള്ള മറ്റ് സാമൂഹിക സംരംഭങ്ങളിൽ നിന്ന് വ്യത്യസ്തമായി, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ദീർഘകാല നടപടികൾക്കായി ശാസ്ത്രീയ അടിത്തറയുള്ള വിലയിരുത്തലുകൾ, വിവരശേഖരണം, നിർമ്മാണം, പ്രാദേശിക തലത്തിലുള്ള നിരീക്ഷണം എന്നിവ ആവശ്യമാണ്.

ഐഐടി ബോംബെയിലെയും എൻഐടി കാലിക്കട്ടിലെയും പൂർവ്വ വിദ്യാർത്ഥികൾ ആരംഭിച്ച ടെക്‌നോളജി സ്റ്റാർട്ട്-അപ്പ് ആയ ഇക്വിനോക്റ്റ് ആണ് സാങ്കേതിക സഹായം നൽകുന്നത്. പദ്ധതി നിർവ്വഹണത്തിൽ പീപ്പ്ൾസ് ഫോറം ഫോർ സസ്‌റ്റൈനബിൾ ഡെവലപ്‌മെന്റ് എന്ന സന്നദ്ധ സംഘടനയുടെ പങ്കാളിത്തവുമുണ്ട്.

വെള്ളപ്പൊക്കം, വരൾച്ച എന്നിവയ്ക്കായി ആദ്യമേ തന്നെ മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനം നിർമ്മിക്കുന്നതിനായി മഴയും ഭൂഗർഭജലനിരപ്പും നിരീക്ഷിക്കേണ്ടതുണ്ട്. ഇതിനായി തദ്ദേശ വാസികളുടെ ഒരു ശൃംഖല രൂപീകരിക്കുകയാണ് ആദ്യ ഘട്ടം.

സമൂഹാധിഷ്ഠിത ദുരന്തനിവാരണ പദ്ധതി സൃഷ്ടിക്കുന്നതിനായി പ്രദേശത്തിന്റെ ടോപ്പോഗ്രാഫിക് സർവേയുടെ അടിസ്ഥാനത്തിലാണ് വെള്ളപ്പൊക്കത്തിന്റെയും പ്രളയത്തിന്റെയും മാപ്പിങ് നടക്കുന്നത്. ഫ്‌ളഡ് മാപ്പിംഗിന് മുൻപ് ഒരു ബെഞ്ച്മാർക്ക് സർവേ നടത്തും - ഡോ.ജേക്കബ് തോമസ് പറഞ്ഞു.