ന്യൂഡൽഹി:സോളാർ കേസിൽ സിബിഐ.പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയോട് സിബിഐ. ഓഫീസിൽ ഇന്ന് ഹാജരാകാനാണ് നിർദ്ദേശം. പരാതിക്കാരി ഡൽഹിയിലെത്തിയതായാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് സിബിഐ.ഉദ്യോഗസ്ഥർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കും.

പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ സിബിഐ. അന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പേഴ്സണൽ മന്ത്രാലയം പരാതിയുടെ പകർപ്പ് സിബിഐക്ക് കൈമാറുകയാണ് ഉണ്ടായത്. ഇങ്ങനെ ഒന്ന് ലഭിക്കുമ്പോൾ ക്വിക്ക് വെരിഫിക്കേഷൻ നടത്തുക എന്നുള്ളത് സിബിഐ. നടപടിയാണ്.

അതിന്റെ അടിസ്ഥാനത്തിൽ വിവരശേഖരണമുൾപ്പടെയുള്ള പ്രാഥമിക അന്വേഷണം നടത്തുന്നതായാണ് വിവരം. ഇന്ന് പരാതിക്കാരി സിബിഐ. ഡയറക്ടർ ജനറൽ യോഗേഷ് ചന്ദർ മോദിയെ കാണും. തുടർന്ന് ഈ കേസിന്റെ എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കേണ്ടതുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ സിബിഐ നിലപാട് സ്വീകരിക്കും.