- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലെ അറിയപ്പെടുന്ന ആയുർവേദ കേന്ദ്രത്തിന്റെ പേരിൽ ജോലി വാഗ്ദാനം; വാക്ക് വിശ്വസിച്ച് അജ്മാനിലെത്തിയ യുവതി ചെന്ന് പെട്ടത് അനാശാസ്യ കേന്ദ്രത്തിൽ; സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ രക്ഷപ്പെട്ട മലയാളി യുവതിയ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി
ഷാർജ: ജോലി വാഗ്ദാനത്തിൽ കുടുങ്ങി അജ്മാനിലെത്തി അനാശാസ്യ കേന്ദ്രത്തിൽ ചെന്നുപെട്ട മലയാളിയുവതിയെ സാമൂഹികപ്രവർത്തകർ രക്ഷപ്പെടുത്തി. അജ്മാനിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരുടെ ഫ്ലാറ്റിൽ കുടുങ്ങിയ കൊട്ടാരക്കര സ്വദേശിയായ യുവതിയെയാണ് സാമൂഹികപ്രവർത്തകർ തിങ്കളാഴ്ച രാത്രിയോടെ രക്ഷിച്ചത്.യുവതിയെ ഉടൻ നാട്ടിലെത്തിക്കും. പാസ്പോർട്ട് തിരികെ വാങ്ങി രണ്ടുദിവസത്തിനുള്ളിൽ യുവതിയെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമം നടക്കുകയാണ്.
യുവതിയുടെ പാസ്‌പോർട്ട് തിരികെ കിട്ടാനുള്ള കാലതാമസമാണ് യാത്ര വൈകിപ്പിക്കുന്നത്. പാസ്‌പോർട്ട് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഏൽപ്പിക്കാമെന്നാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാർ പറഞ്ഞതെന്ന് സാമൂഹികപ്രവർത്തകർ അറിയിച്ചു. ഒരാഴ്ചമുൻപ് നാട്ടിൽ നിന്നും യു.എ.ഇ.യിൽ എത്തിയ യുവതിയാണ് ചതിക്കുഴിയിൽ വീണത്. നാട്ടിലെ അറിയപ്പെടുന്ന ആയുർവേദ കേന്ദ്രത്തിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ ചതിയിൽപ്പെടുത്തിയത്.
വിവാഹം കഴിഞ്ഞ് രണ്ട് മാസമേ ആയിരുന്നുള്ളൂ. ആയുർവേദ നഴ്സിങ് പഠിച്ച പെൺകുട്ടിയെ നാട്ടിലെ അറിയപ്പെടുന്ന സ്ഥാപനത്തിന്റെപേരിൽ തെറാപ്പിസ്റ്റ് ജോലിയാണ് വാഗ്ദാനം ചെയ്താണ് ഗൾഫിൽ എത്തിച്ചത. അജ്മാനിൽ എത്തിയതിനുശേഷമാണ് ചതി തിരിച്ചറിഞ്ഞതെന്നും യുവതി പറയുന്നു. മാസം 30,000 രൂപ യുവതിക്ക് ശമ്പളം നൽകുമെന്നും തുടക്കത്തിൽ 'കമ്പനി' പറഞ്ഞിരുന്നു. നാട്ടിൽനിന്ന് വരാനായി 15,000 രൂപ വിമാനടിക്കറ്റിന് ചെലവായി.
വിമാനത്താവളത്തിൽ എത്തിയ ഉടൻ പെൺകുട്ടിയെ അനാശാസ്യകേന്ദ്രം നടത്തിപ്പുകാർ കൊണ്ടുപോകുകയും തടവിലാക്കുകയും ആയിരുന്നു. ഫോൺ ചെയ്യാനോ പുറത്തുപോകാനോ അനുവാദമുണ്ടായിരുന്നില്ല. ആഹാരം ഹോട്ടലിൽനിന്ന് പണം കൊടുത്തുവാങ്ങി കഴിക്കണം. വരുന്ന ആളുകളുടെയടക്കം മർദനവും ഒരാഴ്ചകൊണ്ട് സഹിക്കേണ്ടിവന്നിട്ടുണ്ട്. വിമാനത്താവളത്തിൽനിന്ന് നടത്തിപ്പ് ചുമതലയുള്ള ഒരുസ്ത്രീയാണ് കൂട്ടിക്കൊണ്ടുവന്നതെന്നും യുവതി പറഞ്ഞു.
കേരളത്തിലെ ഒരു ആയുർവേദകേന്ദ്രത്തിന്റെ വ്യാജപേരിൽ നാട്ടിൽനിന്ന് യുവതികളെ കൊണ്ടുവന്ന് അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നതായാണ് വിവരം. അജ്മാനിലെ ഫ്‌ളാറ്റിൽ ഇത്തരത്തിൽ മൂന്നുമലയാളി യുവതികളടക്കം നാലുപേർകൂടി കുടുങ്ങിയിരിക്കുകയാണെന്നും അവരേയും നാട്ടിലെത്തിക്കാനുള്ള ശ്രമം ഇന്ത്യൻ അസോസിയേഷന്റെ സഹകരണത്തോടെ തുടരുമെന്നും സാമൂഹികപ്രവർത്തകർ അറിയിച്ചു.