- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തര കൊറിയയിൽ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചെന്ന് സ്ഥിരീകരിച്ച് ജപ്പാൻ; പതിവ് നമ്പറെന്ന് ആരോപിച്ച് ചിരിച്ചു തള്ളി ജോ ബൈഡൻ; ട്രംപ് ഒഴിഞ്ഞതോടെ സമ്മർദ്ദങ്ങളുമായി വീണ്ടും കിം ജോംഗ് ഉൻ

താടിയുള്ളപ്പനേ പേടിയുള്ളു എന്ന് വ്യക്തമാക്കുകയാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. ട്രംപ്സ്ഥാനമൊഴിഞ്ഞതോടെ മിസൈൽ പരീക്ഷണങ്ങളുമായി മുന്നോട്ടുപോവുകയാണ് ഉത്തരകൊറിയ. അവർ ബാലിസ്റ്റിക് പരീക്ഷണം നടത്തിയതായി വെളിപ്പെടുത്തിയത് ജപ്പാന്റെ തീരദേശ സേനയാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ ക്രൂയിസ് മിസൈൽ പരീക്ഷണം നടത്തിയതോടെ മേഖലയിൽ സംഘർഷാവസ്ഥ ഉരുണ്ടുകൂടിയിരുന്നു. ഈ പുതിയ പരീക്ഷണത്തോടെ അത് കൂടുതൽ കനക്കുകയാണ്.
ഐക്യരാഷ്ട്ര സഭ സെക്യുരിറ്റി കൗൺസിലിന്റെ പ്രമേയം അനുസരിച്ച് ബാലിസ്റ്റിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ നിന്നും ഉത്തരകൊറിയയ്ക്ക് വിലക്കുണ്ട്. എന്നാൽ, ക്രൂയിസ് മിസൈൽ പരീക്ഷിക്കുന്നതിൽ തടസ്സമില്ല. ബാലിസ്റ്റിക് മിസൈലിനേക്കാൾ കുറഞ്ഞ ഉയരത്തിലും വേഗതയിലുമാണ് ക്രൂയിസ് മിസൈൽ സഞ്ചരിക്കുക. അതുകൊണ്ട് തന്നെ അവയെ തടയുവാനും താരതമ്യേന എളുപ്പമാണ്. എന്നാൽ, കൃത്യതയുടെ കാര്യത്തിൽ ഇവ ബാലിസ്റ്റിക് മിസൈലുകളേക്കാൾ മികച്ചതുമാണ്.
ഇന്നലെ നടത്തിയ പരീക്ഷണം ബാലിസ്റ്റിക് മിസൈലുകളുടേതാണെന്ന് ഉറപ്പായാൽ, മേഖലയിൽ സംഘർഷം കൂടുതൽ കനക്കും. അമേരിക്കയും ദക്ഷിണകൊറിയയും സംയുക്തമായി സൈനിക അഭ്യാസം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി കിമ്മിന്റെ സഹോദരി രംഗത്തുവന്നിട്ട് ഏതാനും ദിവസങ്ങൾക്കകമാണ് ഉത്തര കൊറിയ രണ്ട് ഹ്രസ്വദൂര മിസൈലുകൾ പരീക്ഷിച്ചത് എന്നത് ശ്രദ്ധേയമാണ്. ബൈഡന്റെ ഓഫീസിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരും ഞായറാഴ്‌ച്ചയിലെ പരീക്ഷണത്തിന്റെ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തേ, ആണവായുധ കാര്യത്തിൽ മുടങ്ങിക്കിടക്കുന്ന ചർച്ചകൾ പുനരാരംഭിക്കാം എന്ന അമേരിക്കയുടെ വാഗ്ദാനം ഉത്തരകൊറിയ നിരാകരിച്ചിരുന്നു. മാത്രമല്ല, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, കഴിഞ്ഞ ദിവസം തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഉത്തരകൊറിയയെ ആണവായുധ പരിപാടികളിൽ നിന്നും പിന്തിരിപ്പിക്കണമെന്ന് ചൈനയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ആണവായുധങ്ങൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ഐക്യ രാഷ്ട്ര സഭയുടെ പ്രമേയത്തിൽ ഉൾപ്പെട്ടിട്ടില്ല എന്ന കാരണം ചൂണ്ടിക്കാണിച്ച്, മിസൈൽ പരീക്ഷണത്തെ അവഗണിക്കുവാനാണ് അമേരിക്ക ശ്രമിക്കുന്നത്.
മിസൈൽ പരീക്ഷണത്തെ ഒരു പ്രകോപനമായി കണക്കാക്കുന്നില്ല എന്നാണ് ജോ ബൈഡൻ പറഞ്ഞത്. അതേസമയം, ബുധനാഴ്‌ച്ച് നോർത്തുകൊറിയ രണ്ട് ക്രൂയിസ് മിസൈലുകളുടെ പരീക്ഷണം നടത്തിയതായും തങ്ങളുടെ സൈനിക വൃത്തങ്ങൾ അക്കാര്യം വിശദമായി വിലയിരുത്തുകയുമാണെന്ന് ദക്ഷിണ കൊറിയയും പറഞ്ഞു. അമേരിക്കൻ സഹകരണത്തോടെ ഉത്തരകൊറിയയുടെ പുതിയ നീക്കങ്ങൾ സസൂക്ഷ്മം ദക്ഷിണ കൊറിയ നിരീക്ഷിച്ചു വരുന്നുണ്ട്.
എന്നാൽ, ഉത്തരകൊറിയയെ സംബന്ധിച്ച എല്ലാ വിവരങ്ങളും തങ്ങൾ പരസ്യപ്പെടുത്തുകയില്ലെന്നും ദക്ഷിണ കൊറിയൻ അധികൃതർ അറിയിച്ചു.


