ഹാരിയും മേഗനും ആരോപണങ്ങളുമായി അഭിമുഖത്തിൽ കത്തിക്കയറിയപ്പോൾ ഓരോന്നിനും അക്കമിട്ട് നിരത്തി മറുപടി നൽകാൻ ചാൾസ് രാജകുമാരൻ തയ്യാറായി എന്ന് കൊട്ടാരത്തിലെ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന കാറ്റി നിക്കോൾ പറയുന്നു. എന്നാൽ, ചൊറികുത്തി വ്രണമാക്കേണ്ട എന്ന ചിന്തയിലാണ് അത് ഉപേക്ഷിച്ചതെന്നും അവർ പറയുന്നു. ചാൾസ് രാജകുമാരനും വില്യം രാജകുമാരനും, തങ്ങളുടെ കുടുംബത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ തയ്യാറായിരുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

വംശീയ വിവേചനം ഉൾപ്പടെയുള്ള ആരോപണങ്ങളാണ് ഹാരിയും മേഗനും ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ ഉയർത്തിയത്. മാത്രമല്ല, മിശ്രവംശീയത ഉള്ളതിനാലാണ് ആർച്ചിക്ക് രാജകുമാരൻ എന്ന പദവി നൽകാഞ്ഞതെന്നും അവർ ആരോപിച്ചിരുന്നു. കെയ്റ്റ് തന്നെ വിവാഹ ദിവസം കരിയിച്ചെന്ന് മേഗനും, പിതാവായ ചാൾസ് രാജകുമാരൻ തന്നോട് സംസാരിക്കാൻ കൂട്ടാക്കിയില്ലെന്ന് ഹാരിയും ആരോപിച്ചിരുന്നു. അത്തരം കാര്യങ്ങളിൽ അക്കമിട്ടു നിരത്തിയുള്ള മറുപടി നൽകാനായിരുന്നു ചാൾസ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ നീണ്ട ചിന്തയ്ക്കൊടുവിൽ അത് ഉപേക്ഷിക്കുകയായിരുന്നു.

വിശദമായി ഉത്തരം നൽകിയാൽ അത് ഒരുപക്ഷെ പുതിയ ചർച്ചകൾക്ക് വഴിതെളിയിച്ചേക്കും എന്ന് ചാൾസ് ആശങ്കപ്പെട്ടു എന്നാണ് കാറ്റി പറയുന്നത്. അതിനാൽ ഹ്രസ്വമായ ഉത്തരം നൽകി വിവാദം അവസാനിപ്പിക്കുകയായിരുന്നു ചാൾസ്. ഹാരിയുടെ വരുമാനം ഇല്ലാതെയാക്കി എന്ന ആരോപണമായിരുന്നു ചാൾസിനെ ഏറെ വിഷമിപ്പിച്ചത്. യഥാർത്ഥത്തിൽ ഹാരിയും മേഗനും കൊട്ടാരം വിട്ടിറങ്ങിയതിനു ശേഷവും കുറച്ചുകാലത്തേക്ക് ചാൾസ് അവരെ സാമ്പത്തികമായി സഹായിച്ചിരുന്നു എന്ന് ചാൾസുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

അഭിമുഖത്തിനു ശേഷം ഹാരിയുമായി ചാൾസും വില്യമും ഫോണിലൂടെ സംസാരിച്ചിരുന്നതായി സി ബി എസ് അവതാരകയായ ഗെയ്ൽ കിങ് പറഞ്ഞിരുന്നു. എന്നാൽ, ആ സംഭാഷണങ്ങൾ വേണ്ടത്ര ഫലമുണ്ടാക്കിയില്ലെന്നും അവർ പറഞ്ഞിരുന്നു. മേഗൻ ഉയർത്തിയ ആരോപണങ്ങൾ ഒന്നൊന്നായി തെളിയിക്കുവാൻ ആവശ്യമായ രേഖകൾ മേഗന്റെ കൈവശമുണ്ടെന്നും ഗെയ്സ്അവകാശപ്പെട്ടിരുന്നു.

വിശദമായ ഒരു മറുപടി നൽകുന്നതിൽ നിന്നും എലിസബത്ത് രാജ്ഞിയും ചാൾസ് രാജകുമാരനെ പിന്തരിപ്പിച്ചു എന്നാണ് ചില കൊട്ടാരം വൃത്തങ്ങൾ പറയുന്നത്. കുടുംബകാര്യങ്ങൾ പരസ്യമായ ഒരു ചർച്ചക്ക് വിധേയമാക്കുന്നതിനോട് രാജ്ഞിക്ക് എതിർപ്പുണ്ടായിരുന്നു. മാത്രമല്ല, കൂടുതൽ വിവാദങ്ങൾ ഉയരുന്നത് രാജകുടുംബത്തിന്റെ യശസ്സിന് കളങ്കം ഏൽപിക്കുമെന്നും രാജ്ഞി ആശങ്കപ്പെട്ടു. അതുകൊണ്ടുതന്നെ എരിതീയിൽ എണ്ണ ഒഴിക്കേണ്ട എന്ന നിലപാടായിരുന്നു രാജ്ഞി എടുത്തത്.