കോഴിക്കോട്: തെരഞ്ഞെടുപ്പിനോട് അടുക്കുന്തോറും സംസ്ഥാനത്ത് മത്സരം കനക്കുകയാണെന്ന് മീഡിയവൺ-പൊളിറ്റിക് മാർക്ക് സർവേ. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ എൽ ഡി എഫ് സർക്കാർ ഭരണം നിലനിർത്തും. എൽ ഡി എഫിന് 73 മുതൽ 78 വരെ സീറ്റ് ലഭിക്കും. യു ഡു എഫിന് 60-65 സീറ്റിനാണ് സാധ്യത. ബിജെപി പരമാവധി 2 സീറ്റ് വരെ നേടാം. ഒരു സീറ്റ് മറ്റുള്ളവർക്കാണ്. 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയ ശേഷം സംസ്ഥാനത്ത് നടന്ന ഏക സർവേയാണ് മീഡിയവൺ -പൊളിറ്റിക് മാർക്ക് സർവേ. മാർച്ച് 17 മുതൽ 23 വരെ തിയതികളിൽ നടത്തിയ സർവേയിൽ 14,854 വോട്ടർമാരിൽനിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.

ഉത്തര കേരളത്തിൽ എൽ ഡി എഫിന് 25-29 സീറ്റ് ലഭിച്ചേക്കാം. ഇവിടെ യു ഡി എഫിന് 20-23 സീറ്റ് വരെ കിട്ടുമെന്നാണ് സർവേ ഫലം. ബിജെപിക്ക് ഒരു സീറ്റിനാണ് സാധ്യത. എറണാംകുളം, ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകൾ ഉൾപെടുന്ന മധ്യകേരളത്തിൽ 23 മുതൽ 27 വരെ സീറ്റാണ് എൽ ഡി എഫിന് പ്രവചിക്കുന്നത്. യു ഡി എഫിന് 18 മുതൽ 21 വരെ സീറ്റും. ഇവിടെ ബിജെപിക്ക് സീറ്റ് ലഭിക്കില്ല. എന്നാൽ ഒരു സീറ്റ് മൂന്ന് പ്രബല മുന്നണികളിലും പെടാത്ത ഒരാൾ ജയിക്കുമെന്ന് സർവേ പറയുന്നു. തെക്കൻ കേരളത്തിൽ 23 മുതൽ 27 വരെ സീറ്റ് എൽ ഡി എഫിനും 20 മുതൽ 23 വരെ സീറ്റ് യു ഡി എഫിനും ലഭിച്ചേക്കും. ഇവിടെ പരമാവധി രണ്ട് സീറ്റ് വരെ ബി ജി പി നേടാൻ സാധ്യതയുണ്ട്. സംസ്ഥാനത്തെ ആകെ വോട്ടുവിഹിതം ഇപ്രകാരമാണ്: എൽ ഡി എഫ് 42 മുതൽ 44 ശതമാനം വരെ. യു ഡി എഫ്: 39 മുതൽ 41 ശതമാനം വരെ. ബിജെപി: 15 മുതൽ 17 ശതമാനം വരെ.

സർവേയിൽ നാൽപ്പത് ശതമാനം പേരാണ് എൽഡിഎഫിന് ജയം പ്രവചിച്ചത്. യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വിശ്വസിക്കുന്നത് 35 ശതമാനം പേർ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 40 ശതമാനം പേർ പിന്തുണക്കുന്നത് പിണറായി വിജയനെ തന്നെ. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് രണ്ടാം സ്ഥാനത്ത്: 25 ശതമാനം പേരുടെ പിന്തുണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് 10 ശതമാനം. ബിജെപിയിൽ ചേർന്ന മെട്രോമാൻ ഇ ശ്രീധരന് അഞ്ച് ശതമാനവും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന് ഒരു ശതമാനവും പിന്തുണയുണ്ട്. 19 ശതമാനം പേർ മറ്റുള്ളവരെയാണ് പിന്തുണച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ പ്രഖ്യാപിച്ച ശേഷം മീഡിയവൺ നടത്തുന്ന രണ്ടാമത്തെ സർവേയാണ് ഇന്നലെ പുറത്തുവിട്ടത്.

മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ഭരണ മാറ്റം വേണം

കേരളത്തിൽ ഭരണ മാറ്റം വേണ്ടെന്നാണ് മീഡിയവൺ- പോളിറ്റിഖ് പ്രീ പോൾ സർവേയിലെ കണ്ടെത്തൽ. എന്നാൽ മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾ ഭരണ മാറ്റം വേണമെന്ന് ശക്തമായി വാദിക്കുന്നു. സർവേയിൽ പങ്കെടുത്തവിരൽ 50 ശതമാനം പേർ ഭരണം മാറ്റം വേണ്ടെന്ന നിലപാടുള്ള്ളവരാണ്. ഭരണ മാറ്റം വേണമെന്ന് അഭിപ്രായമുള്ളവരും തൊട്ടടുത്ത് തന്നെയുണ്ട് - 47 ശതമാനം. മൂന്ന് ശതമാനം പേർ ഇക്കാര്യത്തിൽ ഇനിയും തീരുമാനമെടുത്തിട്ടില്ല.

മുസ്ലിം സമുദായത്തിലാണ് ഭരണ മാറ്റം വേണമെന്ന ആവശ്യം ഏറ്റവും ശക്തം. 62 ശതമാനം പേർ ഭരണ മാറ്റം ആവശ്യപ്പെട്ടപ്പോൾ തുടർ ഭരണം ആഗ്രഹിക്കുന്നത് 36 ശതമാനം പേർ മാത്രം. രണ്ട് ശതമാനം പേർക്ക് ഇക്കാര്യത്തിൽ അഭിപ്രായമില്ല. ക്രിസ്ത്യൻ മതവിഭാഗത്തിലും കാണുന്നത് ഇതേ പ്രവണതയാണ്. 51 ശതമാനം പേരാണ് സർക്കാർ മാറണെന്ന അഭിപ്രായം പങ്കുവച്ചത്. 45 ശതമാനം പേർ ഭരണ മാറ്റം ആവശ്യമില്ലെന്ന് പ്രതികരിച്ച. ക്രൈസ്തവർക്കിടയിൽ നാലു ശതമാനം പേർക്ക് ഇക്കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. എന്നാൽ ഹിന്ദു മതവിഭാഗത്തിലെ 56 ശതമാനം ഭരണമാറ്റം വേണ്ടെന്ന അഭിപ്രായമുള്ളവരാണ്. 43 ശതമാനം പേരാണ് ഭരണമാറ്റം വേണമെന്ന് ആവശ്യപ്പെടുന്നത്.

മുസ്ലിം-ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കിടയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേരും പിന്തുണച്ചത് ഉമ്മൻ ചാണ്ടിയെയാണ്. 36 ശതമാനം മുസ്ലിംകളും 34 ശതമാനം ക്രിസ്ത്യാനികളും ഉമ്മൻ ചാണ്ടി അടുത്ത മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. ഇരു സമുദായങ്ങളിലും പിണറായി വിയന് ലഭിച്ചത് 32 ശമതാനം വീതം പിന്തുണയാണ്. മുസ്ലിംകളിൽ പതിനൊന്ന് ശതമാനം പേർ രമേശ് ചെ്ന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു. കെ സുരേന്ദ്രന് ഒരു ശതമാനം പിന്തുണ പോലും ലഭിച്ചില്ല. ഇ ശ്രീധരൻ മുഖ്യമന്ത്രിയാകണം എന്ന് ഒരു ശതമാനം പേർ അഭിപ്രായപ്പെട്ടു.

ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കിടയിൽ പതിനൊന്ന് ശതമാനം പേരാണ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്. ഇ ശ്രീധരന് നാലു ശതമാനം പേരുടെയും സുരേന്ദ്രന് ഒരു ശതമാനം പേരുടെയും പിന്തുണ കിട്ടി. എന്നാൽ ഹിന്ദു മത വിശ്വാസികൾക്കിടയിൽ പോലും കെ സുരേന്ദ്രന് രണ്ട് ശതമാനം പേരുടെ പിന്തുണ മാത്രമേ ലഭിച്ചുള്ളൂ. കെ മുരളീധരന്റെ വരവ് കേരളത്തിൽ യു ഡി എഫിന് ഗുണം ചെയ്യുമെന്നാണ് സർവേയിലെ ഖണ്ടെത്തൽ.

ബിജെപിയുടെ സിറ്റിങ് മണ്ഡലമായ നേമത്ത് കെ മുരളീരന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് ഗുണകരമാകുമോ എന്ന ചോദ്യത്തിന്, ഇല്ല എന്ന് അഭിപ്രായം രേഖപ്പെടുത്തിയത് 28 ശതമാനം പേരാണ്. 27 ശതമാനം പേർ അതേ എന്ന് പ്രതികരിച്ചപ്പോൾ 26 ശതമാനം പേർ ചിലപ്പോൾ ഗുണം ചെയ്യും എന്ന അഭിപ്രായം രേഖപ്പെടുത്തി. 19 ശതമാനം പേർ പ്രതികരിച്ചില്ല. അതേസമയം ജോസ് കെ മാണിയുടെ വരവ് എൽഡിഎഫിന് ഗുണം ചെയ്യുമെന്നാണ് 56 ശതമാനം പേർ വിശ്വസിക്കുന്നത്.