- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ്-19 ബാധിച്ചവരിലും അല്ലാതെ പ്രതിരോധശേഷി കൈവരിച്ചവരിലും പോലും രോഗ വ്യാപനത്തിന് സാധ്യത; വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളിൽ; നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും കോവിഡ് പ്രതിസന്ധി എത്തുമോ? മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ
ന്യൂഡൽഹി: ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിൽ കോവിഡ് പടർന്ന് പിടിക്കൂമോ? തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്നു. അതിനിടെ കോവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളിൽ കണ്ടെത്തി. ഇതോടെയാണ് ആശങ്ക കൂടുന്നത്. വാക്‌സിനേഷനേയും മറികടക്കാനുള്ള കരുത്ത് ഈ വൈറസിനുണ്ടെങ്കിൽ സ്ഥിതി സങ്കീർണ്ണമാകും.
പുതിയൊരു രോഗവ്യാപനവും തരംഗവുമായി മാറാൻ സാധ്യതയുള്ളതാണ് എൻ440കെ എന്ന ഈ വകഭേദം. വിവിധ സംസ്ഥാനങ്ങളിൽനിന്ന് വൈറസ് സാംപിളുകൾ ശേഖരിച്ച് അവയുടെ ജനിതക പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കൺസോർഷ്യമായ 'ഇൻസാകോഗ്(INSACOG-ഇന്ത്യൻ സാർസ് കോ വി-2 കൺസോർഷ്യം ഓഫ് ജീനോമിക്‌സ്) ആണ് ബുധനാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനകം കോവിഡ്-19 ബാധിച്ചവരിലും അല്ലാതെ പ്രതിരോധശേഷി കൈവരിച്ചവരിലുംപോലും പുതിയ രോഗം ഉണ്ടായേക്കാം. പുതിയ വകഭേദം ഉണ്ടാക്കുന്ന രോഗത്തെ മുൻ വൈറസിനെതിരേ ആർജിച്ച പ്രതിരോധശേഷികൊണ്ട് നേരിടാനാവില്ല. കഴിഞ്ഞവർഷം കോവിഡിന്റെ തുടക്കത്തിലുണ്ടായിരുന്ന അതിജാഗ്രത തുടർന്നും പാലിക്കണമെന്നാണ് ഇത് ഓർമിപ്പിക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.
കേരളത്തിലെ 14 ജില്ലകളിൽനിന്നും ശേഖരിച്ച 2032 സാംപിളുകളിൽ 11 ജില്ലകളിലെ 123 സാംപിളുകളിലാണ് എൻ440കെ വകഭേദം കണ്ടത്. ആന്ധ്രാപ്രദേശിലെ 33 ശതമാനം സാംപിളുകളിലും തെലങ്കാനയിലെ 104-ൽ 53 സാംപിളുകളിലും ഇത് നേരത്തേ കണ്ടിരുന്നു. ബ്രിട്ടൻ, ഡെന്മാർക്ക്, സിങ്കപ്പൂർ, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങി 16 രാജ്യങ്ങളിലും ഈ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ പഠനവും അന്വേഷണവും ഈ ഘട്ടത്തിൽ ആവശ്യമാണെന്ന് 'ഇൻസാകോഗ്' വിലയിരുത്തി. 18 സംസ്ഥാനങ്ങളിലെ 10,787 പോസിറ്റീവ് സാംപിളുകൾ പരിശോധിച്ചതിൽ 771 വകഭേദങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യമന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു. 736 സംപിളുകളിൽ ബ്രിട്ടീഷ് വൈറസ് വകഭേദത്തിന്റെയും 34 സാംപിളുകളിൽ ദക്ഷിണാഫ്രിക്കൻ വകഭേദത്തിന്റെയും പിന്തുടർച്ചയുണ്ട്. ബ്രിസീലിയൻ വകഭേദമുള്ള ഒരു സാംപിളും കണ്ടെത്തി.
അടുത്തിടെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കൂടിയത് വൈറസിന്റെ ആശങ്കപ്പെടുത്തുന്ന ഈ വകഭേദങ്ങളെ തുടർന്നാണോ എന്ന് ഉറപ്പിക്കാനായിട്ടില്ല. രോഗവ്യാപനവുമായി ഇതിനെ ബന്ധിപ്പിക്കാൻ വേണ്ടത്ര കേസുകൾ ലഭ്യമല്ല. കൂടുതൽ ജനിതക പഠനങ്ങളും പരിശോധനകളും ഇക്കാര്യത്തിൽ ആവശ്യമാണ്. മഹാരാഷ്ട്രയുടെ കാര്യത്തിൽ ഡിസംബറിനെ അപേക്ഷിച്ച് ജനിതകമാറ്റം സംഭവിച്ച രണ്ടു വൈറസുകൾ(ഇ484ക്യു, എൽ452ആർ) സാംപിളുകളിൽ ഇപ്പോൾ കൂടുതലായി കാണുന്നുണ്ട്. 15-20 ശതമാനം സാംപിളുകളിലും ജനിതകമാറ്റം വന്ന വൈറസാണുള്ളത്.
കേരളത്തിൽ ഇന്നലെ് 2456 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂർ 295, എറണാകുളം 245, തൃശൂർ 195, കോട്ടയം 191, മലപ്പുറം 173, കൊല്ലം 153, പത്തനംതിട്ട 117, കാസർഗോഡ് 103, പാലക്കാട് 101, ആലപ്പുഴ 94, ഇടുക്കി 86, വയനാട് 70 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 107 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4527 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 105 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2146 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 187 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 309, തിരുവനന്തപുരം 230, കണ്ണൂർ 214, എറണാകുളം 233, തൃശൂർ 184, കോട്ടയം 174, മലപ്പുറം 161, കൊല്ലം 150, പത്തനംതിട്ട 100, കാസർഗോഡ് 100, പാലക്കാട് 53, ആലപ്പുഴ 89, ഇടുക്കി 83, വയനാട് 66 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 18 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 6, തിരുവനന്തപുരം, കോഴിക്കോട് 3 വീതം, പാലക്കാട് 2, കൊല്ലം , പത്തനംതിട്ട, എറണാകുളം, തൃശൂർ 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2060 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 180, കൊല്ലം 271, പത്തനംതിട്ട 113, ആലപ്പുഴ 127, കോട്ടയം 212, , ഇടുക്കി 52, എറണാകുളം 103, തൃശൂർ 219, പാലക്കാട് 103, മലപ്പുറം 99, കോഴിക്കോട് 259, വയനാട് 79, കണ്ണൂർ 152, കാസർഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 24,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,80,803 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,26,817 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.
ഇവരിൽ 1,23,124 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 3693 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 437 പേരെയാണ് ഇന്നലെ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിയില്ല. നിലവിൽ ആകെ 354 ഹോട്ട് സ്പോട്ടുകളാണുള്ളത്.
മറുനാടന് മലയാളി ബ്യൂറോ