രോഗകാരികളായ എല്ലാ കൊറോണ വൈറസുകൾക്കും അന്തകനായി കാൻഡിഡേറ്റ് എന്ന വാക്സിൻ എത്തുന്നു എന്ന് സൂചന. യൂണിവേഴ്സിറ്റി ഓഫ് വെർജീനിയയിലേയും വെർജീനിയ ടെക്കിലേയും ഒരു കൂട്ടം ഗവേഷകർ വികസിപ്പിച്ചെടുത്ത വാക്സിൻ പന്നികളിലെ കൊറോണയെ ചെറുക്കുന്നതിൽ സമ്പൂർണ്ണ വിജയം കൈവരിച്ചതായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സാധാരണ ജലദോഷം മുതൽ ഇന്ന് ലോകത്തെയാകെ ഭീതിയുടെ കരിനിഴലിൽ നിർത്തുന്ന കോവിഡ്-19 ന് കാരണക്കാരനായ കൊറോണയെ വരെ നിലവിലുള്ളതും ഇനി ജനിതകമാറ്റം സംഭവിച്ച് ഭാവിയിൽ വരാനിടയുള്ളതുമായ എല്ലാത്തരം വൈറസുകളേയും ഇതിന് പിടിച്ചുകെട്ടാനാവുമത്രെ.

മാത്രമല്ല, ഇത് വാക്സിൻ വിതരണം കൂടുതൽ വേഗത്തിലും സുഗമമായും ആക്കെമെന്നും മറ്റു വാക്സിനുകളേക്കാൾ ചെലവ് കുറഞ്ഞതാണെന്നും ഗവേഷകർ അവകാശപ്പെടുന്നു. വാക്സിന്റെ ഒരു ഡോസിന് കേവലം 1 ഡോളർ മാത്രമായിരിക്കുമത്രെ വില. ഭാവിയിൽ ഉണ്ടാകാനിടയുള്ള ജനിതകമാറ്റങ്ങൾ കൂടി കണക്കിലെടുത്താണ് വാക്സിൻ രൂപപ്പെടുത്തുന്നത് എന്ന് യൂണിവേഴ്സിറ്റി ഓഫ് വെർജീനിയയിലെ ഡോ. സ്റ്റീവെൻ സീഷ്ണർ പറയുന്നു. മനുഷ്യർക്ക് തുല്യമായ പ്രതിരോധശേഷിയുള്ള പന്നികളിലായിരുന്നു ഡോ. സീഷ്ണറും അദ്ദേഹത്തിന്റെ ഗവേഷണ പങ്കാളിയായ വെർജീനിയ ടെക്കിലെ ഡോ. ഷിയാങ്ങ് ജിൻ മെംഗും പരീക്ഷണങ്ങൾ നടത്തിയത്.

കൊറോണ വൈറസിനെ, അത് ബാധിക്കുന്ന കോശങ്ങളുമായി ലയിപ്പിക്കാൻ സഹായിക്കുന്ന ഫ്യുഷൻ പെപ്റ്റൈഡ് എന്നൊരു ഭാഗം കണ്ടുപിടിച്ചതാണ് ഈ വൈറസിന്റെ കണ്ടുപിടുത്തത്തിൽ നിർണ്ണായകമായത്. ഈ ഭാഗമാണ് ഭാവിയിൽ ബാധിക്കുന്ന കോശങ്ങളിലേക്ക് ജനിതക വിവരങ്ങൾ കൈമാറുന്നത്. അതുകൊണ്ടുതന്നെ ഈ ഭാഗത്തെ നിഷ്‌ക്രിയമാക്കുവാനുള്ള വാക്സിനുവേണ്ടിയായിരുന്നു ശ്രമം.

കൊറോണ ഫാമിലിയിൽ ഉൾപ്പെടുന്ന, ശർദ്ധിക്കും അതിസാരത്തിനും ഇടയാക്കുന്ന പെഡ് വി എന്ന വൈറസിനും ഫ്യുഷൻ പെപ്റ്റൈഡ് ഉള്ളത് കോവിഡ്-19 മ് കാരണമാകുന്ന കൊറോണയ്ക്കുള്ള അതേ സ്ഥാനത്തു തന്നെയാണ്. അമേരിക്കയിലെ കാർഷിക വകുപ്പിന്റെ കണക്കനുസരിച്ച് പെഡ് വി എന്ന വൈറസ് ബാധിക്കുന്ന പന്നികളിൽ 50 മുതൽ 100 ശതമാനം വരെയാണ് മരണനിരക്ക്. അതുകൊണ്ട് പന്നികളിലെ പെഡ് വി വൈറസുകൾക്കെതിരെയായിരുന്നു പുതിയ വാക്സിൻ പരീക്ഷിച്ചത്.

രോഗബാധയെ പൂർണ്ണമായും ചെറുക്കാൻ ഇതിനായില്ലെങ്കിലും, ലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാകാതെ നോക്കാൻ ഈ വാക്സിനായി. കൃത്രിമമായി നിർമ്മിച്ച ഒരു വൈറൽ ഡി എൻ എ, ജനിതകമാറ്റം വരുത്തിയ ഇ. കോലി ബാക്ടീരിയക്കുള്ളിൽ പ്രവേശിപ്പിച്ചായിരുന്നു വാക്സിൻ നിർമ്മിച്ചത്. വൈറസ് ശരീരത്തിലുള്ള ബാക്ടീരിയയിൽ ഫ്യുഷൻ പെപ്റ്റൈഡുകൾ വികസിക്കുകയും ഇതിനെ തിരിച്ചറിഞ്ഞ് ശരീരത്തിന് ഇതിനെ ചെറുക്കാൻ ആവശ്യമായ ആന്റിബോഡികൾ നിർമ്മിക്കാൻ കഴിയുകയും ചെയ്യും.

കോളറയ്ക്കും വില്ലൻ ചുമയ്ക്കുംഎതിരെയുള്ള വാക്സിനുകളും ഇതേ സങ്കേതമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. അതായത്, ഇടത്തരം രാജ്യങ്ങളിലെ ഇടത്തരം മരുന്നു കമ്പനികളിൽ വരെ ഇത് ഉദ്പാദിപ്പിക്കാൻ കഴിയുമെന്നർത്ഥം. മാത്രമല്ല, ഇത് വളരെ എളുപ്പം ഉൾനാടൻ ഗ്രാമങ്ങളിൽ വരെ എത്തിക്കുവാനും കഴിയും.