- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചീമുട്ടയും കല്ലുകളുമായി പൊലീസിനോട് ഏറ്റുമുട്ടി വീണ്ടും ബ്രിസ്റ്റോളിലെ കലാപകാരികൾ; വിട്ടു വീഴ്ചയില്ലാതെ അടിച്ചു നിരത്തി പൊലീസ്; ലോക്ക്ഡൗണിന്റെ പേരിൽ ബ്രിട്ടനിൽ കലാപം കത്തിപടരുന്നു
ഇന്നലെ രാത്രി ബ്രിസ്റ്റോൾ വീണ്ടും കലാപഭൂമിയായി മാറി. തഴിഞ്ഞ ഞായറാഴ്ച പൊലീസ് സ്റ്റേഷനു പുറത്ത് അരങ്ങേറിയ അക്രമസംഭവങ്ങളുടെ തുടർച്ചയായാണ് ഇന്നലെയും കലാപം ഉണ്ടായത്. സമാധാനപരമായിട്ടാണ് പ്രതിഷേധം നടത്തുന്നതെങ്കിൽ കൂടി, കൂടുതൽ ശബ്ദമുണ്ടാക്കി എന്നതുൾപ്പടെയുള്ള കുറ്റം ചുമത്തി പൊലീസിന് പ്രതിഷേധം തടയുവാനും, പ്രതിഷേധക്കാർക്കെതിരെ നടപടികൾ എടുക്കുവാനും അധികാരം നൽകുന്ന പുതിയ ബില്ലിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്.
ബ്രിഡ്വെൽ പൊലീസ് സ്റ്റേഷനിലേക്ക് കലാപകാരികൾ കയറുന്നത് തടയുവാൻ പൊലീസുകാർ തങ്ങളുടെ ഷീൽഡുകൾ ഉപയോഗിക്കുകയും നിരവധി പേർക്ക് നിലത്തു വീണു പരിക്കേൽക്കുകയും ചെയ്തു. 100ലധികം കലാപകാരികൾ എത്തി പൊലീസിനു നേരെ ചീമുട്ടയും കല്ലുകളും കൊണ്ട് ആക്രമണം ആരംഭിച്ചതോടെ ജനക്കൂട്ടത്തെ പിരിച്ചു പിടാൻ നായ്ക്കളെ പുറത്തിറക്കുകയായിരുന്നു പൊലീസ്. കനത്ത ആയുധധാരികളായ പൊലീസ് ബാറ്റണുകളും പെർപെക്സ് ഷീൽഡുകളും ഉപയോഗിച്ചാണ് കലാപകാരികളെ നേരിട്ടത്.
പൊലീസ് ആസ്ഥാനത്ത് നിന്ന് 100 യാർഡ് അകലെ നക്കിൾഡസ്റ്ററുകൾ ധരിച്ച ആറു പേരെ കണ്ടതായി പൊലീസ് നേരത്തെ അറിയിച്ചതിനെ തുടർന്നാണ് കനത്ത ആയുധധാരികളായ പൊലീസ് എത്തിയത്. അതിനിടെ സിറ്റി സെന്റർ ഷോപ്പുകളിൽ മദ്യം വിൽക്കുന്നത് നിരോധിച്ചു കൊണ്ട് പൊലീസ് നിയന്ത്രണ നോട്ടീസ് നൽകിയതിനെത്തുടർന്ന് ചില പ്രകടനക്കാർ കാരിയർ ബാഗുകൾ നിറയെ മദ്യ കുപ്പികളുമായി എത്തുകയും ചെയ്തു.
ചില പ്രതിഷേധക്കാർ സമാധാനത്തിന്റെ സൂചനയായി വസ്ത്രത്തിനു മുകളിൽ പൂക്കൾ കുത്തിവച്ചാണ് പ്രതിഷേധിക്കുവാൻ എത്തിയത്. എന്നാൽ അധികം വൈകാതെ തന്നെ പ്രതിഷേധം അക്രമസ്വഭാവത്തിലേക്ക് കടക്കുകയായിരുന്നു. ഞായറാഴ്ച രാത്രി നടന്ന കലാപത്തിൽ 500ഓളം പ്രതിഷേധക്കാരാണ് ബ്രിഡ്വെൽ സ്ട്രീറ്റിൽ എത്തിയത്. തുടർന്ന് ഇവർ പൊലീസ് വാനുകൾ കത്തിക്കുകയും 40 ഉദ്യോഗസ്ഥരെയും പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയും ചെയ്തു.
തൽഫലമായി, പൊലീസ് സ്റ്റേഷന് ചുറ്റും വിശാലമായ കോഡൺ സ്ഥാപിക്കുകയും റോഡ് തടയാൻ വാനുകൾ, ഷീൽഡുകളോടെ പൊലീസ് പ്രതിരോധ സംവിധാനം, കൂടുതൽ പൊലീസുകാരെ വിനിയോഗിക്കുക തുടങ്ങിയ നടപടികളാണ് അധികൃതർ സ്വീകരിച്ചത്.
നിലവിൽ ലോക്ക്ഡൗൺ നിയമം കൊണ്ടുതന്നെ ഏതു തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളും ബ്രിട്ടനിൽ നിരോധിച്ചിരിക്കുകയാണ്. എന്നാൽ, പ്രതിഷേധങ്ങൾ സ്ഥിരമായി നിരോധിക്കുവാനാണ് സർക്കാർ പുതിയ നിയമവുമായി വരുന്നതെന്നാണ് ആരോപണമുയരുന്നത്. പൊലീസുകാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഈ ബിൽ, ജനാധിപത്യത്തിന്റെ ജീവവായു ആയ പ്രതിഷേധിക്കുവാനുള്ള അവസരത്തെ ഇല്ലാതെയാക്കുമെന്നാണ് വിമർശകർ പറയുന്നത്. ജനങ്ങളുടെ പ്രതിഷേധവും ലേബർ പാർട്ടിയുടെ എതിർപ്പും മറികടന്ന് ജനപ്രതിനിധി സഭയിൽ ഈ ബിൽ സെക്കന്റ് റീഡിങ് പൂർത്തിയാക്കിയിരുന്നു.
നിലവിൽ കമ്മിറ്റിക്ക് വിട്ടിരിക്കുന്ന ബിൽ പരിശോധനക്ക് ശേഷം കമ്മിറ്റിയുടെ റിപ്പോർട്ടോടെ ജനപ്രതിനിധി സഭയിൽ തേർഡ് റീഡിംഗിനായി സമർപ്പിക്കും. പ്രഭു സഭയിലും ഇതേ നടപടികൾ തുടരും. ഇരുസഭകളിലും മൂന്ന് റീഡിംഗുകളും പൂർത്തിയാക്കിയാൽ പിന്നെ ഈ ബിൽ ഒരു നിയമമായി മാറും. ജനപ്രതിനിധി സഭയിൽ ലേബർ പാർട്ടി ഇതിനെ എതിർത്ത് വോട്ടുചെയ്തിട്ടും സെക്കന്റ് റീഡിങ് പൂർത്തിയാക്കാനായി.
ഇപ്പോൾ പരിഗണനയിലിരിക്കുന്ന ബിൽ പ്രകാരം സമാധാനപരമായി നടത്തുന്ന പ്രക്ഷോഭമാണെങ്കിൽ പോലും, ശബ്ദശല്യം പോലുള്ള കാരണങ്ങൾ ഉന്നയിച്ച് പൊലീസിന് തടയാനാകും. ഈ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നവർക്ക് പിഴയോ ജയിൽ ശിക്ഷയോ നേരിടേണ്ടിയും വരും. പൊലീസ് ഭരണകൂടം വേണ്ടെന്നും പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ബ്രിസ്റ്റോളിൽ പ്രതിഷേധം ആരംഭിച്ചത്.
നേരത്തേ സാറാ എവറാർഡ് എന്ന യുവതി ക്രൂരമായൈ ബലാത്സംഗം ചെയ്തുകൊല്ലപ്പെട്ടപ്പോൾ പ്രതിഷേധിക്കാൻ ഒത്തുകൂടിയ സ്ത്രീകൾക്കെതിരെ പൊലീസ് അക്രമം കാട്ടിയത് പരക്കെ വിമർശനമുയർത്തിയിരുന്നു. ഈ സംഭവം നടക്കുന്നതിനു വളരെ മുൻപ് തന്നെ പുതിയ ബിൽ തയ്യാറാക്കിയിരുന്നു എങ്കിലും, ഇതിനു തൊട്ടുപുറകെയാണ് ബിൽ ജനസഭയിൽ എത്തുന്നത്. ഇതാണ് ബില്ലിനെതിരെ രോഷം കനക്കുവാൻ കാരണമായത്.