യു.എ.ഇയിൽ മാർച്ച് 31ന് ശേഷം അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന നടപടി. യാത്രാ പ്രതിസന്ധി കണക്കിലെടുത്ത് സന്ദർശക വിസയിൽ എത്തിയവർക്കും മാർച്ച് 31 വരെ വിസാ കലാവധി യു.എ.ഇ നീട്ടിനൽകിയിരുന്നു. നിയമലംഘകരായി രാജ്യത്ത് തുടരുന്ന ആയിരങ്ങൾ ഇനിയും ഉണ്ടെന്നാണ് കണ്ടെത്തൽ. ഇവർ നാടുവിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണം.

നിയമലംഘകരെ കണ്ടെത്താൻ ഏപ്രിൽ ഒന്നു മുതൽ പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. പിടിക്കപ്പെടുന്നവർക്ക് താമസകുടിയേറ്റ നിയമം ലംഘിച്ചതിനുള്ള പിഴ ഉൾപെടെ ശക്തമായ നടപടിയെടുക്കും. കോവിഡിനെ തുടർന്നുള്ള യാത്രാ വിലക്കു മൂലം യുഎഇയിൽ കുടുങ്ങിയവർക്ക് രാജ്യം വിടാനുള്ള സാവകാശം പല തവണകളായി ഒരു വർഷത്തിലേറെ അധികൃതർ നീട്ടി നൽകിയിരുന്നു.

വിസാ കാലാവധി കഴിഞ്ഞ് അബൂദബി, ഷാർജ, റാസൽഖൈമ വിമാനത്താവളം വഴി പോകുന്നവർ വിമാന ടികെറ്റും പാസ്പോർടുമായി ആറുമണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തി യാത്രാ നടപടികൾ പൂർത്തിയാക്കണം. ദുബൈ, അൽമക്തൂം രാജ്യാന്തര വിമാനത്താവളം വഴി പോകുന്നവർ വിമാനത്താവളത്തിലെ ദുബൈ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി സെന്ററിൽ യാത്രയ്ക്കു 48 മണിക്കൂർ മുൻപ് റിപോർട് ചെയ്ത് നടപടികൾ പൂർത്തിയാക്കണമെന്നും അധികൃതർ അറിയിച്ചു.