- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കിൽ ദി ബിൽ സമരം പടർന്നു പിടിക്കുന്നു; ബ്രിസ്റ്റോളിൽ തുടങ്ങിയ കലാപം ബ്രിട്ടൺ മുഴുവൻ പടരുന്നു; അനേകം പേരെ അറസ്റ്റ് ചെയ്തു ജയിലിലടച്ച് പൊലീസ്

കോവിഡ് കാല നിയന്ത്രണങ്ങളും സ്റ്റേ അറ്റ് ഹോം ഓർഡറുമൊക്കെ ലംഘിച്ച് കിൽ ദി ബിൽ പ്രക്ഷോഭം ബ്രിട്ടനിലാകെ കത്തിപ്പടരുകയാണ്. ഇതിന്റെ പ്രഭവ കേന്ദ്രമായ ബ്രിസ്റ്റോളിൽ അക്രമങ്ങൾ നടക്കുവാനുള്ള സാധ്യതയാണ് കഴിഞ്ഞ ഒരാഴ്‌ച്ചയായി നിലനിൽക്കുന്നത്. പൊലീസ്, ക്രൈം, സെന്റൻസിങ് ആൻഡ് കോർട്ട്സ് ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ പൊലീസിനു നേരെ ചീമുട്ടയും കത്തിച്ച പടക്കങ്ങളുമൊക്കെ എറിയുന്നത് തുടരുകയാണിവിടെ.
പുതിയ നിയമമനുസരിച്ച് ഇംഗ്ലണ്ടിലും വെയിൽസിലും സമാധാനപരമായ പ്രതിഷേധങ്ങൾ നടത്തുന്നതിന് കൂടുതൽ നിബന്ധനകൾ വയ്ക്കാൻ പൊലീസിന് കൂടുതൽ അധികാരം ലഭിക്കും. പ്രതിഷേധത്തിൽ ഉയരാൻ ഇടയുള്ള ശബ്ദത്തിന്റെ പരിധി നിശ്ചയിക്കാൻ വരെ പൊലീസിന് അധികാരമുണ്ടാകും. മാത്രമല്ല, ഈ നിയമത്തിൻ കീഴിൽ ശിക്ഷിക്കപ്പെടുന്നവർക്ക് പിഴയും ജയിൽവാസം വരെയും ലഭിച്ചേക്കാം.
മാഞ്ചസ്റ്ററിൽ ഇന്നലെ പ്രക്ഷോഭം കനത്തതോടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. തുടർന്ന് പതിനെട്ട് പേരെ പോസീസ് അറസ്റ്റ് ചെയ്തു. നഗരത്തിലേക്കുള്ള ട്രാം ലൈനുകളിൽ ഇരുന്ന് പ്രതിഷേധക്കാർ ഗതാഗത തടസ്സമുണ്ടാക്കിയതായി പൊലീസ് അറിയിച്ചു.നഗരത്തിലെ സെയിന്റ് പീറ്റേഴ്സ് ചത്വരത്തിലും പ്രതിഷേധക്കാർ ഒത്തുകൂടി. പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കുക, ബ്ലാക്ക് ലൈവ്സ് മാറ്റർ തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
ബാത്ത്, നോട്ടിങ്ഹാം, ലണ്ടൻ, ഫാൾമൗത്ത് എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. എന്നാൽ ഇവിടങ്ങളിലെല്ലാം പൊതുവെ ശാന്തമായിട്ടായിരുന്നു പ്രതിഷേധം നടന്നത്. അക്രമരഹിതമായ പ്രതിഷേധങ്ങൾ ഇല്ലാതെയാക്കാൻ ശ്രമിക്കുന്നവർ അക്രമത്തോടെയുള്ള പ്രതിഷേധങ്ങൾ ക്ഷണിച്ചുവരുത്തുകയാണ് എന്നായിരുന്നു ബാത്തിലെ പ്രതിഷേധക്കാരുടെ പ്ലക്കാർഡുകൾ പറഞ്ഞിരുന്നത്. സോമർസെറ്റിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ഒത്തുകൂടിയ യുവാക്കൾ മൈക്രോഫോണിലൂടെ പ്രസംഗങ്ങൾ ആരംഭിച്ചതോടെ റയട്ട് പൊലീസ് നഗരവീഥികളിൽ പ്രട്രോളിങ് ആരംഭിച്ചിട്ടുണ്ട്.
ഫാൾമൗത്തിൽ നൂറുകണക്കിന് പേർ തടിച്ചുകൂടിയപ്പോൾ, കിൽ ദി ബിൽ മുദ്രാവാക്യങ്ങളുയർത്തി കിങ്സ്റ്റണിൽ നൂറുകണക്കിനു ആളുകൾ തെരുവുകളിലൂടെ ജാഥ നടത്തി. പ്രധാനമന്ത്രിയും ഹോം സെക്രട്ടറി പ്രീതി പട്ടേലും പ്രതിഷേധങ്ങളെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ ശ്രമിക്കുന്ന തെമ്മാടികൾ എന്നാണ് പ്രീതി പട്ടേൽ പ്രതിഷേധക്കാരെ വിശേഷിപ്പിച്ചത്. പൊലീസുകാർക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളേയും അവർ ശക്തിയായി അപലപിച്ചു.
പൊലീസിന്റെ നടപടികളെ പൂർണ്ണമായും പിന്തുണയ്ക്കുന്നു എന്ന് വ്യക്തമാക്കിയ പ്രീതി പട്ടേൽ, സമാധാനം കാംക്ഷിക്കുന്ന ഒരു വലിയ ഭൂരിപക്ഷത്തിന്റെ ജീവിതം ദുസ്സഹമാക്കുകയാണ് ഒരു ചെറിയ ന്യുനപക്ഷം എന്നും പ്രസ്താവിച്ചു. ബ്രിസ്റ്റോളിൽ ഉണ്ടായത് ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത അക്രമസംഭവങ്ങളായിരുന്നു കഴിഞ്ഞദിവസം ബ്രിസ്റ്റോളിൽ നടന്നതെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.

