- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമേരിക്കയിൽ നിന്നും മോഡേണയുടെ വാക്സിനും എത്തുന്നു; ബ്രിട്ടൻ സമ്പൂർണ്ണ സൗഖ്യത്തിലേക്ക്; കോവിഡ് പ്രതിരോധത്തിൽ ബ്രിട്ടീഷ് പോരാട്ടം സമാനതകൾ ഇല്ലാത്തത്
ഏപ്രിൽ മദ്ധ്യത്തോടെ അമേരിക്കയിൽ നിന്നുള്ള മോഡേണ വാക്സിൻ കൂടി എത്തിച്ചേരുന്നതോടെ ബ്രിട്ടന്റെ വാക്സിൻ പദ്ധതിയുടെ വേഗത ഇനിയും വർദ്ധിക്കും. ഫൈസറിന്റെയും ഒക്സ്ഫോർഡ് വാക്സിന്റെയും ഒപ്പം അമേരിക്കയിൽ നിന്നെത്തുന്ന 5 ലക്ഷം മോഡേണ ഡോസുകളും വാക്സിൻ പരിപാടി വിപുലീകരിക്കുന്നതിന് സഹായിക്കും. 50 വയസ്സിൽ താഴെയുള്ളവർക്കായി വാക്സിൻ നടപടികൾ ആരംഭിക്കുകയാണ്. മൂന്നാഴ്‌ച്ചക്കുള്ളിൽ ആദ്യത്തെ മോഡേണ വാക്സിൻ നൽകാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ രണ്ടാം ഘട്ടമായ തിങ്കളാഴ്‌ച്ച, ബ്രിട്ടീഷ് ജനത സ്വാതന്ത്ര്യത്തിലേക്ക് ഒരുപടികൂടി നടന്നടുക്കാൻ ഇരിക്കവേയാണ്, ഈ വാർത്ത പുറത്തുവരുന്നത്. ഹാപ്പി മൺഡേ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഘട്ടത്തിൽ ആറുപേർക്ക് വരെ പാർക്കുകളിലും മറ്റ് പൊതുയിടങ്ങളിലും കൂട്ടം ചേരാൻ ആകും. അല്ലെങ്കിൽ രണ്ട് വ്യത്യസ്ത കുടുംബങ്ങളിലെ മുഴുവൻ പേർക്കും ഇത്തരത്തിൽ ഒത്തുചേരാനാകും. അതുകൂടാതെ ഗോൾഫ്, ടെന്നീസ് തുടങ്ങിയ കായിക ഇനങ്ങൾ പുനരാരംഭിക്കുവാനും കഴിയും.
സ്റ്റേ അറ്റ് ഹോം നിബന്ധന നീക്കം ചെയ്യുമ്പോൾ തന്നെ, സ്റ്റേ ലോക്കൽ നിബന്ധന നിലവിൽ വരും. അതുപോലെ വിദേശയാത്രാ നിരോധനവും നിലവിൽ വരും. നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ള കാര്യങ്ങൾക്കല്ലാതെ വിദേശയാത്ര നടത്തുന്നവർക്ക് 5000 പൗണ്ട് വരെ പിഴ ഒടുക്കേണ്ടതായി വരും. ഏപ്രിൽ 12 നുള്ള അടുത്ത ഘട്ടത്തിലായിരിക്കും ഹെയർഡ്രസിങ് സലൂണുകൾ, ബാർബർമാർ എന്നിവർക്ക് തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകുക.
സ്വിസ് ആസ്ഥാനമായ ലോൺസാ ബയോടെക് കമ്പനിയായിരിക്കും അമേരിക്കൻ വാസിനായ മോഡേണ ഉദ്പാദിപ്പിക്കുക. രണ്ടാമത്തെ ഡോസും എടുത്തുകഴിഞ്ഞാൽ, ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്ന കോവിഡിനെ തടയുവാൻ 94.1 ശതമാനം കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടതാണ് ഈ വാക്സിൻ. ബ്രിട്ടനിൽ ഇതുവരെ 30 മില്ല്യൺ ജനങ്ങൾക്ക് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു. പ്രായപൂർത്തിയായവരുടെ 56 ശതമാനം വരും ഇത്.
വാക്സിൻ പദ്ധതി പുരോഗമിക്കുന്നതോടെ ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ദൃശ്യമാകുന്നുണ്ട്. അതേസമയം, യൂറോപ്പിന്റെ പല ഭാഗങ്ങളിലും കോവിഡിന്റെ മൂന്നാം വരവിന് ശക്തിപ്രാപിക്കുകയാണെന്നും ഇത് ബ്രിട്ടനേയും ബാധിച്ചേക്കാമെന്നും ബോറിസ് ജോൺസൺ ആശങ്കപ്പെട്ടു. വിജയകരമായി മുന്നോട്ടുപോകുന്ന വാക്സിൻ പദ്ധതി സുരക്ഷയൊരുക്കുമെങ്കിലും, മുൻകരുതലുകൾ അത്യാവശ്യം തന്നെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജനിതകമാറ്റം സംഭവിച്ചെത്തിയ പുതിയ വകഭേദങ്ങളിൽ നിന്നും സംരക്ഷണം നേടാനുള്ള പുതിയ വാക്സിൻ 70 വയസിനു മേൽ പ്രായമുള്ളവർക്ക് സെപ്റ്റംബർ മുതൽ ലഭ്യമാകുമെന്ന് വാക്സിൻസ് മന്ത്രി നദീം സഹാവി അറിയിച്ചു.