ട്ടാള അട്ടിമറികളും പിന്നെ രാഷ്ട്രീയ പാർട്ടികളുമൊന്നിച്ചുള്ള പട്ടാള ഭരണവുമെല്ലാം തീരെ പുതുമയല്ലാത്ത മ്യാന്മാറിൽ വീണ്ടും ഒരു പട്ടാള ഭരണം നിലവിൽ വന്നതോടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്ക് ശക്തി വർദ്ധിക്കുകയാണ്. ഏറ്റവും ഒടുവിൽ പ്രതിഷേധക്കാർക്ക് നേരെ നടന്ന വെടിവെപ്പിൽ അഞ്ചുവയസ്സുള്ള ഒരു ആൺകുട്ടിയടക്കം നൂറിലധികം പ്രതിഷേധക്കാർ മരണമടഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച, പ്രക്ഷോഭകരോട് നിങ്ങൾ അപകടകരമായ ഒരു സാഹചര്യത്തിലാണെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനൽ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നത്.

ഫെബ്രുവരി 1 ന് നടന്ന പട്ടാള അട്ടിമറിക്കെതിരെ യാംഗോൺ, മൻഡാലേയ് തുറ്റാങ്ങിയ പട്ടണങ്ങളിൽ ആയിരങ്ങൾ പ്രതിഷേധിക്കുവാൻ ഒത്തുകൂടുന്നതിനിടയിലായിരുന്നു ഈ മുന്നറിയിപ്പ് ഉണ്ടായത്. അതേസമയം സേനാദിനം ആഘോഷിക്കുന്ന തിരക്കിലായിരുന്നു സൈനികമേധാവികൾ. ശനിയാഴ്‌ച്ച നടന്ന വെടിവയ്പായിരുന്നു പട്ടാള അട്ടിമറിക്ക് ശേഷം നടന്ന ഏറ്റവുമധികം രക്തരൂക്ഷിതമായ വെടിവയ്പ്. ഏകദേശം 400 പേരോളം ഇതിൽ മരണമടഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൻഡാലേയ് നഗരത്തിൽ നടന്ന വെടിവയ്പിലാണ് കേവലം അഞ്ചു വയസ്സുമാത്രം പ്രായമുള്ള ഒരു കുട്ടി മരണപ്പെട്ടത്. ഇതുൾപ്പടെ 13 പേരാണ് ഈ പട്ടണത്തിലെ വെടിവയ്പിൽ കൊല്ലപ്പെട്ടത്.

സേനാദിനം ആഘോഷിക്കുന്ന ബർമ്മൻ സൈന്യത്തിന് മൊത്തത്തിൽ നാണക്കെടുണ്ടാക്കിയ ദിവസം എന്നാണ് ഇന്നലത്തെ സംഭവത്തെ പ്രക്ഷോഭകാരികൾ വിശേഷിപ്പിക്കുന്നത്. മ്യാന്മാർ ന്യുസ് നൗ എന്ന ന്യുസ് പോർട്ടൽ പറയുന്നത് ഉച്ച 2:30 മണീയോടെ തന്നെ ഏകദേശം 64 ആളുകൾ മരിച്ചുകഴിഞ്ഞിരുന്നു എന്നാണ്. മ്യാന്മാറിലെ ഏറ്റവും വലിയ നഗരമായ യാംഗോണിൽ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവരിൽ ഒരു ഫുട്ബോൾ താരവുമുണ്ട്.

സെൻട്രൽ സേജിങ് മേഖല, കിഴക്കൻ മ്യാന്മാറിലെ ലാഷിയോ, ബാഗോ മേഖല, യാംഗോൾ തുടങ്ങി മ്യാന്മാറിന്റെ ഒട്ടുമിക്ക ഇടങ്ങളിൽ നിന്നും വെടിവയ്പിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ എത്തുന്നുണ്ട്. ഇതിൽ ഏറ്റവും ദയനീയമായത് കേവലം ഒരു വയസ്സു മാത്രം പ്രായമുള്ള ഒരു കുട്ടിയുടെ കണ്ണിൽ റബ്ബർ ബുള്ളറ്റ് തുളച്ചുകയറിയതാണ്. നിരായുധരായ നാട്ടുകാരേയും കുട്ടികളേയും വരെ കൊന്നൊടുക്കുന്നത് തികച്ചും മനുഷ്യത്വ രഹിതമായ പ്രവർത്തി എന്നായിരുന്നു ഇന്നലത്തെ വെടിവയ്പിനോട് ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് പ്രതികരിച്ചത്.

മറ്റു സഖ്യരാജ്യങ്ങളുമായി ചേർന്ന്, ഈ അക്രമം അവസാനിപ്പിക്കുവാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സൈനിക ദിനത്തിൽ തന്നെ നിരായുധരായവർക്ക് നേരെ വെടിയുതിർത്ത് മ്യാന്മാർ സൈന്യം അവഹേളനം ഏറ്റുവാങ്ങി എന്നായിരുന്നു ഇതിനെ കുറിച്ച് മ്യാന്മാറിലെ ബ്രിട്ടീഷ് അംബാസിഡർ പറഞ്ഞത്. അതിനിടയിൽ മ്യാന്മാറിലെ ഒരു ഡസനിലധികം വരുന്ന ആയുധധാരികളായ ഗോത്രവർഗ്ഗ പോരാളികൾ തായ് അതിർത്തിയിലുള്ള മ്യാന്മാറിന്റെ ഒരു സൈനിക പോസ്റ്റ് പിടിച്ചെടുത്തതായി അവകാശപ്പെട്ടു. ഒരു ലെഫ്റ്റ്നന്റ് കേണൽ ഉൾപ്പടെ 10 സൈനികരെ വധിച്ചതായും അവർ അവകാശപ്പെടുന്നു. എന്നാൽ, ഈ വാർത്തയോട് പ്രതികരിക്കാൻ സൈനിക വൃത്തങ്ങൾ തയ്യാറായില്ല.

അതേസമയം, രാജ്യത്തെ ജനങ്ങളുമായി ചേർന്ന് ജനാധിപത്യം സംരക്ഷിക്കുവാനാണ് സൈന്യം ശ്രമിക്കുന്നത് എന്നും അക്രമാസക്തമായ സമരങ്ങൾ ആ ശ്രമത്തിന് തടസ്സങ്ങളുണ്ടാക്കുന്നു എന്നിൂം സീംനിയർ ജനറൽ മിൻ ഓംഗ് ഹിയാംഗ് പറഞ്ഞു.