ഡാളസ്: മനുഷ്യജീവിതത്തിൽ പലപ്പോഴും പരിഹരിക്കാനാകാത്ത ആളികത്തുന്ന അനുഭവത്തിലൂടെ കടന്നു പോകേണ്ടിവരുന്ന സാഹചര്യത്തിൽ ഹൃദയത്തിന്റെ അഗാധതലത്തിൽ നിന്നും ഉയരുന്ന മുറവിളികേട്ട് മറുവിളിയുമായി തിരികെയുത്തുന്ന ക്രിസ്തുനാഥനെ തിരിച്ചറിയുക എന്നതായിരിക്കണം നോമ്പാചരണത്തിലൂടെ നാം നേടിയെടുക്കേണ്ടതെന്ന് തെലുങ്കാനയിൽ മിഷ്നറി അച്ചനായി പ്രവർത്തിക്കുന്ന, മാർത്തോമ സഭയിലെ യുവതലമുറയിലെ പട്ടക്കരനായ ഗായകനും, ഗാനരചയിതാവുമായ റവ.സുബിൻ ജോൺ ഉദ്ബോധിപ്പിച്ചു.

നോമ്പാചരണത്തിന്റെ മുപ്പത്തി ഒമ്പതാം സന്ധ്യയിൽ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് സൂം വഴി സംഘടിപ്പിച്ച യോഗത്തിൽ ധ്യാന പ്രസംഗം നടത്തുകയായിരുന്ന സുബിനച്ചൻ. അന്ധകാരത്തിൽ നിന്നും അത്ഭുത പ്രകാശത്തിലേക്ക് നയിക്കപ്പെട്ട ബർത്തിമായ എന്ന അന്ധനായ മനുഷ്യന്റെ ജീവിതാനുഭവങ്ങളെ മാർക്കോസിന്റെ സുവിശേഷം പത്താം അദ്ധ്യായത്തിൽ നിന്നും അച്ചൻ വിശദീകരിച്ചു.

വഴിയരികിൽ അന്ധനായി ഭിക്ഷ യാചിച്ചിരുന്ന ബർത്തിമായിയുടെ 'ദാവിദ് പുത്രാ എന്നോടു കരുണയുണ്ടാകണമേ' എന്ന ദീനരോദനത്തെ മറികടക്കാനാകാതെ ബഹുപുരുഷാരത്തോടൊപ്പം യെരുശലേമിൽ നിന്നു യരിഹോവിലേക്ക് യാത്ര ചെയ്തിരുന്ന ക്രിസ്തുനാഥൻ തിരികെയെത്തി അവന് കാഴ്ച നൽകിയതു നമ്മുടെ മുമ്പിൽ വലിയൊരു വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. ഭൂരിപക്ഷത്തോടൊപ്പം സഞ്ചരിക്കുമ്പോഴും ന്യൂനപക്ഷത്തെ വിസ്മരിക്കാത്ത ക്രിസ്തുനാഥന്റെ മാതൃകയാണ് നാം പിന്തുടരേണ്ടതെന്നും അച്ചൻ പറഞ്ഞു.

ബർത്തിമായി എന്ന അന്ധന് ക്രിസ്തുവിനെ കണ്ടെത്തിയപ്പോഴാണ് അവന്റെ അന്ധത മാറികിട്ടിയത്. ക്രിസ്തുവിനെ കൂടാതെയുള്ള യാത്ര അന്ധകാരത്തിലൂടെയുള്ളതായിരിക്കുമെന്നും, ക്രിസ്തുവിനെ കണ്ടെത്തുന്നതാണ് അന്ധതക്കു പരിഹാരമെന്ന് നാം തിരിച്ചറിയണമെന്നും അച്ഛൻ പറഞ്ഞു. കണ്ണുണ്ടായിട്ടും കാണാത്തവരുടെ നടുവിൽ കണ്ണില്ലാതിരുന്നിട്ടും രക്ഷകനെ തിരിച്ചറിയുന്ന ദാവീദ്പുത്രാ എന്നോടു കരുണ ചെയ്യണമേ എന്ന ബർത്തിമായുടെ പ്രാർത്ഥനയായിരിക്കണം നമ്മുടേതെന്നും അച്ചൻ പറഞ്ഞു. ഇടവക വികാരി റവ.മാത്യു ജോസഫ് അച്ചൻ സ്വാഗതവും, സെക്രട്ടറി തോമസ് ഈശോ നന്ദിയും പറഞ്ഞു.