- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ കയറി പിതാവിനെ മർദ്ദിച്ച് മകൻ; പിന്നാലെ മകനെ കാറിടിച്ച് വീഴ്ത്തി പിതാവും: മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ പിതാവിനെതിരെ വധശ്രമത്തിന് കേസ് എടുത്ത് പൊലീസ്
കളമശേരി: വീട്ടിൽ കയറി പിതാവിനെ മർദിച്ച മകനെ പിതാവ് കാറിടിച്ചു വീഴ്ത്തിയതായി പരാതി. മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ പിതാവിനെതിരെ പൊലീസ് വധശ്രമത്തിന് കേസ് എടുത്തു. പരുക്കേറ്റു റോഡിൽ വീണ മകനെ പൊലീസെത്തിയാണ് പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മകൻ പിതാവിനെതിരെ പരാതി നൽകുക ആയിരുന്നു.
മുൻ നഗരസഭാ കൗൺസിലർ സജിക്കാണ് (45) പരുക്കേറ്റത്. പിതാവ് അബൂബക്കറിനെ (70) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സജിയുടെ മൊഴിയിൽ അബൂബക്കറിനെതിരെ വധശ്രമത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു.
ഇന്നലെ രാവിലെ 10.30യോടെയാണ്് നാടകീയ സംഭവം അരങ്ങേറിയത്. പിതാവും മകനും തമ്മിൽ സ്വത്തു സംബന്ധിച്ച തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. അബൂബക്കർ താമസിക്കുന്ന എച്ച്എംടി കോളനിയിലെ വീട്ടിൽ സജി ആയുധവുമായെത്തി രാവിലെ ഭീഷണി മുഴക്കുകയും അദ്ദേഹത്തിന്റെ ഡ്രൈവറുമായി വാക്കേറ്റവും കയ്യേറ്റവും നടത്തുകയും ചെയ്തു. ഇതിനിടയിലാണ് അബൂബക്കറിനു മർദനമേറ്റത്. തുടർന്ന് സജി ബൈക്കിൽ തിരികെ പോയി.
പിന്നാലെ കാറുമായി പുറത്തേക്കു പോയ അബൂബക്കറിന്റെ കാറിനു മുന്നിൽ തോഷിബ ജംക്ഷൻ മുതൽ സജി ബൈക്ക് വട്ടം വച്ചു പ്രകോപനമുണ്ടാക്കിയെന്നു പറയുന്നു. തുടർന്ന് ഐടിഐക്കു മുന്നിലാണ് കാർ ബൈക്കിൽ ഇടിച്ചത്.