- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീയപുരത്ത് പമ്പാനദിയിൽ മുങ്ങി മരിച്ചത് സുഹൃത്തിന്റെ വീട്ടിലെത്തിയ അഞ്ചംഗ സംഘത്തിലെ മൂന്ന് പേർ; ആദ്യം മുങ്ങി താണത് വെള്ളത്തിൽ ഇറങ്ങിയ ശ്രീജിത്തും സജാദും: അനീഷ് മരിച്ചത് ഇരുവരേയും രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ
എടത്വ: വീയപുരത്ത് പമ്പാനദിയിൽ മുങ്ങി മരിച്ചത് സുഹൃത്തിന്റെ വീട്ടിലെത്തിയ അഞ്ചംഗ സംഘത്തിലെ മൂന്ന് പേർ. കൊല്ലം പന്മന സ്വദേശികളായ, മുല്ലക്കേരി തറയിൽ പുത്തൻവീട്ടിൽ അലിയാരു കുഞ്ഞ്‌സജീലാ ബീവി ദമ്പതികളുടെ മകൻ അനീഷ് (അപ്പു26), മാവേലി പരിയാരത്ത് പുത്തൻവീട്ടിൽ കമറുദ്ദീൻസബീന ദമ്പതികളുടെ മകൻ സജാദ് (25), മാവേലി കീപ്പള്ളി വടക്കതിൽ രാജേന്ദ്രൻപിള്ള ലീനാകുമാരി ദമ്പതികളുടെ മകൻ ശ്രീജിത്ത് (ലാലു25) എന്നിവരാണ് മരിച്ചത്.
ആദ്യം വെള്ളത്തിൽ മുങ്ങി താണ സജാദിനെയും ശ്രീജിത്തിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അനീഷും അപകടത്തിൽപ്പെട്ടത്. ഇന്നലെ മൂന്നു മണിയോടെയായിരുന്നു മൂന്ന് സുഹൃത്തുക്കളുടേയും മരണത്തിന് ഇടയാക്കിയ അപകടം. അഞ്ചു പേരും ഒന്നിച്ചാണ് വീയപുരം സർക്കാർ തടി ഡിപ്പോയ്ക്കു സമീപത്തെ കുളിക്കടവിൽ എത്തിയത്. ആദ്യം വെള്ളത്തിൽ ഇറങ്ങിയ ശ്രീജിത്തും സജാദും ചെളിയിൽ പുതഞ്ഞുപോവുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താൻ അനീഷ് വെള്ളത്തിലേക്ക് ചാടുകയായിരുന്നു. എന്നാൽ അനീഷും മുങ്ങിത്താഴ്ന്നു.
ഇതുകണ്ട് ഇവരോടൊപ്പമുണ്ടായിരുന്ന പന്മന പാണ്ടിയത്ത് തെക്കേതിൽ ഹാരിസ്, ഇടയ്ക്കാട്ട് സുജിത് എന്നിവർ ബഹളം വച്ചു. ഇതേ തുടർന്ന് നാട്ടുകാർ എത്തി പൊലീസിനെയും അഗ്‌നി രക്ഷാ സേനയെയും ഹരിപ്പാട് എമർജൻസി റെസ്‌ക്യൂ ടീമിനെയും അറിയിച്ചു. ഇവർ എത്തി പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ മൂന്ന് പേരുടെയും മൃതദേഹങ്ങൾ വൈകിട്ട് നാലരയോടെ കണ്ടെടുക്കുകയായിരുന്നു. മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
മരിച്ച അനീഷിന്റെ സഹോദരൻ: നിയാസ് (പന്മന സർവീസ് സഹകരണബാങ്ക്). സജാദിന്റെ ഭാര്യ സൂഫിയ. മകൻ: അഹമ്മദ് ഫൈസാൻ (മൂന്ന് മാസം). ശ്രീജിത്തിന്റെ സഹോദരി ശ്രീലക്ഷ്മി. അടുത്തിടെയാണ് ശ്രീജിത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. പ്രവാസിയായ ശ്രീജിത്ത് അടുത്തമാസം 11നു വിദേശത്തേക്ക് തിരികെ പോകാനിരിക്കുകയായിരുന്നു.