- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
3862 രോഗികളും 19 മരണവുമായി ഇന്നലെ ബ്രിട്ടൻ വിജയത്തിന്റെ റെക്കോർഡ് സ്ഥാപിച്ചു; പകുതിയോളം പേർ കോവിഡ് വാക്സിൻ എടുത്തതോടെ ഇനി മടങ്ങി വരവിന്റെ പദ്ധതികൾ: വിദേശയാത്ര നിരോധനം ഓഗസ്റ്റ് വരെ തുടർന്നേക്കും

കോവിഡ് വാക്സിനേഷൻ പദ്ധതിയിൽ ഒരു പുതിയ നാഴികക്കല്ലിട്ടുകൊണ്ട് ബ്രിട്ടൻ 30 മില്ല്യൺ പൗരന്മാർക്ക് കോവിഡ് വാക്സിൻ നൽകിക്കഴിഞ്ഞു. ഇന്നലെ മാത്രം 4,23,852 പേർക്ക് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചപ്പോൾ മറ്റൊരു 2,33, 964 പേർക്ക് രണ്ടാം ഡോസും ലഭിച്ചു. വാക്സിൻ പദ്ധതിയും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും ബ്രിട്ടന്റെ കോവിഡിനെതിരെയുള്ള സമരത്തിൽ വിജയത്തോട് കൂടുതൽ അടുപ്പിക്കുകയാണ്. ഇന്നലെ 3,862 പേർക്ക് മാത്രമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം മരണനിരക്കും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് 42 ശതമാനത്തിന്റെ കുറവാണ് ഇന്നലെ പ്രതിദിന മരണനിരക്കിൽ ദൃശ്യമായത്.
രോഗവ്യാപനം തടയുന്നതിലും മരണനിരക്ക് കുറയ്ക്കുന്നതിലും വാക്സിൻ കാര്യക്ഷമമാണെന്നാണ് ബ്രിട്ടനിലെ ഫലം തെളിയിക്കുന്നത്. ജൂലായ് അവസാനത്തോടെ ബ്രിട്ടനിലെ പ്രായപൂർത്തിയായ എല്ലാവർക്കും വാക്സിൻ നൽകിപ്പൂർത്തിയാക്കും. അസ്ട്രാസെനെക്കയുടെയും ഫൈസറിന്റെയും വാക്സിനു പുറമെപുതിയ യു എസ് മോഡേണ വാക്സിന്റെ 5 ലക്ഷം ഡോസുകൾ കൂടി എത്തുന്നതോടെ വാക്സിൻ പദ്ധതിയിൽ ഉണ്ടായിരുന്ന അനിശ്ചിതത്വം ഒഴിവാകുമെന്നാണ് പ്രതീകഹിക്കുന്നത്.
ഇന്നുമുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. ആറുപേരിൽ കൂടാത്ത ആൾക്കൂട്ടത്തിന് പൊതുയിടങ്ങളിൽ ഒത്തുചേരാനാകും. അതുപോലെ രണ്ട് വ്യത്യസ്ത കുടുംബങ്ങളിലെ മുഴുവൻ അംഗങ്ങൾക്കും ഒത്തുചേരാനാകും. പബ്ബുകളും ഹൈസ്ട്രീറ്റ് വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തനമാരംഭിക്കുന്നതോടെ, ജീവിതം ഭാഗികമായെങ്കിലും സാധാരണ ഗതിയിലേക്ക് മടങ്ങും. എന്നാൽ ബാർബർ ഷോപ്പുകളും ഹെയർ സലൂണുകളും എല്ലാം തുറന്നു പ്രവർത്തിക്കുവാൻ ഏപ്രിൽ 12 വരെ കാത്തിരിക്കേണ്ടിവരും.
വിദേശയാത്രകൾക്കുള്ള നിരോധനം തുടർന്നേക്കും
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നാലും അത്യാവശ്യ കാര്യങ്ങൾക്കല്ലാതുള്ള വിദേശയാത്രകൾക്കു മേലുള്ള നിരോധനം ഓഗസ്റ്റ് വരെ തുടരും എന്നാണ് അറിയാൻ കഴിയുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ ഇനങ്ങളെ കണ്ടെത്തിയതിനെ തുടർന്നാണിത്. ഇവയിൽ പലതിനും ഭാഗികമായെങ്കിലും വാക്സിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല, സാധാരണ ഇനങ്ങളെക്കാൾ പതിന്മടങ്ങ് വ്യാപനശേഷിയുമുണ്ട്.
അഥവാ, വിദേശയാത്രകൾക്കുള്ള നിരോധനം നീക്കിയാലും, രോഗവ്യാപനം അതിശക്തമായി നിലനിൽക്കുന്ന രാജ്യങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റൈൻ പോലുള്ള നടപടികൾക്ക് വിധേയരാകേണ്ടതായി വന്നേക്കാം. മാത്രമല്ല, യാത്രാനിരോധനം കർശനമാക്കിക്കൊണ്ടുള്ള പുതിയ നിയമം ഇന്നുമുതൽ നിലവിൽ വരികയുമാണ്. ഇതനുസരിച്ച്, അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വിദേശയാത്രയ്ക്ക് മുതിർന്നാൽ 5000 പൗണ്ട് പിഴ ഒടുക്കേണ്ടതായി വരും.

