ന്ത്യ അമേരിക്കയിൽ നിന്നും വാങ്ങിയ അതിസുരക്ഷാ വിമാനമായ ബോയിങ് 777 വിമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ വിദേശയാത്ര നടത്തി. അയൽരാജ്യമായ ബംഗ്ലാദേശിലേക്കായിരുന്നു. മോദിയുടെ കന്നിയാത്ര. കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയ ഈ വിമാനം അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്‌സ് വൺ എന്ന വിമാനത്തോട് കിടപിടിക്കുന്ന സൗകര്യങ്ങളും സുരക്ഷയുമുണ്ട്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ സുരക്ഷിതയാത്രയ്ക്കായി രണ്ടു ബി 777 337 ഇആർ വിമാനങ്ങളാണ് ഇന്ത്യ ബോയിങ്ങിൽ നിന്ന് വാങ്ങിയത്. തുടർന്ന് അമേരിക്കയിൽ നിന്ന് സുരക്ഷാ സംവിധാനങ്ങളും മോദിഫിക്കേഷനുകളും വരുത്തിയാണ് വിവിഐപി യാത്രകൾക്കായി സജ്ജമാക്കിയത്. വ്യോമസേന പൈലറ്റുമാരാണ് ഈ വിമാനം പറത്തുന്നത്. ഈ വിമാനങ്ങൾ പറത്താൻ ആറു പൈലറ്റുമാർക്ക് വ്യോമസേന പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. രണ്ടു ദീർഘദൂര ബോയിങ് 777 വിമാനങ്ങളിലാണ് പ്രതിരോധ സംവിധാനം ഘടിപ്പിക്കുന്നതോടെ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ 'എയർഫോഴ്‌സ് വണ്ണിനു' തുല്യമാകും എയർ ഇന്ത്യ വണ്ണും.

ആഡംബര സൗകര്യങ്ങൾ, പത്രസമ്മേളന മുറി, മെഡിക്കൽ സജ്ജീകരണങ്ങൾ എന്നിവയെല്ലാം പ്രത്യേകമായി ഉൾപ്പെടുത്തിയാണ് ബോയിങ് 777 എയർ ഇന്ത്യ സജ്ജമാക്കുന്നത്. വൈഫൈ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. നിലവിൽ പ്രധാനമന്ത്രിയുടെയും മറ്റും യാത്രകൾക്കായി എയർ ഇന്ത്യയുടെ ബോയിങ് 747 വിമാനമാണ് ഉപയോഗിക്കുന്നത്. ഈ വിമാനത്തിൽ നിന്നു വ്യത്യസ്തമായി ബോയിങ് 777 നു തുടർച്ചയായി യുഎസ് വരെ പറക്കാനാകും. രണ്ട് ജിഇ 90115 എൻജിനുകളാണ് വിമാനത്തിന് കരുത്തേകുന്നത്. ഏകദേശം 8458 കോടി രൂപയാണ് വിമാനത്തിന്റെ വില.