വ്യക്തികളുടേ സ്വകാര്യ ജീവിതത്തിലേക്ക് നുഴഞ്ഞുകയറി വാർത്തകൾ ചിക്കിചികഞ്ഞെടുത്ത് കുടുംബങ്ങളെ വഴിയാധാരമാക്കിയ കഥകൾ നിരവധി നമ്മുടെ മുന്നിൽ തന്നെയുണ്ട്. അപ്പോഴാണ് വ്യാജ ഗർഭഛിദ്ര സർട്ടിഫിക്കറ്റ് കാട്ടി ഭയപ്പെടുത്തിയാണ് ഡയാനാ രാജകുമാരിയെ വിവാദ അഭിമുഖത്തിന് മാർട്ടിൻ ബഷീർ എന്ന മാധ്യമ പ്രവർത്തകൻ പ്രേരിപ്പിച്ചതെന്ന വ്യാജവാർത്ത പുറത്തുവരുന്നത്. വില്യമിനെയും ഹാരിയേയും പരിപാലിക്കാൻ എത്തിയ നാനി, ടിഗ്ഗി ലെഗ്ഗെബൗർക്കിന്റെ ഗർഭഛിദ്ര സർട്ടിഫിക്കറ്റാണ് വ്യാജമായി നിർമ്മിച്ച് ഡയാനയെ കാണിച്ചതെന്ന് കേസ് അന്വേഷിക്കുന്ന റിട്ടയേർഡ് സുപ്രീം കോടറ്റി ജഡ്ജി ലോർഡ് ഡയ്സൺ പറയുന്നു.

നിഷ്‌കളങ്കയായ ഡയാന രാജകുമാരിയെ ഒരു കൂട്ടം നുണക്കഥകളുടെ പിൻബലത്തിലാണ് വിവാദ അഭിമുഖത്തിന് തയ്യാറാക്കിയത് എന്നാണ് 18 സാക്ഷികളെ വിസ്തരിച്ചതിനു ശേഷം എത്തിച്ചേർന്നിരിക്കുന്ന അനുമാനം. തങ്ങൾ മൂന്നുപേരാണ് വിവാഹബന്ധത്തിൽ ഉള്ളതെന്ന വിവാദ പ്രസ്താവന നടത്തിയ 1995-ലെ അഭിമുഖമായിരുന്നു ഡയാന രാജകുമാരിയുടെ ജീവിതത്തിൽ വഴിത്തിരിവായത്.

ചാൾസും ലെഗ്ഗെബൗർക്കും തമ്മിൽ പ്രണയത്തിലാണെന്ന് വിശ്വസിച്ചിരുന്ന ഡയാന, ലെഗ്ഗെബൗർക്കിനെ സ്വന്തമാക്കുവാൻ ചാൾസ് തന്നെ കൊലപ്പെടുത്തുമെന്ന് ഭയന്നിരുന്നു. ബഷീർ എന്ന മാധ്യമ പ്രവർത്തകൻ ഈ ഭയം മുതലെടുക്കുകയായിരുന്നു. ചാൾസിൽ നിന്നും ലെഗ്ഗീൂർക്ക് ഗർഭം ധരിച്ചു എന്നും ആ കുഞ്ഞിനെ ഇല്ലാതെയാക്കിയെന്നുമായിരുന്നു സർട്ടിഫിക്കറ്റ് കാണിച്ചതിലൂടെ ഡയാനയെ അയാൾ ബോദ്ധ്യപ്പെടുത്തിയത്. ഒരു പാർട്ടിക്കിടയിൽ ടിഗ്ഗിയെ സമീപിച്ച ഡയാന ആ കുട്ടിയേ ഓർത്തു ഖേദിക്കുന്നു എന്ന് പറഞ്ഞതായി നേരത്തേ വെളിപ്പെടുത്തലുകളുണ്ടായിരുന്നു.

ഈ അഭിമുഖത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ അന്വേഷിക്കുവാനായി ബി ബി സി നിയോഗിച്ച ലോർഡ് ഡെയ്സൺ കമ്മീഷന്റെ വെളിപ്പെടുത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്. ഗർഭഛിദ്ര സർട്ടിഫിക്കറ്റ് കാണിച്ചു ഡയാനയെ തെറ്റിദ്ധരിപ്പിച്ചു എന്നു മാത്രമല്ല, ഈ അഭിമുഖം നടക്കുന്നതിന് ഓരാഴ്‌ച്ചമുൻപ് ഡയാന ഇതിൽ നിന്നും പിന്മാറാൻ ശ്രമിച്ചപ്പോൾ വീണ്ടും കള്ളക്കഥകളിലൂടെ അവരെ അഭിമുഖത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ബഷീർ ശ്രമിച്ചു എന്നും പറയുന്നു. എലിസബത്ത് രാജ്ഞി ഉടൻ സ്ഥാനമൊഴിയുമെന്നും ചാൾസ് രാജകുമാരൻ രാജാവായി കിരീടധാരണം നടത്തുമെന്നുവരെ അവരോട് പറഞ്ഞിരുന്നുവത്രെ.

ഈ കേസിൽ മുൻ ജഡ്ജിയുടെ അന്തിമ റിപ്പോർട്ട് മെയ്‌-ജൂൺ മാസങ്ങളിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഡയാനയുടെ സഹോദരൻ ഏൽ സ്പെൻസറുടെ വിശ്വാസമാർജ്ജിക്കുവാൻ വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉപയോഗിച്ചുവെന്ന് ബി ബി സിയുടെ ഒരു സീനിയർ കറസ്പോണ്ടന്റ് തുറന്നു സമ്മതിച്ചിരുന്നു. തികഞ്ഞ അന്വേഷണ മികവാണ് മുൻ ജഡ്ജി കാഴ്‌ച്ചവെച്ചതെന്ന് സാക്ഷികളായി വിസ്തരിക്കപ്പെട്ടവർ പറയുന്നു. കൊട്ടാരത്തിലെ ചില മുൻ ജീവനക്കാരോട് മാർട്ടിൻ ബഷീറിനെ കുറിച്ച് അഭിപ്രായവും തേടിയിരുന്നു.

ഇതുവരെ ലഭിച്ച തെളിവുകളെല്ലാം വിരൽ ചൂണ്ടുന്നത്, തെറ്റിദ്ധരിപ്പിച്ചാണ് ഡയാനയെ ഈ വിവാദ അഭിമുഖത്തിലേക്ക് വലിച്ചിഴച്ചെതെന്നാണ്. ഡയാനയുടെ സഹോദരന്റെ വിശ്വാസം നേടിയെടുത്ത ബഷീർ അയാളിലൂടെയാണ് ഡയാനയെ സ്വാധീനിക്കാൻ ശ്രമിച്ചതെന്നും വ്യക്തമായതായി പേരുവെളിപ്പെടുത്താത്ത ചില കേന്ദ്രങ്ങൾ അറിയിച്ചു. ചാൾസും ടിഗ്ഗിയും ഒരുമിച്ച് രഹസ്യമായി വിനോദ യാത്രപോയി എന്നും എഡ്വേഡ് രാജകുമാരൻ ഏയ്ഡ്സിന് ചികിത്സ തേടുകയാണുമെന്നൊക്കെ ബഷീർ ഡയാനയെ ധരിപ്പിച്ചു.

ഇത്തരത്തിൽ ഭയപ്പെടുത്തി മസ്തിഷ്‌കപ്രക്ഷാളനം നടത്തിയാണ് ഡയാനയെ അഭിമുഖത്തിന് പ്രേരിപ്പിച്ചത്. എന്നിരുന്നാലും അഭിമുഖത്തിന് ഓരാഴ്‌ച്ച മുൻപ് അവരുടെ മനസ്സുമാറിയിരുന്നു. അഭിമുഖത്തിനിന്നും ഡയാന പിന്മാറുമെന്ന ഘട്ടം വന്നപ്പോഴാണ് വ്യാജ ഗർഭഛിദ്ര സർട്ടിഫിക്കറ്റ് കാണിച്ചതും ടിഗ്ഗിയെ വിവാഹം കഴിക്കുവാനായി ചാൾസ് ഡയാനയെ വധിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചതും. ഇതായിരുന്നു ഡയാനയെ കൊട്ടാരത്തിനെതിരെ തിരിപ്പിക്കാനുണ്ടായ പ്രധാന കാരണം.