കൊച്ചി: കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. അഴിമതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പേരിൽ കോടതി കുറ്റക്കാരെന്നു കണ്ടതോ സർവീസിൽനിന്നു പിരിച്ചുവിട്ടതോ ആയ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കേരള പൊലീസിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇവരുടെ പേരു വിവരങ്ങൾ ഒരു മാസത്തിനകം പ്രസിദ്ധപ്പെടുത്തണം.

പൊലീസിലെ കുറ്റക്കാരുടെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താം. ഈ വിവരങ്ങൾ മറച്ചുവയ്ക്കുന്നതു ന്യായമല്ലെന്നു കോടതി വ്യക്തമാക്കി. അതേസമയം, അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടാലും കോടതിയുടെ തീരുമാനം വന്നിട്ടില്ലാത്ത ഉദ്യോഗസ്ഥരുടെ കാര്യത്തിൽ പേരു പുറത്തുവിടാനോ പ്രസിദ്ധപ്പെടുത്താനോ ബാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി. വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെതിരെ സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ നൽകിയ ഹർജി തീർപ്പാക്കിയാണു ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്.

ഡൽഹി സ്വദേശി ആർ. രാധാകൃഷ്ണൻ ആവശ്യപ്പെട്ട വിവരങ്ങൾ നിഷേധിച്ചതാണു നടപടികൾക്ക് ആധാരം. അപ്പീൽ പരിഗണിച്ച സംസ്ഥാന കമ്മിഷൻ അഴിമതി, മനുഷ്യാവകാശലംഘന കേസുകളിൽ കോടതി കുറ്റക്കാരെന്നു കണ്ടതോ പിരിച്ചുവിട്ടതോ ആയ ഉദ്യോഗസ്ഥരുടെയും, അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ട ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ നിർദേശിച്ചു. ഇതിൽ കോടതിയുടെ തീർപ്പ് വന്നിട്ടില്ലാത്തവരുടെ വിവരം നൽകേണ്ടെന്ന് ഹൈക്കോടതി ഭേദഗതി വരുത്തി.