- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയെ തകർത്തെറിയുമോ? രാജ്യത്ത് കോവിഡ് വ്യാപനവും മരണ നിരക്കും കുതിച്ചുയരുന്നു; സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതായി കേന്ദ്രസർക്കാർ: വൈറസിന്റെ ഇന്ത്യൻ വകഭേദം ഇല്ലെന്നും കേന്ദ്രം
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ പേടിച്ചു വിറച്ച് ഇന്ത്യ. രാജ്യത്ത് കോവിഡ് വ്യാപനം അതീവ രൂക്ഷമാണെന്ന് കേന്ദ്രസർക്കാർ റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇത്രയും നാൾ ഇന്ത്യ പിടിച്ചു കെട്ടിയിരുന്ന മരണ നിരക്കും ഉയർന്നു വരികയാണ്. ഇതോടെ ഇന്ത്യയിലെ സ്ഥിതിഗതികൾമോശം അവസ്ഥയിൽനിന്ന് വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
കോവിഡ് കേസുകൾ വർദ്ധിച്ചു വരുന്നതിനൊപ്പം മരണ നിരക്കും കുതിച്ചുയരുന്നു എന്നതാണ് ഇന്ത്യയെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുന്നത്. എപ്പോഴൊക്കെ വൈറസ് നിയന്ത്രണവിധേയമാണെന്ന് നിങ്ങൾ ചിന്തിക്കുന്നുവോ അപ്പോഴൊക്കെ അതു വീണ്ടും വ്യാപിക്കാൻ തുടങ്ങുമെന്ന് വാക്‌സീൻ കാര്യനിർവഹണവുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി ചെയർമാൻ വി.കെ. പോൾ അഭിപ്രായപ്പെട്ടു.
'മരണനിരക്ക് കുറവാണെന്ന് നമ്മൾ അഹങ്കരിച്ചിരുന്നു. എന്നാൽ ഇപ്പോൾ 73ൽ നിന്ന് 271 ആയി നിരക്ക് ഉയർന്നിരിക്കുന്നു. വൈറസിനെ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. സമ്പർക്കപ്പട്ടിക കണ്ടെത്തുക, ക്വാറന്റൈൻ, ഐസലേഷൻ എന്നിവയിലൂടെ അല്ലാതെ വൈറസിനെ പിടിച്ചുകെട്ടാനാകില്ല.' അദ്ദേഹം പറഞ്ഞു. ജനങ്ങൾ പഴയതിലും കൂടുതൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ കോവിഡ് ഇന്ത്യയെ വരിഞ്ഞു മുറുകുക തന്നെ ചെയ്യും.
എന്നാൽ വൈറസിന്റെ ഇന്ത്യൻ വകഭേദം എന്നത് പോൾ നിഷേധിച്ചു. ജനിതക മാറ്റം വിരളമാണെന്നും അവ പ്രാധാന്യമർഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറസുകളിലെ വിദേശ ജനിതക വകഭേദവും കുറവാണ്. പത്ത് ദേശീയ ലബോറട്ടറികളിലായി 11,064 സാംപിളുകൾ പരിശോധിച്ചതിൽ 807 യുകെ വൈറസ് വകഭേദവും 47 ദക്ഷിണാഫ്രിക്കൻ വകഭേദവും ഒരു ബ്രസീലിയൻ വകഭേദവുമാണ് കണ്ടെത്തിയത്.
വേണ്ടവിധം പരിശോധന നടത്താത്തതും ഐസലേഷൻ നടപടിക്രമങ്ങൾ പാലിക്കാത്തതും കേസുകൾ കൂടാൻ കാരണമാണെന്ന് പോൾ അഭിപ്രായപ്പെട്ടു. പഞ്ചാബ് ആവശ്യത്തിന് പരിശോധന നടത്തുകയോ രോഗം ബാധിച്ചവരെ കൃത്യമായി ഐസലേഷനിൽ വിടുകയോ ചെയ്യുന്നില്ല. മഹാരാഷ്ട്രയിൽ നിലവിൽ 3.37 ലക്ഷം രോഗികളാണ് ഇപ്പോഴുള്ളത്. ഫെബ്രുവരിയിൽ 32 മരണങ്ങൾ ആയിരുന്നെങ്കിൽ ഇപ്പോൾ അത് 118 ആയി ഉയർന്നു. കർണാടകയിലും പരിശോധനയും ഐസലേഷനും കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ