വാഗമൺ: മാതാവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ അറസറ്റിൽ. കോട്ടമല എസ്റ്റേറ്റ് മൂന്നാം ഡിവിഷനിലെ വിജയകുമാരി(44) കൊല്ലപ്പെട്ട കേസിൽ മകൻ ശരത് കുമാർ (19) ആണ് പൊലീസ് പിടിയിലായത്. വാക്കു തർക്കത്തിനിടെ ഉണ്ടായ പിടിവലിക്കിടെ അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതം എന്നു പറഞ്ഞു ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതോടെ വിവരം പൊലീസിന് കൈമാറുകയും നാല് ദിവസത്തിനു ശേഷം മകൻ പിടിയിലാവുകയും ആയിരുന്നു.

ഇക്കഴിഞ്ഞ 25നാണ് കേസിനാസ്പദമായ സംഭവം. രാത്രി നെഞ്ചുവേദനയെത്തുടർന്ന് വിജയകുമാരി ബോധരഹിതയായി എന്നു പറഞ്ഞാണ് ശരത് കുമാർ സമീപവാസികളെ കൂട്ടി ഉപ്പുതറ ഗവ. ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ വിജയകുമാരി മരിച്ചതായി സ്ഥിരീകരിച്ചു. ചെവിയിൽ നിന്നു നിന്നു രക്തം ഒഴുകുന്നതു കണ്ടതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. 27ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു.

എന്നാൽ വിജയകുമാരിയുടെ മരണത്തിൽ നാട്ടുകാരും സംശയം പ്രകടിപ്പിച്ചു. മകൻ എത്തുംവരെ യാതൊരു ശാരീരിക ബുദ്ധിമുട്ടും വിജയകുമാരിക്ക് ഉണ്ടായിരുന്നില്്‌ല എന്നതാണ് സംശയം ജനിപ്പിച്ചത്. സംഭവം നടന്ന ദിവസം ജോലിക്കു പോയ മകൻ തിരികെ എത്താൻ താമസിച്ചതിനാൽ രാത്രി 8.30 വരെ മറ്റൊരു വീട്ടിൽ ഇരിക്കുകയായിരുന്നു വിജയകുമാരി. മകൻ എത്തിയാണ് ഇവരെ വീട്ടിലേക്കു കൂട്ടി കൊണ്ടു പോയത്. ഈ സമയം ഇവർക്ക് യാതൊരു ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലൈന്നു നാട്ടുകാർ സാക്ഷ്യപ്പെടുത്തി

ഇതിനാൽ മരണത്തിൽ നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു. ശ്വാസംമുട്ടിയാണു മരണമെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചതോടെ പൊലീസ് ശരത് കുമാറിനെ കസ്റ്റഡിയിലെടുത്തു. വാക്കു തർക്കത്തിനും പിടിവലിക്കുമിടെ ഭിത്തിയിൽ ഇടിച്ചു വീണ വിജയകുമാരിയുടെ കഴുത്തിൽ കുത്തിപ്പിടിച്ചതായി ശരത്കുമാർ സമ്മതിച്ചു.

വിജയകുമാരിയുടെ രണ്ടാം ഭർത്താവ് രാമറിലുള്ള മകനാണ് ശരത് കുമാർ. രാമർ വർഷങ്ങൾക്കു മുൻപ് നാടുവിട്ടു പോയിരുന്നു. ആദ്യ ഭർത്താവിൽ വിജയകുമാരിക്കു രണ്ട് മക്കൾ കൂടിയുണ്ട്. ഇവർ മറ്റിടങ്ങളിലാണ് താമസം.