തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങുമ്പോൾ സ്ഥാനാർത്ഥികളുടെ വോട്ട് പിടുത്തവും കൊഴുക്കുകയാണ്. നേട്ടങ്ങൾ എണ്ണി പറഞ്ഞും സർക്കാരിന്റെ കോട്ടങ്ങൾ ചൂണ്ടിക്കാട്ടിയും സ്ഥാനാർത്ഥികൾ വോട്ടു തേടുകയാണ്. പുതിയ പുതിയ പദ്ധതികളും ആവിഷ്‌ക്കരിച്ചും ജനങ്ങളെ തെരഞ്ഞെടുപ്പ് ചൂടിൽ നിറച്ച് നിർത്തുകയാണ് സ്ഥാനാർത്ഥികൾ. എൽഡിഎഫും കോൺഗ്രസും ബിജെപി പ്രവർത്തകരും വോട്ടു തേടി തിരഞ്ഞെടുപ്പ് ഗോദയിൽ സജീവമാണ്. കോന്നി നിയോജക മണ്ഡലത്തിലും ത്രികോണ മത്സരം കൊഴുക്കുകയാണ്.

എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം 200 വനിതാ സ്‌ക്വാഡുകൾ പ്രവർത്തനം ആരംഭിച്ചു. നിയോജക മണ്ഡലത്തിലെ 212 ബൂത്തുകളിലും മഹാ ഗൃഹസമ്പർക്ക പരിപാടി നടന്നു കൊണ്ടിരിക്കുന്നു. ബിജെപി ഡൽഹി സംഘടന സെക്രട്ടറി സിദ്ധാർഥ്, കർണാടക വക്താവ് ഗണേശ് കാർണിക് തുടങ്ങിയവർ പങ്കെടുത്താണ് മഹാ ഗൃഹസമ്പർക്ക പരിപാടി നടത്തുന്നത്. കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത പ്രകടന പത്രികയുമായാണ് പ്രവർത്തകർ വീടുകൾ കയറുന്നത്.

അതേസമയം എൽഡിഎഫ് സ്ഥാനാർത്ഥിയും എംഎൽഎയുമായ കെ. യു. ജനീഷ് കുമാർ നേട്ടങ്ങൾ എണ്ണി പറഞ്ഞാണ്. വോട്ട് തേടുന്നത്. ജനങ്ങൾ ഏൽപ്പിച്ച ദൗത്യം ഉത്തരവാദിത്തത്തോട് കൂടി നിറവേറ്റിയെന്നും എംഎൽഎ എന്ന നിലയിൽ കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ നടപ്പാക്കാൻ കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചു പറയുമ്പോൾത്തന്നെ സംസ്ഥാനത്ത് എൽഡിഎഫിന് തുടർ ഭരണം ഉണ്ടാകേണ്ട ആവശ്യകതയും വ്യക്തമാക്കുന്നു. അമ്മമാരും വനിതകളും കുട്ടികളും ഉൾപ്പെടെ സ്ഥാനാർത്ഥിയെ കാത്തു നിന്നിരുന്നു.

രാവിലെ ഐരവൺ മേഖലയിലെ മുകടിയിൽ നിന്നാണ് കെ. യു. ജനീഷ് കുമാർ സ്വീകരണ പര്യടനം ആരംഭിച്ചത്. യുവാക്കളുടെ വാഹനറാലിയുടെ അകമ്പടിയോടെ നെടുമ്പാറ മെഡിക്കൽ കോളജ് ഭാഗത്തെത്തി. അവിടെ മാതാപിതാക്കൾ നഷ്ടപ്പെട്ട സുജിത്തിന്റെ ജന്മദിനാഘോഷത്തിലും പങ്കെടുത്തു. തുടർന്ന് പ്രദേശവാസികളോട് വോട്ടഭ്യർഥിച്ച ശേഷമാണ് കോന്നി മേഖലയിലേക്കു കടന്നത്.

യുഡിഎഫ് സ്ഥാനാർത്ഥി റോബിൻ പീറ്ററിനും മണ്ഡലത്തിൽ വൻ സ്വീകരണമാണ് ലഭിക്കുന്നത്. മണ്ഡലത്തിലെ ഓരോ സ്ഥലങ്ങളിലും ഓടി നടന്ന് വോട്ട് തേടുകയാണ് റോബിൻയ കിലോമീറ്ററുകൾ താണ്ടി രാവിലെ തൂമ്പാക്കുളത്ത് എത്തണം. അവിടെ വട്ടമൺ ജംക്ഷനിൽ നിന്നാണ് തുടക്കം. വഴിമധ്യേ അപകടം നടന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അവിടെയും സഹായഹസ്തവുമായി സ്ഥാനാർത്ഥി എത്തി. പ്രമാടത്തു നിന്ന് തണ്ണിത്തോട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് മരങ്ങാടിനു സമീപം രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം നടന്നത്. റോഡിൽ തെറിച്ചു വീണു കിടക്കുന്നവരെ കണ്ട ഉടൻ തന്നെ സ്ഥാനാർത്ഥി അവിടെയിറങ്ങി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

ആംബുലൻസ് വരുത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് അയച്ചശേഷമാണ് റോബിൻ തണ്ണിത്തോട്ടിലേക്കുള്ള യാത്ര തുടർന്നത്. അപകടം നടന്ന സ്ഥലത്ത് സമയം ചെലവഴിക്കേണ്ടി വന്നതിനാൽ അൽപം താമസിച്ചാണ് തൂമ്പാക്കുളത്ത് എത്തിയത്. കരിമാൻതോട്, തേക്കുതോട് തുടങ്ങിയ കവലകളിൽ സ്ഥാനാർത്ഥി കടകളിലും വോട്ടഭ്യർഥിച്ചു. ആവേശോജ്വല സ്വീകരണമാണ് വിവിധ കേന്ദ്രങ്ങളിൽ ലഭിച്ചത്. ബാൻഡ് മേളത്തിന്റെയും മാലപ്പടക്കത്തിന്റെയും അകമ്പടിയുണ്ടായിരുന്നു. യുവാക്കളുടെ ഇരുചക്രവാഹന റാലിയും അനൗൺസ്‌മെന്റുകളും സ്വീകരണം കൊഴുപ്പിച്ചു.