- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്നു ദിവസം മുൻപേ വിവാഹം നടത്തിയെന്ന മേഗന്റെ അവകാശവാദം തള്ളി കാന്റർബറി ആർച്ച് ബിഷപ്പ്; ബ്രിട്ടണിൽ ഹാരിയും മേഗനും ഉണ്ടാക്കിയ തലവേദന തുടരുന്നു
ഓപ്ര വിൻഫ്രി ഉയർത്തിവിട്ട കൊടുങ്കാറ്റിന്റെ അലയടികൾ ഇനിയും അവസാനിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടി വന്നിരിക്കുന്നത് കാന്റർബറി ആർച്ച് ബിഷപ്പിനാണ്. ഹാരിയും മേഗനും മാത്രമുള്ളപ്പോൾ സംഭവിച്ചതെന്താണ് ? യഥാർത്ഥ വിവാഹത്തിന് മൂന്നു ദിവസം മുൻപേ അവരുടെ വിവാഹം നടത്തിയോ തുടങ്ങി ചോദ്യങ്ങളുടെ ഒരു പ്രവാഹം തന്നെയായിരുന്നു ആർച്ച് ബിഷപ്പിന് നേരിടേണ്ടി വന്നത്. ഒരു പുരോഹിതനോട് ഒരു വിശ്വാസി സംസാരിച്ച കാര്യം ഒരിക്കലും പുറത്ത് പറയാൻ പറ്റില്ലെന്ന് പറഞ്ഞ് ആദ്യം ബിഷപ്പ് ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു.
ചോദ്യശരങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ, താൻ രഹസ്യമായി അവരുടെ വിവാഹം നടത്തിയിട്ടില്ലെന്ന് ബിഷപ്പ് തുറന്നു പറഞ്ഞു. ശനിയാഴ്‌ച്ചയായിരുന്നു വിവാഹം നടന്നത്. ആ വിവാഹത്തിലാണ് താൻ സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടു നൽകിയതെന്നും അത് ഒരു വ്യാജവിവാഹമാണെന്നറിഞ്ഞ് താൻ ഒപ്പിട്ടുവെങ്കിൽ അത് ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം തുടർന്നുപറഞ്ഞു. അതേസമയം, ഹാരിയുമായും മേഗനുമായും പ്രാർത്ഥനാ കാര്യങ്ങൾക്കായും അല്ലാതെയും താൻ നിരവധി തവണ കൂടിക്കാഴ്‌ച്ചകൾ നടത്തിയിട്ടുണ്ട് എന്നുപറഞ്ഞ അദ്ദേഹം പക്ഷെ അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല.
ഒരു ഇറ്റാലിയൻ പത്രവുമായുള്ള അഭിമുഖത്തിലായിരുന്നു ആർച്ച് ബിഷപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓപ്ര വിൻഫ്രിയുമായുള്ള വിവാദ അഭിമുഖത്തിലായിരുന്നു രഹസ്യ വിവാഹത്തിന്റെ കാര്യം മേഗൻ വെളിപ്പെടുത്തിയത്. തങ്ങൾ ഒന്നാകുന്ന നിമിഷം തീർത്തും സ്വകാര്യമായിരിക്കണമെന്ന നിർബന്ധമായിരുന്നു അത്തരം ഒരു പ്രവർത്തിക്ക് കാരണമായതെന്നും മേഗൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ബ്രിട്ടനിലെ നിയമപ്രകാരം വിവാഹം നടക്കുമ്പോൾ ചുരുങ്ങിയത് രണ്ടു സാക്ഷികൾ എങ്കിലും വേണമെന്നതിനാൽ അന്നേ ഈ പ്രസ്താവനയെ സംശയത്തോടെയാണ് ആളുകൾ വീക്ഷിച്ചിരുന്നത്.
പിന്നീട് ഈ പ്രസ്താവന തിരുത്തി മേഗന്റെ വക്താവ് രംഗത്തെത്തിയിരുന്നു. അന്ന് നടന്നത് വിവാഹമായിരുന്നില്ലെന്നും, ഒരുമിച്ചു ജീവിക്കാം എന്ന പ്രതിജ്ഞ പരസ്പരം കൈമാറുക മാത്രമാണ് ഉണ്ടായതെന്നുമായിരുന്നു വക്താവ് വിശദീകരിച്ചത്. മാത്രമല്ല, ബിഷപ്പ് ഇത്തരത്തിൽ സ്വകാര്യമായി വിവാഹങ്ങൾ നടത്താറില്ലെന്ന് സഭ വക്താവ് നേരത്തേ വ്യക്തമാക്കുകയും ചെയ്തു. ബിഷപ്പിനെ സന്ദർശിക്കാൻ എത്തിയ ഹാരിയും മേഗനുമായി ബിഷപ്പ് വിവാഹക്കാര്യങ്ങൾ സംസാരിക്കുക മാത്രമാണ് ഉണ്ടായതെന്നും അവർ പറഞ്ഞു. ഈ നേരമെല്ലാം തികഞ്ഞ മൗനത്തിലായിരുന്ന ബിഷപ്പ് ഇന്നലെ ഇറ്റാലിയൻ പത്രവുമായുള്ള അഭിമുഖത്തിലായിരുന്നു മൗനം ഭഞ്ജിച്ചത്.
കോവിഡ് പ്രതിസന്ധി, ദേശീയത, നോർത്തേൺ അയർലൻഡ്, പ്രവാചകന്റെ കാർട്ടൂൺ, വംശീയത, അഭയാർത്ഥി പ്രശ്നം തുടങ്ങിയ നിരവധികാര്യങ്ങളെ കുറിച്ച് ബിഷപ്പ് അഭിമുഖത്തിൽ വാചാലനായെങ്കിലും, ഓപ്രാ വിൻഫ്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യത്തിലും പ്രതികരിച്ചില്ല.