ആസ്ട്രാസെനിക്കയുടെ കോവിഡ് വാക്‌സിൻ എടുത്ത 41കാരിയുടെ ശരീരമാസകലം ചുവന്ന പാടുകളും വ്രണവും. ഇവരുടെ മുഖവും നെഞ്ചും പുറം ഭാഗവും കാലുകളുമെല്ലാം ചുവന്ന പാടുകൾ വീണ് കടുത്ത വേദനയുള്ള അവസ്ഥയിലാണ്. സ്‌കോട്ട്‌ലന്റുകാരിയായ ലേയ് കിങ് ആണ് വാക്‌സിൻ എടുത്ത് ഗുരുതരാവസ്ഥയിലായത്. രണ്ടാഴ്ചയ്ക്ക് മുന്നേയാണ് ഇവർ ആസ്ട്രാസെനിക്ക വാക്‌സിന്റെ ആദ്യ ഡോസ് എടുത്തത്. ഇപ്പോഴും ഇതിന്റെ പാർശ്വഫലങ്ങൾ ഈ സ്ത്രീയെ വിടാതെ പിടിമുറുക്കി ഇരിക്കുകയാണ്.

ദേഹമാസകലം വ്രണവും കടുത്ത ചൂടുമാണ് അനുഭവപ്പെടുന്നത്. ഇതിനു മുമ്പ് ഒരിക്കലും ഇത്രയധികം വേദന താൻ അനുഭവിച്ചിട്ടില്ലെന്നും ഈ സ്ത്രീ പറയുന്നു. ചുട്ടു പൊള്ളുന്ന വ്രണങ്ങളിൽ നിന്നുള്ള വേദന കാരണം തന്റെ ഓട്ടിസം ബാധിതനാായ കുട്ടിയെ നോക്കാൻ പോലും ആവുന്നില്ലെന്നും ഈ സ്ത്രീ പറയുന്നു. മൂന്ന് തവണ താൻ ആശുപത്രിയിൽ പോയെന്നും എന്നാൽ മൂന്ന് തവണയും ഡോക്ടർമാർ തന്നെ കൈവിടുക ആയിരുന്നെന്നും ലേയ് വ്യക്തമാക്കി.

ആസ്ട്രാ സെനിക്കയുടെ വാക്‌സിൻ എടുക്കുന്ന 100ൽ ഒരാൾക്ക് പാർശ്വഫലം ഉണ്ടാകാറുണ്ട്. ഇതാണ് ലേയ് കിങിനെയും ബാധിച്ചത്. വാക്‌സിന്റെ അലർജിയാണോ അതോ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ റിയാക്ഷനാണോ ഇവരുടെ ശരീരത്തെ ബാധിച്ചതെന്ന് വ്യക്തമല്ല.

ഫൈസർ വാക്‌സിൻ എടുത്ത ചിലരും തങ്ങൾക്ക് മരുന്നിന്റെ റിയാക്ഷൻ ഉണ്ടായതായി വെളിപ്പെടുത്തി. യുകെയിൽ വിതരണം ചെയ്ത 34 മില്ല്യൺ ഡോസ് മരുന്നിൽ ഭൂരിഭാഗവും ആസ്ട്രാസെനിക്കയുടെതാണ്.