ലോകത്തിൽ ഏറ്റവും ഉയർന്ന ശമ്പളം പറ്റുന്നത് ചൂതാട്ട റാണിയായ ഡെനീസ് കോട്ട്സ്. സുപ്രസിദ്ധ ചൂതാട്ട കമ്പനിയായ ബെറ്റ്365 ന്റെ ഉടമയാണ് ഇവർ.സ്വന്തം ശമ്പളം 45 ശതമാനം വർദ്ധിപ്പിച്ച് 469 മില്ല്യൺ ആക്കിയതോടെയാണ് ഇവർ ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന വ്യക്തിയായത്. 2016-ൽ ശമ്പളവർദ്ധനവ് നടപ്പാക്കിയതിൽ പിന്നെ ഈ 53 കാരിക്ക് ലഭിച്ച മൊത്തം വരുമാനം 1.3 ബില്ല്യൺ പൗണ്ടാണ്. 2019 ഏപ്രിലിനും 2020 മാർച്ചിനും ഇടയിലെ അവരുടെ വരുമാനം പ്രതിദിനം 1.3 മില്ല്യൺ പൗണ്ടായിരുന്നു. അല്ലെങ്കിൽ മണിക്കൂറിൽ 54,000 പൗണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ശമ്പളത്തിന്റെ 2,360 ഇരട്ടിയാണ് ഇവരുടെ ശമ്പളം.

ബ്രിട്ടനിലെ റെജിസ്റ്റർ ചെയ്ത ഏറ്റവും വലിയ 100 കമ്പനികളുടെ സി ഇ ഒ മാരുടെ ശമ്പളം കൂട്ടിച്ചേർത്താൽ പോലും ഇവരുടെ ശമ്പളത്തിന്റെ അത്രയും വരില്ല. മൊത്തത്തിൽ, സീനിയർ മാനേജർമാർക്കെല്ലാം കൂടി 607 മില്ല്യൺ പൗണ്ടാണ് ബെറ്റ് 365 നൽകിയത്. ഒരു ചൂതാട്ടക്കമ്പനി എന്ന നിലയിൽ, ചൂതാട്ടം നിരുത്സാഹപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഒരു നിശ്ചിത തുക കമ്പനി നൽകേണ്ടതായി ഉണ്ട്. വോളന്ററി ലെവി എന്നറിയപ്പെടുന്ന ഇതിനായി ചെലവഴിക്കുന്ന തുകയുടെ 699 മടങ്ങുവരും സീനിയർ മാനേജർമാരുടെ ശമ്പളം.

421 മില്ല്യൺ പൗണ്ട് ശമ്പളത്തോടൊപ്പം കമ്പനിയിലെ 50 ഓഹരികള്ക്കുള്ള ലാഭ വിഹിതമായി 48 മില്ല്യൺ പൗണ്ടുമാണ് ഇവർക്ക് ലഭിക്കുക. മൊത്തം 6.8 ബില്ല്യൺ ആസ്തിയുള്ള കോട്ട്സ് ഇന്ന് ബ്രിട്ടനിലെ അഞ്ചാമത്തെധനികയായ വനിതയാണ്. കോവിഡ് ബാധയെ പിന്തുടർന്നെത്തിയ സാമ്പത്തിക പ്രതിസന്ധി, ബ്രിട്ടനിലെ ചൂതാട്ടമേഖലയെ പ്രതികൂലമായി ബാധിച്ചു എന്ന വിവരങ്ങൾ പുറത്തുവരുന്നതിനിടയിലാണ് ഈ വാർത്തയും പുറത്തുവരുന്നത്.

ഒരാൾ സ്വയം ഇത്രയും വലിയൊരു തുക ശമ്പളമായി നിശ്ചയിക്കുന്നത് വിലകുറഞ്ഞ ഏർപ്പാടാണ് എന്നായിരുന്നു മുൻ ടോറി നേതാവ് സർ ഇയാൻ ഡൺകൻ സ്മിത്ത് പറഞ്ഞത്. മറ്റുള്ളവർക്ക് ധന നഷ്ടം സംഭവിക്കുകയും ജീവിതം തകരുകയും ചെയ്യുമ്പോഴാണ് ഈ കമ്പനിക്ക് ലാഭം വർദ്ധിക്കുക എന്നു പറഞ്ഞ അദ്ദേഹം ഇത്തരത്തിൽ കണ്ണുനീരിലായവരുടെ മുൻപിൽ മേനി നടിക്കുകയാണ് സ്വയം ശമ്പളം വർദ്ധിപ്പിക്കുക വഴി എന്നും പറഞ്ഞു.

കൗമാരക്കാരി ആയിരിക്കുമ്പോഴേ പിതാവിനൊപ്പം ചൂതാട്ടം നടത്തിപ്പിൽ പങ്കുചേർന്ന കോട്ട്സ് പിന്നീട് ഈ രംഗത്തെ ഓൺലൈൻ സാധ്യതകൾ മനസ്സിലാക്കിയായിരുന്നു ബെറ്റ് 365 എന്ന വെബ്സൈറ്റ് ആരംഭിച്ചത്. സ്വന്തം കുടുംബത്തിൽ നിന്നും ദത്തെടുത്ത നാല് പെൺകുട്ടികൾ ഉൾപ്പടെ അഞ്ചു കുട്ടികളുടെ മാതാവായ ഇവർ 2001 ലാണ് ഈ വെബ്സൈറ്റ് ആരംഭിക്കുന്നത്. 2010 ഓടെയാണ് കമ്പനി അഭൂതപൂർവ്വമായ വളർച്ച കൈവരിച്ചത്. ഇപ്പോൾ ഏകദേശം 5,100 പേർ ജോലിചെയ്യുന്ന വലിയൊരു കോർപ്പറേറ്റ് സ്ഥാപനമായി മാറിയിരിക്കുകയാണ് ഇത്.

സ്റ്റോക്ക് സിറ്റിഫുട്ബോൾ ക്ലബ്ബിന്റെ ഉടമകളായ കോട്ട്സ് കുടുംബം തന്നെയാണ് ബ്രിട്ടനിലെ ഏറ്റവും വലിയ നികുതി ദാതാക്കൾ 2019-20 ൽ 615 മില്ല്യൺ പൗണ്ടാണ് ഇവർ നികുതിയിനത്തിൽ സർക്കാരിന് നൽകിയത്. കോട്ട്സിന്റെ വ്യക്തിഗത വരുമാനത്തിനു മുകളിൽ നൽകിയ 220 മില്ല്യൺ പൗണ്ടിന്റെ വരുമാന നികുതിക്ക് പുറമേയാണിത്.