ബ്രെക്സിറ്റിനു ശേഷം താമസിക്കുവാനുള്ള റെസിഡൻസി പെർമിറ്റ് ഉണ്ടായിട്ടുകൂടി, മാഞ്ചസ്റ്ററിൽ നിന്നും എത്തിയ നിരവധി ബ്രിട്ടീഷുകാരെ അതേ വിമാനത്തിൽ തിരിച്ചയച്ചിരിക്കുകയാണ് സ്പാനിഷ് ബോർഡർ പൊലീസ്. അലികാന്റെയിൽ എത്തിയ നാല്പതോളം ബ്രിട്ടീഷുകാരെയാണ് ഇത്തരത്തിൽ തിരിച്ചയച്ചത്. ഇവരെ കഴിഞ്ഞ തിങ്കളാഴ്‌ച്ച തന്നെ തിരിച്ചയച്ചുവെങ്കിലും ഇവരുടെ ലഗേജുകൾ വെള്ളിയാഴ്‌ച്ച വരെ സ്പെയിനിൽ തന്നെ തുടർന്നു.

ബ്രെക്സിറ്റിനു ശേഷം സ്പെയിനിൽ തങ്ങാൻ ആവശ്യമായ പുതിയ റെസിഡൻസി പെർമിറ്റോ ടി ഐ ഇ കാർഡോ വാങ്ങാൻ ആവശ്യപ്പെട്ടുകൊണ്ട് അലികാന്റയിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവർക്ക് കത്തുകളയച്ചിട്ടുണ്ട്. വിദേശയാത്രകൾക്ക് വിലക്കുണ്ടെങ്കിലും, വിദേശരാജ്യങ്ങളിൽ റെസിഡൻസ് പെർമിറ്റുള്ളവർക്ക് അത് ബാധകമല്ലാത്തതിനാലാണ് ഇവർക്ക് ബ്രിട്ടൻ വിടാൻ കഴിഞ്ഞത്. റെസിഡൻസി തെളിയിക്കുന്ന പേപ്പർ വർക്കുകൾ തന്നെ സ്പെയിനിൽ പ്രവേശിക്കുവാൻ മതിയാകും എന്നാണ് ബ്രിട്ടൻ പറയുന്നത്. അതേസമയം, യാത്രക്കാർ പറയുന്നത് ആയുധധാരികളായ പൊലീസുകാർക്കൊപ്പം എത്തിയ അതിർത്തി കാവൽ സേനാംഗങ്ങൾ തങ്ങളെ തടഞ്ഞു എന്നാണ്.

ആശുപത്രിയിൽ ഏകനായി ചികിത്സതേടുന്ന പിതാവിനെ സന്ദർശിക്കാനെത്തിയ ഒരു വനിത ഉൾപ്പടെയുള്ള യാത്രക്കാർ, ടി ഐ ഇ കാർഡില്ലാതെ പ്രവേശനം അനുവദിക്കില്ലെന്ന നിലപാട് കേട്ട് ഞെട്ടി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്പെയിനിലേക്ക് പ്രവേശനം നിഷേധിച്ച ഇവരെ ഇവർ വന്ന വിമാനത്തിൽ തന്നെ കയറ്റി വിടുകയായിരുന്നു. അലികാന്റയിൽ നിന്നുള്ള യാത്രക്കാർ കൂടി ആ വിമാനത്തിൽ ഉണ്ടായിരുന്നതിനാൽ അത് മറ്റു ചില ആശയക്കുഴപ്പങ്ങൾക്കും വഴിതെളിച്ചു. മാത്രമല്ല, സ്ഥലപരിമിതി മൂലം ഇവരുടെ ലഗേജുകൾ വെള്ളിയാഴ്‌ച്ച വരെ തിരികെ എത്തിക്കാനാകില്ല എന്ന അറിയിപ്പും ലഭിച്ചു.

ബ്രെക്സിറ്റിനു ശേഷം ബ്രിട്ടീഷ് പൗരന്മാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ താമസിക്കുന്നതിനായി ആവിഷ്‌കരിച്ച പുതിയ രീതിയാണ് ടി ഐ ഇ കാർഡുകൾ. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ റെസിഡൻസി പെർമിറ്റ് ഉണ്ടെന്ന് തെളിയിക്കാൻ സാധിക്കുന്നവർക്ക് മാത്രമേ സ്പെയിനിലേക്ക് പ്രവേശനം ഉള്ളു. ടി ഐ ഇ കാർഡിനുള്ള അപേക്ഷ ലഭിച്ചതിന്റെ രസീതിയോ അല്ലെങ്കിൽ അപ്ലിക്കേഷൻ അനുവധിച്ചുകൊണ്ടുള്ള അറിയിപ്പോ റെസിഡൻസി തെളിവായി സ്വീകരിക്കാമെന്നാണ് ബ്രിട്ടൻ വാദിക്കുന്നത്.

അതേസമയം, യാത്രക്കാരുടെ പാസ്സ്പോർട്ടും കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റുകളും സ്പെയിനിൽ പ്രവേശിക്കുവാൻ മതിയായ രേഖകളാണെന്ന് റിയനെയർ യാത്രക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. ഈ ആഴ്‌ച്ചയോടെ അതിർത്തിയിലെ നിയന്ത്രണങ്ങളിൽ അയവു വരുത്തുകയാണ് സ്പെയിൻ. എന്നാൽ, ബ്രിട്ടനിൽ നിലനിൽക്കുന്ന വിദേശ യാത്രാ നിരോധനം കാരണം കാര്യമായ വിനോദ സഞ്ചാരികളെ ഈ വർഷം പ്രതീക്ഷിക്കാനാവില്ല.