പൗരത്വ നിയമത്തെ കടന്നാക്രമിച്ചു ന്യൂനപക്ഷ ഹൃദയം കീഴടക്കി രാഹുൽ ഗാന്ധി മലബാറുകാരുടെ കണ്ണിലുണ്ണിയായി. മലപ്പുറത്ത് എത്തി റോഡ് ഷോ നടത്തിയ രാഹുൽ ഗാന്ധി പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചു. വൻ കയ്യടിയോടെയാണ് രാഹുൽ ഗാന്ധിയുടെ ഈ വാക്കുകളെ മലപ്പുറത്തുകാർ വരവേറ്റത്. അരീക്കോട് എടവണ്ണപ്പാറയിൽ നടത്തിയ റോഡ് ഷോയിലാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമത്തെ കടന്നാക്രമിച്ചത്.

പൗരത്വ നിയമത്തെ കുറിച്ചോർത്ത് കേരളം ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ല. നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായി ചെറുക്കുമെന്നും അസമിലെ തിരഞ്ഞെടുപ്പ് റാലിയിലും ഇതേ കാര്യം താൻ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു രാഹുലിന്റെ വാക്കുകൾ. കേരളത്തിലെ സർക്കാർ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയുമാണ് സമ്മാനിച്ചതെങ്കിൽ വിദ്വേഷം പ്രചരിപ്പിക്കുന്നതിലാണ് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ. രണ്ടിനെയും ഒരുമിച്ച് നേരിടണം രാഹുൽ പറഞ്ഞു.

ദാരിദ്ര്യവും തൊഴിലില്ലായ്മയും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും ഒരുമിച്ച് മറികടക്കാനുള്ള ആശയമാണ് യുഡിഎഫിന്റെ ന്യായ് പദ്ധതി. യുഡിഎഫ് അധികാരത്തിൽ വരുന്നതോടെ വർഷം 72,000 രൂപ ബാങ്ക് അക്കൗണ്ടിൽ ഇല്ലാത്തവരായി ആരുമുണ്ടാകില്ല. എല്ലാ പാവപ്പെട്ടവരുടെയും ബാങ്ക് അക്കൗണ്ടിൽ പ്രതിമാസം 6,000 രൂപ അതു ന്യായ് പദ്ധതി ഉറപ്പാക്കും. വിശ്വാസത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കാൻ നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്തിയേ തീരു. കേരളത്തിലെ അക്രമരാഷ്ട്രീയത്തെയും എതിർത്തു തോൽപ്പിക്കണമെന്നും രാഹുൽ പ്രസംഗിച്ചു.

സ്വന്തം മണ്ഡലമായ വയനാടിന്റെ മുക്കും മൂലയും താണ്ടിയ ശേഷമായിരുന്നു രാഹുൽ ഗാന്ധി മലപ്പുറത്ത് എത്തിയത്. വയനാടിന്റെ സർവ്വ കോണുകളും അരിച്ചു പെറുക്കിയ രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ആവേശത്തിരയിളക്കി റോഡ് ഷോകളും സമ്മേളനങ്ങളും നടത്തി. രാഹുലിനെ കാണാൻ വൻ ജനാവലിയായിരുന്നു ഓരോ സ്ഥലങ്ങളിലും തടിച്ചു കൂടിയത്. പൊരിവെയിലിനെ കൂസാതെ അണിചേർന്ന ജനാവലി 'രാഹുൽജി കീ ജയ്' വിളികൾ കൊണ്ട് അഭിവാദ്യം ചൊരിഞ്ഞു. വയനാടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയായിരുന്നു രാഹുലിന്റെ പ്രസംഗം.

മാനന്തവാടിയിലും ബത്തേരിയിലുമായിരുന്നു വയനാട്ടിലെ റോഡ് ഷോ. സ്ഥാനാർത്ഥികളായ പി.കെ.ജയലക്ഷ്മിയും ഐ.സി.ബാലകൃഷ്ണനും രാഹുലിനൊപ്പമുണ്ടായിരുന്നു.
രണ്ടിടത്തും വാഹനത്തിൽനിന്നുതന്നെ ചെറുപ്രസംഗം. ജനമനസ്സ് അറിഞ്ഞു നടത്തിയ പ്രസംഗത്തിൽ വയനാടിന്റെ നീറുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന വാഗ്ദാനം നൽകി. ആവേശമുയർത്തിയ കയ്യടികളായിരുന്നു ഇതിന് മറുപടി. രാഹുലിന് ജയ് വിളിച്ചും ആളുകൾ സ്‌നേഹം അറിയിച്ചു.

കൽപറ്റയിലെ സ്ഥാനാർത്ഥി ടി.സിദ്ദിഖിന്റെ പ്രചാരണാർഥം പൊതുസമ്മേളനമായിരുന്നു. ബഫർ സോൺ പ്രശ്‌നം, മെഡിക്കൽ കോളജ് യാഥാർഥ്യമാക്കൽ, വയനാടൻ അരിയുടെ ആഗോള ബ്രാൻഡിങ് തുടങ്ങി മണ്ഡലത്തിന്റെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രസംഗം. വയനാടിനു പുറമേ കോഴിക്കോടും മലപ്പുറത്തും രാഹുൽഗാന്ധി എത്തി. ഇവിടെയും റോഡ് ാേകൾ നടത്തിയും പ്രസംഗിച്ചു രാഹുൽ കയ്യടികൾ നേടി. മലയോര മേഖലയെ ആശങ്കയിലാക്കിയ ബഫർ സോൺ നിർദ്ദേശം നൽകിയത് സംസ്ഥാന സർക്കാരാണെന്നാണ് ലോക്‌സഭയിലെ ചോദ്യത്തിനു ലഭിച്ച മറുപടിയെന്നും രാഹുൽ പറഞ്ഞു. സങ്കീർണമാണ് ബഫർ സോൺ അടക്കമുള്ള പ്രശ്‌നങ്ങൾ. യുഡിഎഫ് സർക്കാർ അതിനു പ്രത്യേക പാക്കേജ് കൊണ്ടുവരും. മോദിയും ആർഎസ്എസ്സുമടങ്ങുന്ന ഫാഷിസ്റ്റ് ശക്തികൾക്കെതിരെ പോരാടേണ്ടതുണ്ട്.

കോഴിക്കോട് ജില്ലയിലുൾപ്പെട്ട തിരുവമ്പാടി മണ്ഡലത്തിലെ സ്ഥാനാർത്ഥി സി.പി.ചെറിയമുഹമ്മദിന് വിജയം അഭ്യർത്ഥിച്ച് കൂടരഞ്ഞിയിൽ നടന്ന റോഡ്‌ഷോയിലും മണ്ഡലത്തിലെ പ്രശ്‌നങ്ങൾക്കായിരുന്നു ഊന്നൽ. കൽപറ്റ വരെ കാറിലായിരുന്നു യാത്ര. അവിടെനിന്ന് കൂടരഞ്ഞിയിലേക്കു ഹെലികോപ്റ്ററിൽ. ഒപ്പം എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാലും താരിഖ് അൻവറും.

ഏറനാട് മണ്ഡലത്തിലെ അരീക്കോട്ടായിരുന്നു മലപ്പുറം ജില്ലയിലെ ആദ്യ പരിപാടി. ഹെലികോപ്റ്ററിൽ ഇറങ്ങിയ രാഹുലിനെ സ്വീകരിക്കാൻ തെരട്ടമ്മൽ മൈതാനത്തെത്തിയത് ആയിരങ്ങൾ. തുടർന്ന് സ്ഥാനാർത്ഥി പി.കെ.ബഷീറിനൊപ്പം അരീക്കോട് എടവണ്ണപ്പാറ റോഡ് ജംക്ഷൻ വരെ റോഡ് ഷോ. പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഇവിടെയാണു പ്രഖ്യാപിച്ചത്. തുടർന്ന് വണ്ടൂർ മണ്ഡലത്തിലെ തുവ്വൂരിലേക്ക്. അവിടെ സ്ഥാനാർത്ഥി എ.പി.അനിൽകുമാറിന്റെ പ്രചാരണാർഥം പൊതുസമ്മേളനം.

തുടർന്ന് കാറിൽ നിലമ്പൂരിലെത്തിയ രാഹുൽ സ്ഥാനാർത്ഥി വി.വി.പ്രകാശിനൊപ്പം ചന്തക്കുന്നിൽനിന്ന് നിലമ്പൂർ ടൗണിലേക്കു റോഡ് ഷോ നടത്തി. പരിപാടി അവസാനിക്കുമ്പോൾ രാത്രി ഒൻപതിനോടടുത്തിരുന്നു. രാവിലെ പത്തരയ്ക്ക് മാനന്തവാടിയിൽ തുടക്കമിട്ട ജനസമ്പർക്കത്തിന്റെ ദിനസമാപ്തി. തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തി ഡൽഹിയിലേക്ക്.