പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക് പോസ്റ്റുകളിൽ വ്യാജപ്രൊഫൈലുകളുടെ വിളയാട്ടം. വിയറ്റ്‌നാമിൽ നിന്നുള്ള വ്യാജ പ്രൊഫൈലുകളാണ് പോസ്റ്റുകൾക്ക് ലൈക്കുകളുമായി നിറഞ്ഞു നിൽ്ക്കുന്നത്. വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ലൈക്ക് പെരുപ്പിച്ചു കാട്ടുകയാണെന്ന പരിഹാസവുമായി ഇടതുപക്ഷ പ്രവർത്തകർ രംഗത്തെത്തി. എന്നാൽ, ഇതിന് പിന്നിൽ ഇടതുപക്ഷമാണെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ മറുവാദം.

ഇരട്ട വോട്ട് വിവാദം പുറത്തുകൊണ്ടുവന്ന ചെന്നിത്തലയെ അപകീർത്തിപ്പെടുത്താൻ എൽഡിഎഫ് ആണ് ഈ കളി കളിച്ചതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ആയിരക്കണക്കിന് ബോട്ട് (സോഫ്റ്റ്‌വെയർ റോബട്) അക്കൗണ്ടുകളാണ് ചെന്നിത്തലയുടെ പോസ്റ്റുകൾ ലൈക്ക് ചെയ്യുന്നത്. യഥാർഥ സമൂഹമാധ്യമ അക്കൗണ്ടുകൾക്കു പകരം സോഫ്റ്റ്‌വെയർ സഹായത്തോടെ സൃഷ്ടിച്ച് പരിപാലിച്ചുപോരുന്ന ആയിരക്കണക്കിന് അക്കൗണ്ടുകളെയാണ് ബോട്ട് ആർമിയെന്നു വിളിക്കുന്നത്.